ഇസ്ലാമബാദ്: കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതില്‍ പാക്കിസ്ഥാന്റെ ഭാഗത്തു നിന്നും അലംഭാവമാണെന്ന് മുന്‍ ക്രിക്കറ്റ് താരം ഷോയിബ് അക്തര്‍. ജനങ്ങളോട് വീട്ടില്‍ ഇരിക്കാനും പുറത്തിറങ്ങരുതെന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയെങ്കിലും അവധിക്കാലം ആഘോഷിക്കുന്നത് പോലെയാണ് ഇതിനെ നേരിടുന്നത്. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
കൊറോണ വൈറസിനെ പ്രതിരോധിക്കുന്നത് ഇന്ത്യന്‍ സര്‍ക്കാരിനെ കണ്ട് പഠിക്കണം. ഇന്ത്യയിലെ ജനങ്ങള്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിച്ച് അത്യാവശ്യകാര്യങ്ങള്‍ക്ക് മാത്രമാണ് പുറത്തിറങ്ങുന്നത്. ഇതാണ് നല്ലത്. കോവിഡ് 19നെ പ്രതിരോധിക്കുന്നതിനായി സര്‍ക്കാര്‍ പുറത്തിറക്കുന്ന നിര്‍േദ്ദശങ്ങള്‍ ജനങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണം. ഇല്ലെങ്കില്‍ പ്രത്യാഘാതം വളരെ വലുതാകും.
എന്നാല്‍ കഴിഞ്ഞ ദിവസം വീടിനുള്ളില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ കണ്ട കാഴ്ച തന്നെ ഞെട്ടിച്ചു. ഒരു ബൈക്കില്‍ നാലു പേര് ഒരുമിച്ചു യാത്ര ചെയ്യുന്നത് കണ്ടു. അവര്‍ എവിടെയോ ടൂര്‍ പോകുകയാണ്. ഒട്ടേറെപ്പേര്‍ കൂട്ടംകൂടിയിരുന്ന് ഭക്ഷണം കഴിക്കുന്നതും കണ്ടു. വലിയ സംഘങ്ങളായി ചിലര്‍ യാത്ര ചെയ്യുന്നതും പലയിടത്തും കണ്ടു. എന്തിനാണ് നമ്മള് ഇപ്പോഴും ഹോട്ടലുകള്‍ തുറന്നുവച്ചിരിക്കുന്നത്? എത്രയും വേഗം അതെല്ലാം അടയ്ക്കുകയല്ലേ വേണ്ടതെന്നും അക്തര്‍ ചോദിക്കുന്നു.
ഇന്ത്യയില്‍ സര്‍ക്കാര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചപ്പോള്‍ തന്നെ ജനങ്ങള്‍ സര്‍ക്കാര്‍ ഉത്തരവ് പാലനത്തിനായി ഏറ്റെടുക്കുകയായിരുന്നു. അവിടെ അത്യാവശ്യങ്ങള്‍ക്കുവേണ്ടി മാത്രമാണ് ജനങ്ങള്‍ വീടിന് വെളിയിലേക്ക് ഇറങ്ങുന്നത്. ഇങ്ങ് പാക്കിസ്ഥാനിലെ ജനങ്ങള്‍ക്ക് ഇപ്പോഴും യാത്രകള്‍ പോലും വേണ്ടെന്നു വയ്ക്കാനാകുന്നില്ല. ഇത് അത്യന്തം അപകടകരമാണെന്നും ജീവിതം വെച്ചാണ് അവര്‍ കളിക്കുന്നത്. ആളുകള്‍ തെരുവുകളില്‍ കൂട്ടംകൂടുന്നത് തടയാന്‍ എത്രയും വേഗം പാക് സര്‍ക്കാര്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കണമെന്നും അക്തര്‍ അറിയിച്ചു.
ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതില്‍ ഇറ്റാലിയന്‍ സര്‍ക്കാര്‍ വരുത്തിയ വലിയ പിഴവാണ് അവിടെ കാര്യങ്ങള്‍ ഇത്രയും ഗുരുതരമാക്കിയത്. അവിടെ ദിവസേനയെന്നവണ്ണം നൂറുകണക്കിനു പേരാണ് മരിച്ചുവീഴുന്നത്. ഇവിടെ ആളുകള്‍ക്ക് അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ സമയം അനുവദിച്ചശേഷം എല്ലാം അടച്ചുപൂട്ടുകയാണ് വേണ്ടതെന്നും ഷോയിബ് അക്തര്‍ കൂട്ടിച്ചേര്‍ത്തു. ഇതുവരെ 875 പേര്‍ക്കാണ് പാക്കിസ്ഥാനില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ആറ് പേര് മരണം അടയുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: