ആലപ്പുഴ: കൊറോണയെത്തുടര്‍ന്ന് പ്രതിസന്ധിയിലായ നിര്‍ധന കുടുംബങ്ങളെ വിവിധ സ്വകാര്യപണമിടപാട് സ്ഥാപനങ്ങള്‍ ഭീഷണിപ്പെടുത്തുന്നു. ബ്ലേഡ് മാഫിയകളേക്കാള്‍ മോശമായാണ് ഇത്തരം സ്ഥാപനങ്ങള്‍ പെരുമാറുന്നതെന്നാണ് പരാതി. ബാങ്കുകളില്‍ നിന്നും മറ്റുമുള്ള വായ്പകള്‍ക്ക് കൊറോണയെ തുടര്‍ന്ന് മൊറട്ടോറിയം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, മിനി ധനകാര്യസ്ഥാപനങ്ങളില്‍ നിന്ന് പണം വായ്പയെടുത്തവരെ സഹായിക്കാന്‍ യാതൊരു പദ്ധതികളുമില്ല.
വട്ടിപ്പലിശയ്‌ക്ക് വീടുകളിലെത്തി പണം കൊടുക്കുന്ന തമിഴ് സംഘങ്ങളെ പടിയിറക്കി കടന്നുവന്ന സ്ഥാപനങ്ങള്‍ തീരപ്രദേശങ്ങളിലെ അടക്കം നിരവധി കുടുംബങ്ങളെ തങ്ങളുടെ പിടിയിലമര്‍ത്തിയിരിക്കുന്നു. ഈ സ്ഥാപനങ്ങള്‍ ഭീഷണിപ്പെടുത്തുന്നതായി നിരവധി വീട്ടമ്മമാരാണ് പരാതിയുമായി രംഗത്തെത്തിയത്.
കൊറോണയെ തുടര്‍ന്ന് തൊഴിലും കൂലിയും മുടങ്ങിയതിനാല്‍ പണം തിരിച്ചടവിന് സാവകാശം നല്‍കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍, തങ്ങള്‍ക്ക് ഇതൊന്നും പ്രശ്‌നമല്ലെന്നായിരുന്നു സ്ഥാപനങ്ങളുടെ മറുപടി. നേരത്തെ പ്രളയകാലത്തും ഇത്തരത്തില്‍ നിര്‍ധന കുടുംബങ്ങളെ ഇക്കൂട്ടര്‍ സമ്മര്‍ദത്തിലാക്കാന്‍ ശ്രമിച്ചിരുന്നു. വ്യാപക പ്രതിഷേധമുയര്‍ന്നപ്പോള്‍ വായ്പ തിരിച്ചടവിന് സാവകാശം അനുവദിച്ചു. ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രളയകാലത്തെ മാതൃക പണമിടപാട് സ്ഥാപനങ്ങള്‍ പിന്തുടരണമെന്നും, സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടണമെന്നും ആവശ്യമുയരുന്നു.
അയല്‍ക്കൂട്ടങ്ങളുടെ മാതൃകയില്‍ വീട്ടമ്മമാരെ സംഘടിപ്പിച്ചാണ് മിനി ധനകാര്യ സ്ഥാപനങ്ങള്‍ വായ്പ നല്‍കുന്നത്. വേഗത്തില്‍ പണം ലഭിക്കുമെന്നതിനാല്‍ നിര്‍ധന കുടുംബങ്ങളിലെ സ്ത്രീകള്‍ ഇവരുടെ വലയില്‍പ്പെടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: