കോട്ടയം: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എംജി സര്‍വകലാശാലയില്‍ 50 ശതമാനം ജീവനക്കാര്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ജോലിക്ക് ഹാജരാകുന്നതിന് ക്രമീകരണങ്ങളായി. സര്‍വകലാശാലയിലെ ഗ്രൂപ്പ് ബി, സി, ഡി വിഭാഗം ജീവനക്കാരെ ഓഫീസ് ജോലികള്‍ക്ക് തടസം വരാത്ത രീതിയില്‍ നിയോഗിക്കുന്നതിന് ഡെപ്യൂട്ടി രജിസ്ട്രാര്‍മാര്‍ക്കും വിവിധ വകുപ്പുകളുടെ മേധാവികള്‍ക്കും ചുമതല നല്‍കി.
ഓഫീസില്‍ ജോലിക്ക് ഹാജരാകാത്ത ജീവനക്കാര്‍ ടെലിഫോണ്‍ വഴിയോ മറ്റ് ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴിയോ ഓഫീസ് മേധാവിയുമായി ബന്ധപ്പെടാന്‍ കഴിയുന്നുവെന്ന് ഉറപ്പുവരുത്തണം. അത്യാവശ്യ ഘട്ടങ്ങളില്‍ മേലധികാരി ആവശ്യപ്പെട്ടാല്‍ ഓഫീസില്‍ ഹാജരാകണം. ഓണ്‍ലൈന്‍ ഫയല്‍ സംവിധാനമായ ഡിഡിഎഫ്എസ് ഉപയോഗിച്ച് ജോലികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം.
സര്‍വകലാശാല ലൈബ്രറിയുടെ പ്രവര്‍ത്തനം രാവിലെ 10.15 മുതല്‍ വൈകിട്ട് 4.45 വരെയായി പുനഃക്രമീകരിച്ചു. കാമ്പസിന് പുറത്തുനിന്നുള്ള കോളേജുകളിലെ വിദ്യാര്‍ഥികള്‍ക്ക് മാര്‍ച്ച് 31 വരെ ലൈബ്രറി സൗകര്യങ്ങള്‍ അനുവദിക്കില്ല.
സര്‍വകലാശാലയിലെ ഭരണ, ഫിനാന്‍സ്, പരീക്ഷ വിഭാഗങ്ങളിലായി ആകെയുള്ള 1312 ജീവനക്കാരില്‍ 714 പേര്‍ ഇന്നലെ ഹാജരായതായി രജിസ്ട്രാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക