ജനീവ: കൊറോണ വൈറസ് ലോകത്തെയാകെ വരിഞ്ഞുമുറുക്കുമ്പോഴും ഒരു ലക്ഷത്തിലധികം പേര്‍ക്ക് ഇതുവരെ രോഗം ഭേദമായെന്ന വാര്‍ത്ത ആശ്വാസവും പ്രതീക്ഷയുമാകുന്നു. വൈറസ് ബാധിച്ച 3,49,161 പേരില്‍ 1,00,337 പേര്‍ക്ക് രോഗം ഭേദമായെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
കൊറോണ പ്രഭവ കേന്ദ്രമായ ചൈനയില്‍ വൈറസ് ബാധ കണ്ടെത്തിയ 81,093 പേരില്‍ 72,703 പേരും ഇതിനകം രോഗത്തില്‍ നിന്ന് സുഖം പ്രാപിച്ചു. 3270 പേരാണ് ചൈനയില്‍ മരിച്ചത്. വിദേശങ്ങളില്‍ നിന്ന് മടങ്ങിയെത്തുന്നവര്‍ക്ക് മാത്രമാണ് ചൈനയില്‍ ഇപ്പോള്‍ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊറോണ ഏറ്റവുമധികം പേരെ ബാധിച്ച രാജ്യത്ത് ദിവസങ്ങളായി ആഭ്യന്തരമായി പുതിയ രോഗികളില്ലെന്നത് ശുഭസൂചനയാണ്. മൂന്ന് മാസത്തിലധികം സമയമടുത്താണ് ചൈന വൈറസ് വ്യാപനത്തെ വരുതിയിലാക്കിയത്. വുഹാനിലടക്കം ഏര്‍പ്പെടുത്തിയ വിലക്കുകളില്‍ പലതും എടുത്തു കളഞ്ഞ ചൈനയിലെ ജനജീവിതം സാധാരണ നിലയിലെത്തി തുടങ്ങി.
കൂടുതല്‍ പേര്‍ക്ക് രോഗം ഭേദമായ രണ്ടാമത്തെ രാജ്യം ഇറാനാണ്. വൈറസ് ബാധിച്ച 23,049 പേരില്‍ 8376 പേര്‍ക്ക് രോഗം ഭേദമായെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇറ്റലിയില്‍ കൊറോണ കണ്ടെത്തിയ 59,138 പേരില്‍ 7024 പേര്‍ രോഗത്തില്‍ നിന്ന് മുക്തി നേടി. കൊറോണ കൂടുതല്‍ പേരില്‍ സ്ഥിരീകരിച്ച രാജ്യങ്ങളായ സ്‌പെയ്ന്‍- 3355, ദക്ഷിണ കൊറിയ- 3166, ഫ്രാന്‍സ്- 2200, ബെല്‍ജിയം-350, ജര്‍മനി-266, യുഎസ്-178 എന്നിങ്ങനെയാണ് രോഗം ഭേദമായവരുടെ കണക്ക്.
ആദ്യം വൈറസ് സ്ഥിരീകരിച്ച മൂന്ന് മലയാളികളടക്കം ഇന്ത്യയില്‍ 24 പേര്‍ ഇതിനകം കൊറോണയില്‍ നിന്ന് മുക്തരായിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: