സുക്മ: രാജ്യമെങ്ങും കൊറോണ വ്യാപനത്തിനെതിരെ പോരാടുമ്പോള്‍ ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ഭീകരര്‍ സുരക്ഷാ സൈനികരെ വകവരുത്തിയ സംഭവത്തില്‍ രോഷം കത്തിക്കയറുന്നു. സംഭവത്തിന് പ്രതികാരം ചെയ്യാന്‍ ഒരുങ്ങുകയാണ് സൈന്യം. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ഛത്തീസ്ഗഡിലെ നക്സല്‍ ബാധിത മേഖലയായ സുക്മ ജില്ലയിലെ വനത്തിലായിരുന്നു സംഭവം. ചിന്താഗുഫയിലെ കൊരാജ്ഗുഡ കുന്നുകളിലാണ് ഏറ്റുമുട്ടലുണ്ടായത്. സ്ത്രീകള്‍ അടക്കം 350 ഓളം നക്സല്‍ ഭീകരര്‍, റോന്തു ചുറ്റുകയായിരുന്ന പ്രത്യേക പോലീസ് സംഘത്തെ ആക്രമിക്കുകയായിരുന്നു. പോലീസ് തിരിച്ചടിച്ചു. ഏറ്റുമുട്ടലില്‍ 17 പോലീസുകാര്‍ വെടിയേറ്റു മരിച്ചു. പതിനഞ്ചു പേര്‍ക്ക് വെടിയേറ്റു, ഇവരില്‍ ആരുടെയും നില ഗുരുതരമല്ലെങ്കിലും ചികിത്സയിലാണ്. 17 മൃതദേഹങ്ങളും കണ്ടെടുത്തു. ഏറ്റുമുട്ടലില്‍ അഞ്ചു മാവോയിസ്റ്റ് ഭീകരര്‍ കൊല്ലപ്പെട്ടു. പത്തോളം ഭീകരര്‍ക്ക് പരിക്കേറ്റു. ഇവരില്‍ പലരുടെയും നില ഗുരുതരമെന്നാണ് റിപ്പോര്‍ട്ടുകള്‍. നക്സലുകള്‍ പോലീസിന്റെ പതിനഞ്ചോളം അത്യാധുനിക തോക്കുകള്‍ തട്ടിയെടുത്തിട്ടുമുണ്ട്.
ജില്ലാ റിസര്‍വ് ഗാര്‍ഡ്, പ്രത്യേക ദൗത്യ സേന, കോബ്ര (കമാന്‍ഡോ ബറ്റാലിയന് ഫോര്‍ റസല്യൂട്ട് ആക്ഷന്‍) എന്നിവയില്‍ നിന്ന് തെരഞ്ഞെടുത്ത് നക്സലുകളെ നേരിടാന്‍ പ്രത്യേക പരിശീലനം നേടിയ സംഘത്തില്‍ പെട്ടവരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവരെ ഹെലിക്കോപ്റ്ററില്‍ 450 കിലോമീറ്റര്‍ അകലെയുള്ള റായ്പ്പൂരില്‍ എത്തിച്ച് ആശുപത്രിയിലാക്കി.ഏറ്റുമുട്ടല്‍ അഞ്ചു മണിക്കൂര്‍ നീണ്ടു. 14 മണിക്കൂറിലേറെ കഴിഞ്ഞ്, ഞായറാഴ്ച ഉച്ചയോടെയാണ് വനത്തിനുള്ളില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെടുക്കാനായത്. സംഭവത്തെത്തുടര്‍ന്ന് മേഖലയില്‍ വന്‍തോതില്‍ പോലീസിനെ വിന്യസിച്ചു. സമീപകാലത്തുണ്ടായ ഏറ്റവും വലിയ മാവോയിസ്റ്റ് ആക്രമണമാണിത്, എസ്പി ശലഭ് സിന്‍ഹ പറഞ്ഞു. 2017 ഏപ്രിലില്‍ ഈ മേഖലയില്‍ മാവോയിസ്റ്റുകള്‍ 25 പോലീസുകാരെ വധിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മഹാരാഷ്ട്രയില്‍ മാവോയിസ്റ്റുകള്‍ 16 പോലീസുകാരെ കൊലപ്പെടുത്തിയിരുന്നു. സംഭവത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും അപലപിച്ചു.
പിന്നില്‍ പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മി
പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മി ബറ്റാലിയന് ഒന്നിന് വലിയ സ്വാധീനമുള്ള മേഖലയിലാണ് സംഭവം. തെക്കന്‍ ഛത്തീസ്ഗഡില്‍ സജീവമായ നക്സല്‍ ഗ്രൂപ്പാണിത്. 2017 ഏപ്രിലില്‍ 25 സിആര്‍പിഎഫ് ജവാന്മാരെ വധിച്ചതും ഒളിപ്പോരില്‍ പ്രത്യേക പരിശീലനം നേടിയ ഇതേ ഗ്രൂപ്പാണ്. ഉയര്‍ന്ന മാവോയിസ്റ്റ് നേതാക്കള്‍ വനത്തില്‍ എത്തിയിട്ടുണ്ടെന്നും ഇവരുടെ നേതൃത്വത്തില്‍ രണ്ട് പോലീസ് ക്യാമ്പുകള്‍ ആക്രമിച്ചേക്കുമെന്നുമുള്ള സൂചനയെത്തുടര്‍ന്നാണ് പ്രത്യേക പോലീസ് സംഘം തെരച്ചിലിന് വനത്തിലെത്തിയത്. തെരച്ചിലില്‍ ആരെയും കണ്ടെത്താന്‍ കഴിയാതെ ഇവര്‍ സംഘങ്ങളായി തിരിഞ്ഞ് മടങ്ങി. ഇതില്‍ ഒരു സംഘത്തിനു നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. മാവോയിസ്റ്റുകളെ പിന്തുടര്ന്നെത്തിയ പോ
ലീസ് തുറസായ സ്ഥലത്ത് കുടുങ്ങി. മുകളിലെ കുന്നുകളില്‍ നിലയുറപ്പിച്ച ഭീകരര്‍ അതോടെ പോലീസിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. മരണമടഞ്ഞ മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ അവര്‍ വലിച്ചിഴച്ച് വനത്തിനുള്ളിലേക്ക് കടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: