ന്യൂദല്‍ഹി: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു രാത്രി എട്ടിന് വീണ്ടും രാജ്യത്തെ അഭിസംബോധന ചെയ്യും. കഴിഞ്ഞ് 20നാണ് പ്രധാനമന്ത്രി ഈ വിഷയത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്തതും 22ന് ഞായറാഴ്ച ജനത കര്‍ഫ്യൂ പ്രഖ്യാപിച്ചതും. ജനത കര്‍ഫ്യൂ രാജ്യത്തെ ജനങ്ങള്‍ എല്ലാം ഏറ്റെടുത്തിരുന്നു. ഇതിനു പിന്നാലെയാണു രാജ്യത്തെ 548 ജില്ലകളില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഈ സാഹചര്യത്തില്‍ കൂടിയാണ് പ്രധാനമന്ത്രി വീണ്ടും രാജ്യത്തോട് സംസാരിക്കുന്നത്. കൊറോണയുടെ സമൂഹവ്യാപനം തടയുന്നതിനു കര്‍ശന നിയന്ത്രണങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഒപ്പം, സാമ്പത്തികപാക്കെജ് അടക്കം പ്രഖ്യാപനങ്ങളും പ്രധാനമന്ത്രിയില്‍ നിന്നുണ്ടാകും.
കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യ ലോകത്തിന് തന്നെ പ്രചോദനമാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യൂഎച്ച്ഒ) നേരത്തേ വ്യക്തമാക്കിയിരുന്നു. ഇന്ത്യയിലെ ജനസംഖ്യ വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ വൈറസ് അതിവേഗം പടര്‍ന്ന് വ്യാപിക്കാനും സാധ്യതയുണ്ട്. ഇതെല്ലാം മുന്‍ നിര്‍ത്തി വളരെ കരുതലോടെയാണ് ഇന്ത്യ കൊറോണ വൈറസിനെതിരെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നതെന്ന് ഡബ്ല്യൂഎച്ച്ഒ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മൈക്കിള്‍ ജെ റ്യാന്‍ അറിയിച്ചു.
ലോക ജനസഖ്യയില്‍ രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ജനസാന്ദ്രത കൂടുതലുള്ള രാജ്യങ്ങളുടെ പട്ടികയിലും ഇന്ത്യ മുന്നിലാണ്. കൊറോണ വൈറസ് എന്ന മഹാമാരിയെ ഇവിടെ ജനങ്ങളെല്ലാം ഒറ്റക്കെട്ടായി നിന്ന് പ്രതിരോധിക്കുകയാണ്. ഇതിനു മുമ്പ് നിശബ്ദ കൊലയാളിയായ പോളിയോയെ തുടര്‍ച്ചയായ പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ തുടച്ച് മാറ്റിയ രാജ്യമാണ് ഇന്ത്യ. ഇപ്പോഴും ഇന്ത്യയില്‍ പ്രതിരോധ വാക്‌സിനുകള്‍ കൃത്യമായി നല്‍കുന്നു.
ഇപ്പോള്‍ കോവിഡ് 19 വ്യാപനം തടയുന്നതിനായി ഇന്ത്യന്‍ ജനത നടത്തുന്ന പ്രതിരോധം അതിശയിപ്പിക്കുന്നതാണ്. വളരെ കാര്യക്ഷമമായ പ്രവര്‍ത്തങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ശരിയായി പാലിക്കുന്ന ഇന്ത്യയിലെ ജനങ്ങള്‍ മറ്റ് രാജ്യങ്ങള്‍ക്ക് മാതൃകയാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സമൂഹം എങ്ങിനെ സഹകരിക്കണമെന്ന് ലോകത്തിന് ഇന്ത്യ കാണിച്ചു കൊടുക്കുകയാണെന്നും റ്യാന്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: