റോം: ക്യൂബയുടെ മെഡിക്കല്‍ സംഘമായ ആര്‍മീസ് ഓഫ് വൈറ്റ് റോബ്സ് (വെള്ളക്കുപ്പായക്കാരുടെ സൈന്യം) കൊറോണ വൈറസ് ആക്രമണത്തില്‍ തകര്‍ന്ന ഇറ്റലിയിലെത്തുമ്പോള്‍ ചര്‍ച്ചയാകുന്നത് ക്യൂബയും ചൈനയും സംയുക്തമായി വികസിപ്പിച്ച ഇന്റര്‍ഫെറോണ്‍ ആല്‍ഫ ടു ബി എന്ന ആന്റിവൈറസ് മരുന്ന്. അതിവേഗം ലോകം കീഴടക്കുന്ന കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ഇന്റര്‍ഫെറോണ്‍ ആല്‍ഫ ടു ബിക്കാകുമോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്.
കൊറോണയുടെ ആദ്യ പതിപ്പ് എന്ന് കരുതുന്ന സാര്‍സ് ചൈനയില്‍ പടര്‍ന്നുപിടിച്ച 2003 മുതല്‍ ഇന്റര്‍ഫെറോണ്‍ ആല്‍ഫ ടു ബി ചൈനയില്‍ ഉപയോഗിക്കുന്നുണ്ട്. സാര്‍സ് കോവ് ടു വൈറസിനെ നേരിടാന്‍ ചൈനീസ് ആരോഗ്യ മന്ത്രാലയം തെരഞ്ഞെടുത്ത 30 മരുന്നുകളില്‍ ഒന്നാണ് ഇന്റര്‍ഫെറോണ്‍ ആല്‍ഫ ടു ബി. ക്യൂബന്‍ ഗവേഷക വിഭാഗത്തിന്റെ നിരന്തര ഗവേഷണത്തിനൊടുവില്‍ ഡെങ്കു വൈറസിനെ ചെറുക്കാന്‍ 1981 മുതലാണ് ക്യൂബ ഈ മരുന്ന് ഉപയോഗിക്കുന്നത്. ശരീരത്തില്‍ അതിവേഗമുണ്ടാകുന്ന വൈറസ് വ്യാപനം തടയാനും അതുവഴി മരണനിരക്ക് കുറയ്ക്കാനും ഈ മരുന്നിനാകും.
2003 മുതല്‍ ഈ മരുന്ന് ചൈനയുടെ സഹകരണത്തോടെ ക്യൂബ നിര്‍മിക്കുന്നുണ്ട്. കൊറോണ വൈറസിന്റെ സ്വഭാവ സവിശേഷതകളുള്ള വൈറസുകളെ ചെറുക്കാന്‍ ഇന്റര്‍ഫെറോണ്‍ ആല്‍ഫ ടു ബിക്കാകുമെന്നാണ് കണ്ടെത്തല്‍. എന്നാല്‍, ചൈനയിലും ക്യൂബയിലുമൊഴികെ ഇവ ഉപയോഗിച്ച് പരീക്ഷിച്ചിട്ടില്ല. കൊറോണ വൈറസിനെ ഒരു പരിധിവരെ നിയന്ത്രിക്കാന്‍ ചൈനയ്ക്ക് തുണയായത് ഇന്റര്‍ഫെറോണ്‍ ആല്‍ഫ ടു ബിയുടെ കരുത്താണെന്നാണ് വിലയിരുത്തല്‍.
അതുകൊണ്ടാണ് ക്യൂബന്‍ വെള്ളക്കുപ്പായക്കാര്‍ ഇറ്റലിയില്‍ സഹായത്തിനെത്തുമ്പോള്‍ ലോകം ആകാംക്ഷയിലാകുന്നത്. മരണനിരക്കില്‍ ചൈനയെ മറികടന്ന ഇറ്റലി സഹായത്തിനായി എത്തണമെന്ന് ക്യൂബയോട് ആവശ്യപ്പെടുകയായിരുന്നു. ഈ അഭ്യര്‍ത്ഥന പരിഗണിച്ചാണ് ഇറ്റലിക്ക് സഹായവുമായി ക്യൂബന്‍ ആരോഗ്യ സംഘമെത്തുന്നത്. ക്യൂബക്ക് മുമ്പേ ചൈനീസ് സംഘവും ഇറ്റലിയിലെത്തിയിരുന്നു. ഇതോടെ കോറോണ വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ ലോകത്തിന്റെ പരീക്ഷണശാലയാകുകയാണ് ഇറ്റലി.
ആര്‍മിസ് ഓഫ് വൈറ്റ് റോബ്സ്
ക്യൂബ 1959ല്‍ രൂപീകരിച്ച സന്നദ്ധ സൈനിക സംഘടനയാണ് ആര്‍മിസ് ഓഫ് വൈറ്റ് റോബ്സ്. അടിന്തര ഘട്ടങ്ങളില്‍ ലോകത്തെ വിവിധ രാജ്യങ്ങളിലെ ജനങ്ങളെ സഹായിക്കാനായി തയാറാക്കിയതാണ് ഈ സേന. മെഡിക്കല്‍ സംഘം ഉള്‍പ്പെടെയുള്ളവരുടെ വിഭാഗമാണിത്. 2010 ല്‍ പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ എബോള വൈറസ് ആക്രമണത്തില്‍ ആയിരങ്ങള്‍ മരിച്ചുവീണപ്പോള്‍ ആദ്യം സഹായവുമായി എത്തിയത് ക്യൂബയുടെ വൈറ്റ് റോബ്സ് ആയിരുന്നു. ഈ സംഘത്തിന്റെ സേവനം ഇതുവരെ ലോകത്തെ ദരിദ്ര രാജ്യങ്ങളിലായിരുന്നെങ്കില്‍ ആദ്യമായാണ് സാമ്പത്തികമായി മുന്നിലുള്ള ഇറ്റലി പോലെ ഒരു രാജ്യത്തെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: