തികോട്ടയം: അവശ്യവസ്തുക്കള്‍ക്ക് ക്ഷാമം വരുമെന്ന ഭീതിയില്‍ നിത്യോപയോഗ സാധനങ്ങള്‍ വാങ്ങിക്കൂട്ടി ജനങ്ങള്‍. ഞായറാഴ്ച ജനതാ ക്വര്ഫ്യൂ കഴിഞ്ഞ് ഇന്നലെ രാവിലെ മുതല്‍ സര്‍വ നിയന്ത്രണങ്ങളും ലംഘിച്ച് ജനങ്ങള്‍ കടകളിലും സൂപ്പര്മാക്കറ്റുകളിലും തടിച്ചു കൂടിത്തുടങ്ങി.
സാമൂഹ്യ അകലം പാലിക്കാനും മറ്റുള്ളവരില്‍ നിന്ന് ഒരു മീറ്റര്‍ അകലെയെങ്കിലും നില്ക്കാനുംപുറത്തിറങ്ങുന്നത് കഴിയുന്നത്ര ഒഴിവാക്കാനും സര്‍ക്കാരുകള്‍ ആവര്‍ത്തിക്കുന്നുണ്ട്. അവശ്യവസ്തുക്കള്‍ക്ക് ക്ഷാമമില്ലെന്നും സര്‍ക്കാരുകള്‍ പറയുന്നുണ്ടെങ്കിലും ഇതൊന്നും വകവയ്ക്കാതെ അരിയടക്കം വാങ്ങിക്കൂട്ടുകയാണ്. ഇതോടെ മിക്ക സൂപ്പര്‍മാര്‍ക്കറ്റുകളിലും സാധനങ്ങള്‍ തീര്‍ന്നു തുടങ്ങി.
അരിയും പലവ്യഞ്ജനങ്ങളും പച്ചക്കറിയും പഴങ്ങളുമാണ് കിലോക്കണക്കിന് വാങ്ങിക്കൊണ്ടുപോകുന്നത്. നിയന്ത്രണമുള്ളതിനാല്‍ പത്തു പേരെ വീതമാണ് സൂപ്പര്‍മാര്‍ക്കറ്റിലേക്ക് കടത്തിവിടുന്നത്.
സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഉണ്ടായാല്‍ പോലും നിത്യോപയോഗ സാധനങ്ങളും പച്ചക്കറികളും വിലക്കുന്ന കടകള്‍ക്കും മെഡിക്കല്‍ ഷോപ്പുകള്‍ക്കും വിലക്കുണ്ടാവില്ലെന്ന് സംസ്ഥാന സര്‍ക്കാരും മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ആവര്‍ത്തിക്കുന്നുണ്ട്. പരി്രഭാന്തി പരത്തുന്ന ഇത്തരം നടപടികള്‍ അവശ്യവസ്തുക്കള്‍ക്ക് ക്ഷാമമുണ്ടാക്കും. ആവശ്യമുണ്ടെങ്കിലും ഇല്ലെങ്കിലും, കടകള്‍ മാസങ്ങളോളം തുറന്നില്ലെങ്കിലോയെന്ന് കരുതിയാണ് പലരും വസ്തുക്കള്‍ വാങ്ങിക്കൂട്ടുന്നത്.
വഴിയോരങ്ങളിലെ കടകളിലും നല്ല തിരക്കാണ്. ഏതാനും ദിവസം മിക്ക നഗരങ്ങളിലും വാഹനത്തിരക്ക് കുറവായിരുന്നുവെങ്കില്‍ ഇന്നലെ പഴയപോലെ പലയിടങ്ങളിലും ഗതാഗതക്കുരുക്കുണ്ടായി.
സര്‍ക്കാര്‍ ഇടപെടണം
ഇത്തരം പ്രവൃത്തികള്‍ തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നാണ് പൊതു ആവശ്യം. ഒരാള്‍ക്ക് അരിയടക്കമുള്ള വസ്തുക്കള്‍ വാങ്ങുന്നതിന് പരിധി നിശ്ചയിക്കണമെന്നാണ് പ്രധാന ആവശ്യം. 10 കിലോ അരിയുടെ അഞ്ചും ആറും ചാക്കുകളാണ് ചിലര്‍ വാങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: