ന്യൂദല്‍ഹി: കൊറോണ(കൊവിഡ് 19) എന്ന മഹാമാരിയെ പ്രതിരോധിക്കാന്‍ നിര്‍ദ്ദേശിച്ച ലോക്ഡൗണ്‍ ഭാഗികമായി നടപ്പാക്കിയത് കൊണ്ട് കാര്യമില്ലെന്നും പൂര്‍ണമായി നടപ്പാക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍. 19 സംസ്ഥാനങ്ങളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയത് ആശ്വാസകരമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വിശദീകരിച്ചു.
കൊവിഡ് ബാധിത സംസ്ഥാനങ്ങളിലെ എല്ലാ ഡിജിപിമാരുമായും ആഭ്യന്തര സെക്രട്ടറി സംസാരിക്കുകയും ലോക്ഡൗണ്‍ ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കണം എന്ന് സംസ്ഥാനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. കൊവിഡ് രോഗികളെ ചികിത്സിക്കാന്‍ വേണ്ടി മാത്രം ആശുപത്രികള്‍ സജ്ജമാക്കാനും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതിനിടെ ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ നിര്‍ത്താനും രാജ്യത്തെ എല്ലാ വിമാനത്താവളങ്ങള്‍ അടക്കാനും തീരുമാനമായിട്ടുണ്ട്.
ചൊവ്വാഴ്ച (മാര്‍ച്ച് 24) അര്‍ധരാത്രി മുതല്‍ ആഭ്യന്തര വിമാന സര്‍വീസുകളെല്ലാം നിര്‍ത്തിവെക്കും. എന്നുവരെയാണ് നിയന്ത്രണമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. വിമാനങ്ങള്‍ ചൊവ്വാഴ്ച രാത്രി 11. 59 നു മുമ്പ് ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിച്ചേരുന്ന വിധത്തില്‍ സര്‍വീസുകള്‍ ക്രമീകരിക്കണമെന്ന് വിമാനക്കമ്പനികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നേരത്തെതന്നെ നിര്‍ത്തിവച്ചിരുന്നു. പിന്നാലെയാണ് ആഭ്യന്തര വിമാന സര്‍വീസുകള്‍ക്കും നിയന്ത്രണം വരുന്നത്.
കാബിനറ്റ് സെക്രട്ടി സംസ്ഥാന ചീഫ് സെക്രട്ടറിമാരുമായി വീഡിയോ കോണ്‍ഫറസിംഗ് വഴി സംസാരിച്ച് സ്ഥിതി വിലയിരുത്തിയിരുന്നു. അതിന് ശേഷമാണ് ആഭ്യന്തര മന്ത്രായലത്തിലേയും ആരോഗ്യ മന്ത്രാലയത്തിലേയും പ്രതിനിധികളും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഭാരവാഹികളും വാര്‍ത്താ സമ്മേളനം നടത്തിയത്. ലോക് ഡൗണ്‍ കൊണ്ട് മാത്രമെ സമൂഹവ്യാപനം തടയാനാകു എന്ന് ആരോഗ്യ മന്ത്രാലയം സ്പെഷ്യല്‍ സെക്രട്ടറി ലവ് അഗര്‍വാള്‍ വിശദീകരിച്ചു.
പരിശോധന കിറ്റുകള്‍ ആവശ്യത്തിന് ലഭ്യമാക്കാന്‍ നടപടി എടുത്തിട്ടുണ്ടെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: