തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്ക പരത്തിയുള്ള കൊവിഡ് 19 വൈറസ് ബാധ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി അവശ്യ സേവനങ്ങള്‍ ഒഴികെയുള്ളവ പരിപൂര്‍ണമായും അടച്ചിടണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ഡോ. എബ്രഹാം വര്‍ഗീസ് ആവശ്യപ്പെട്ടു. ഈ മാസം 31 വരെയെങ്കിലും ഈ നടപടി തുടരണം. രോഗ ലക്ഷണമുള്ള എല്ലാവരിലും, ആരോഗ്യപ്രവര്‍ത്തകര്‍ക്കും, കൂടാതെ സംസ്ഥാനത്ത് തിരഞ്ഞെടുക്കപ്പെടുന്ന ആള്‍കാരിലും കൊറോണ വൈറസ് ടെസ്റ്റ് ചെയ്യുവാനുള്ള നടപടി സര്‍ക്കാര്‍ ഉടന്‍ സ്വീകരിക്കണമെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
രോഗികള്‍ സഹകരിക്കാത്ത അവസ്ഥ ഉണ്ടാകുന്ന സാഹചര്യം ഉണ്ടാകാന്‍ ഇടയുള്ളത് കൊണ്ട് എല്ലാ ആശുപത്രികളിലും ഒരു പോലീസ് എയ്ഡ് പോസ്റ്റുകള്‍ അനുവദിക്കണമെന്നും ആശുപത്രി പരിസരം സംരക്ഷണ മേഖലയായി പ്രഖ്യാപിച്ച് ചികിത്സ സൗകര്യം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും ഡോ. എബ്രഹാം വര്‍ഗീസ് ആവശ്യപ്പെട്ടു.
സംസ്ഥാനം പരിപൂര്‍ണ്ണമായി അടച്ചിടുന്ന നടപടി സ്വീകരിക്കുന്നതിന് മുന്‍പ് തന്നെ എല്ലാവര്ക്കും ആഹാരവും അവശ്യ സാധനങ്ങളും എത്തിക്കാനുള്ള നടപടി സ്വീകരിക്കുകയും വേണം. ഇത്തരത്തിലുള്ള എല്ലാ മുന്‍കരുതലുകളും എടുത്ത് യുക്തമായ തീരുമാനം എടുക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കുകയും ചെയ്യണം.
സംസ്ഥാനത്ത് കൊവിഡ് 19 വൈറസ് ബാധ ഉണ്ടായപ്പോള്‍ തന്നെ ഐഎംഎയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് കൊവിഡ് കണ്ട്രോള് സെല്‍ ( സിസിസി) രൂപീകരിച്ച് സര്‍ക്കാരിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണ നല്കി വരുകയാണ്. ഇത് കൂടാതെ 33,000 ഐഎംഎ അംഗങ്ങള്‍ക്ക് കൊവിഡ് പ്രതിരോധ ഗൈഡ്ലൈനുകളും നല്‍കിയിട്ടുണ്ട്. ഇത് കൂടാതെ ആശുപത്രികളിലും, വീടുകളിലും, ഡോക്ടര്‍മാര്‍ നടത്തുന്ന ചികിത്സകള്‍ അത്യാവശ്യ രോഗികളിള്ക്ക് മാത്രമായി പരിമിതപ്പെടുത്തണം എന്നു നിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുണ്ട്. ഇത് കൂടാതെ അത്യാവശ്യ ശസ്ത്രക്രിയകള്‍ ഒഴികെയുള്ളവ മാറ്റിവെക്കാനും ഐഎംഎ ഡോക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും ഡോ. എബ്രഹാം വര്‍ഗീസ് അറിയിച്ചു.
ഇത് കൂടാതെ രോഗികള്‍ ഡോക്ടര്‍മാരെ കാണുന്നതിന് വേണ്ടി കാത്ത് നില്ക്കുന്ന സമയം കുറയ്ക്കണം. ആശുപത്രിയില്‍ കിടക്കുന്ന രോഗികളുടെ കൂട്ടിരിക്കാനായി 18 വയസില്‍ താഴെയുള്ളവരും, 65 വയസിന് മുകളില്‍ ഉള്ളവരും നില്ക്കാന് പാടില്ല. കൂടാതെ ഈ പ്രായത്തില്‍ ഉള്ളവര്‍ ആവശ്യമില്ലാതെ ആശുപത്രികളില്‍ സന്ദര്‍ശിക്കരുത്. ഒ.പി യില്‍ രോഗികളുടെ എണ്ണം പരിമിതപ്പെടുത്തണം ഐസിയുവിലും, എമര്‍ജസി കെയറിലേയും ബെഡുകള്‍ ഉള്‍പ്പെടെ അകലം പാലിച്ച് വേണം ക്രമീകരിക്കാന്‍, മാനേജ്മെന്റുകളുമായി കൂടിയാലോചിച്ച് സ്റ്റാഫിന്റെ ജോലി സമയം പുനക്രമീകരിക്കണം. സ്വകാര്യ പ്രാക്ടീവ് നിര്‍ത്തി വെക്കുന്ന ഡോക്ടര്‍മാര്‍ ഫോണ്‍, വാട്ട്സ്ആപ്പ് തുടങ്ങിയവ വഴിയുള്ള കണ്സള്ട്ടേഷന് പ്രോത്സാഹിപ്പിക്കും. ഇതിനായി ഐഎംഎ തന്നെ സംവിധാനങ്ങള്‍ തയ്യാറാക്കുമെന്നും ഐഎംഎ സംസ്ഥാന പ്രസിഡന്റ് അറിയിച്ചു.
സംസ്ഥാനത്ത് നിലവില്‍ സമൂഹ വ്യാപനം ഉണ്ടാകുന്ന സ്ഥിതി ഉണ്ടായാല്‍ അതിനെ നേരിടാന്‍ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തം ഐഎംഎ ഉറപ്പാക്കിയിട്ടുണ്ട്. നിലവില്‍ കേരളത്തില 56,962 ബെഡുകളാണ് സ്വകാര്യ ആശുപത്രികളില്‍ ഉള്ളത്. അതില്‍ 5000 ബെഡുകള്‍ ഐസൊലേഷന്‍ വേണ്ടിയും. 200 ബെഡുകള്‍ ഐസിയുവിന് വേണ്ടിയും നല്‍കിയിട്ടുണ്ടെന്നും. ഇതില്‍ കൂടുതല്‍ ആവശ്യമുണ്ടെങ്കില്‍ അതിന് വേണ്ട സജീകരണം ഐഎംഎയുടെ നേതത്വത്തില്‍ ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.
സംസ്ഥാനത്ത് അടച്ചു പൂട്ടിയ ചെറുകിട ആശുപത്രികള്‍ തിരിച്ചറിഞ്ഞ് കൊവിഡ് പ്രതിരോധത്തിന് സജ്ജമാക്കാന്‍ തയ്യാറാണെന്ന് ഐഎംഎ സംസ്ഥാന സെക്രട്ടറി ഡോ. ഗോപികുമാര്‍ അറിയിച്ചു. ക്വാറന്റയിനുള്ള രോഗികള്‍ പുറത്തിങ്ങി നടക്കാതിരിക്കാന്‍ സര്‍ക്കാര്‍ കൃത്യമായി നിരീക്ഷണ സംവിധാനം ഏര്‍പ്പാടാക്കണമെന്നും അദ്ദേഹം പറഞ്ഞു.
സമൂഹവ്യാപനം തടയാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന സര്‍ക്കാര്‍ നിലപാട് അഭിനന്ദനാര്‍ഹമാണെന്ന് ഐഎംഎ ദേശീയ ഘടകം മുന്‍ പ്രസിഡന്റ് ഡോ. മാര്‍ത്താണ്ഡപിള്ള പറഞ്ഞു. എന്നാല്‍ ജനങ്ങളുടെ സഹകരണം വളരെ ആശങ്കപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു
സംസ്ഥാനത്തെ ക്യാറ്റഗരി ഒന്നു രോഗികള്‍ ഉള്‍പ്പെടെയുള്ളവരെ അടിയന്തിരമായി ടെസ്റ്റ് ചെയ്യാന്‍ സംവിധാനങ്ങള്‍ ഉണ്ടാകണം
സംസ്ഥാനത്തെ ആരോഗ്യ പ്രവര്‍ത്തകരെ പ്രോത്സാഹിക്കുന്നതിനൊപ്പം അവര്‍ക്ക് വേണ്ട സുരക്ഷാ ഉപകരങ്ങള്‍ നല്‍കുകയും, ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആരോഗ്യ ഇന്‍ഷറന്‍സ് ലഭ്യമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
പത്രസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് ഡോക്ടര്‍ എബ്രഹാം വര്‍ഗീസ് സംസ്ഥാന സെക്രട്ടറി ഡോക്ടര്‍ ഗോപികുമാര്‍ മുന്‍ ദേശീയ അധ്യക്ഷന്‍ ഡോക്ടര്‍ എ മാര്‍ത്താണ്ഡ പിള്ള സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോക്ടര്‍ സുല്‍ഫി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: