ജയ്പൂര്‍: കൊറോണ വൈറസ് രാജ്യത്ത് പടര്‍ന്ന് പിടിക്കുന്ന പശ്ചാത്തലത്തില്‍ രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ ഏറ്റവും വലിയ ക്വാറന്റൈന് കേന്ദ്രമൊരുക്കി സൈന്യം. നിലവില്‍ അഞ്ഞൂറ് പേരെ ഉള്‍ക്കൊള്ളാനുള്ള സൗകര്യമാണ് ഇവിടെയുള്ളത്. രാജ്യത്താകമാനം മുന്ന് സേനാ വിഭാഗങ്ങളുടെയും നേതൃത്വത്തില്‍ ഐസോലേഷന് സംവിധാനങ്ങള്‍ തയാറാക്കുന്നുണ്ട്.
രണ്ട് ബറ്റാലിയന് സൈന്യമാണ് ക്വാറന്റൈന് സൗകര്യങ്ങളൊരുക്കുന്നതിന് ഹരിയാനയിലെ മനേസറിലും ജയ്സാല്‍മീറിലുമായി ഉള്ളത്. രണ്ട് കേന്ദ്രങ്ങളിലുമായി 1600ഓളം പേരെ ക്വാറന്റൈനില്‍ പ്രവേശിപ്പിക്കാം. നിലവിലെ സൗകര്യങ്ങളില്‍ വര്‍ധനവ് ആവശ്യമെങ്കില്‍ കൂടുതല്‍ പേര് ഉള്‍ക്കൊള്ളുന്ന തരത്തില്‍ വിപുലീകരിക്കനാകുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
കൂടാതെ സൈനിക ആശുപത്രികളിലും ഐസൊലേഷന്‍-ക്രിട്ടിക്കല്‍ കെയര്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. നിലവിലെ ക്വാറന്റൈന് കേന്ദ്രങ്ങളില്‍ ഏറ്റവും വലുത് ജയ്സാല്മീറിലേതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ജോധ്പൂര്‍, വിശാഖപട്ടണം, ഗോരഖ്പൂര്‍ എന്നിവടങ്ങളിലും സൈന്യം ക്വാറന്റൈന് സംവിധാനങ്ങളൊരുക്കി. ഇതിന് പുറമെ കൊല്‍ക്കത്ത, ചെന്നൈ, കൊച്ചി, ദിണ്ഡിഗല്‍, ബെംഗളൂരു, കാണ്‍പൂര്‍, ജൊര്‍ഹാത് എന്നവിടങ്ങളിലും ഐസൊലേഷന്‍ സൗകര്യങ്ങളേര്‍പ്പെടുത്തി.
നിലവില്‍ പ്രതിരോധ വകുപ്പിനു കീഴില്‍ നാല് ക്വാറന്റൈന് കേന്ദ്രങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. മനേസര്‍, ജയ്സാല്‍മീര്‍, ഹിന്‍ഡണ്‍, മുംബൈ എന്നിവിടങ്ങളിലാണിവ.സാര്‍ക്ക് രാജ്യങ്ങളുടെ സഹായത്തിനായി ആരോഗ്യ രംഗത്ത് നിന്ന് അഞ്ച് ദ്രുത കര്‍മ സേന സംഘവും തയാറാണെന്ന് ബ്രിഗേഡിയര്‍ അനുപംശര്മ പറഞ്ഞു.
കൊറോണയെ നേരിടാനുള്ള സൈന്യത്തിന്റെ സജ്ജീകരണങ്ങളെല്ലാം കരസേന മേധാവി ജനറല്‍ എം.എം. നരവനെ പരിശോധിച്ചു. കൂടാതെ ഇവരുടെ ജോലി സമയവും പുനഃക്രമീകരിച്ചു. ഏപ്രില്‍ 15 വരെയുള്ള സൈന്യത്തിന്റെ എല്ലാ യോഗങ്ങളും സെമിനാറുകളും മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: