ന്യൂദല്‍ഹി: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നൽകുന്ന നിർദേശങ്ങൾ ജനങ്ങൾ കർശനമായി പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇപ്പോഴും ചിലർ നിർദേശങ്ങൾ കാര്യമായി എടുക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകിയത്. സ്വന്തം ജീവനൊപ്പം കുടുംബത്തിന്റെ ജീവൻ കൂടി സംരക്ഷിക്കാൻ ഓരോരുത്തർക്കും ബാധ്യതയുണ്ട്. സംസ്ഥാനങ്ങള്‍ നിയമങ്ങളും ചട്ടങ്ങളും കര്‍ശനമായി നടപ്പാക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
ജനങ്ങള്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും പ്രധാനമന്ത്രി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ‘പല ആളുകളും ഇപ്പോഴും അടച്ചുപൂട്ടലിനെ ഗൗരവമായി എടുക്കുന്നില്ല. ദയവായി നിങ്ങള്‍ സ്വയം സംരക്ഷിക്കുക. നിങ്ങളുടെ കുടുംബത്തെ രക്ഷിക്കുക. നിര്‍ദേശങ്ങള്‍ ഗൗരവമായി പാലിക്കുക. നിയമങ്ങളും നിര്‍ദേശങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഞാന്‍ സംസ്ഥാന സര്‍ക്കാരുകളോട് അഭ്യര്‍ത്ഥിക്കുന്നു ‘-മോദി പറഞ്ഞു.
രാജ്യത്ത് കൊറോണ വ്യാപിക്കുന്നത് സംബന്ധിച്ച് രോഗം സ്ഥിരീകരിച്ച ജില്ലകള്‍ അവശ്യസേവനങ്ങള്‍ ഉറപ്പാക്കി അടച്ചിടണമെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. രാജ്യത്തെ എണ്‍പതോളം ജില്ലകളില്‍ രോഗബാധ കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലെ പത്തനംതിട്ട, കാസര്‍കോട്, എറണാകുളം, കോട്ടയം, തിരുവനന്തപുരം, മലപ്പുറം, കണ്ണൂര്‍ എന്നീ ഏഴ് ജില്ലകള്‍ ഉള്‍പ്പെടെ കൊറോണ ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജ്യത്തെ 75 ജില്ലകളില്‍ അവശ്യസര്‍വീസുകള്‍ മാത്രമേ അനുവദിക്കാവൂവെന്നാണ് സംസ്ഥാനസര്‍ക്കാരുകള്‍ക്ക് കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിരുന്നത്.
കേരളം കൂടാതെ യു.പി, പഞ്ചാബ്, കര്‍ണാടക, മഹാരാഷ്ട്ര തുടങ്ങിയ 21 സംസ്ഥാനങ്ങളിലെ ജില്ലകളിലാണ് നിയന്ത്രണം. രാജ്യത്തെമ്പാടും അവശ്യസര്‍വീസുകളല്ലാത്ത അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകളും എല്ലാ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകളും മാര്‍ച്ച് 31വരെ നിറുത്തിവച്ചു. ഗുഡ്സ് ട്രെയിനുകള്‍ സര്‍വീസ് തുടരും. എല്ലാ മെട്രോട്രെയിന് സര്‍വീസുകളും നിർത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: