ന്യൂദല്‍ഹി: കൊറോണ വ്യാപനം തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടി തൃപ്തികരമെന്ന് വാഷിങ്ടണിലെ സെന്റര്‍ ഫോര്‍ ഡിസീസ് ഡൈനാമിക്സ് ഡയറക്ടര്‍ ഡോ. രമണന് ലക്ഷ്മീ നാരായണ്‍. രോഗം രാജ്യത്തേക്ക് വ്യാപിക്കുന്നത് തടയാന്‍ കൃത്യസമയത്ത് നടപടിയെടുത്തു. വിദ്യാലയങ്ങളും തിയെറ്ററുകളും അടക്കമുള്ളവ അടയ്ക്കുകയെന്ന വിവേകപൂര്‍ണമായ നടപടിയും കേന്ദ്രം കൈക്കൊണ്ടു, അദ്ദേഹം ഒരഭിമുഖത്തില്‍ പറഞ്ഞു.
അതേസമയം, ഇന്ത്യയില്‍ വൈറസ് പരിശോധനാ കേന്ദ്രങ്ങള്‍ കുറവായതില്‍ അദ്ദേഹം അതൃപ്തി രേഖപ്പെടുത്തി. രോഗം ഇന്ത്യയില്‍ പടര്‍ന്നു പിടിച്ചേക്കാമെന്നും 60 ശതമാനം ജനങ്ങളെ ബാധിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ നല്ലൊരു പങ്കിനും നേരിയതോതിലുള്ള രോഗബാധയുണ്ടാാകാനേ സാധ്യതയുള്ളൂ. ചെറിയൊരു ശതമാനത്തിന് രോഗം ഗുരുതരമാകാം. അതിലും ചെറിയൊരംശത്തിനേ മരണം സംഭവിക്കൂ.
ഇപ്പോള്‍ കണക്കുകൂട്ടുന്നതില്‍ കൂടുതലാള്ക്കാര്ക്ക് രോഗം ബാധിച്ചിട്ടുണ്ടാകാന് സാധ്യതയുണ്ട്. പതിനായിരത്തിലേറെപ്പേര്ക്കെങ്കിലും രോഗമുണ്ടെന്നാണ് ലക്ഷ്മീ നാരായണന്റെ വിലയിരുത്തല്‍. രണ്ടു മൂന്നാഴ്ചകള്‍ക്കു മുന്‍പേ രോഗം മൂന്നാം ഘട്ടത്തിലെത്തിയെന്നാണ് താന്‍ കരുതുന്നത്. ഇക്കാര്യം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കേന്ദ്രത്തിന് വ്യക്തമായ ബോധ്യമുണ്ടെന്ന് താന്‍ വിശ്വസിക്കുന്നു. കേന്ദ്രം കൈക്കൊണ്ട നടപടികള്‍ പരിശോധിച്ചാല്‍ ഇക്കാര്യം മനസിലാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: