കുണ്ടറ (കൊല്ലം): ദുബായ്യില് നിന്ന് നാട്ടിലെത്തിയ രണ്ട് കുടുംബങ്ങളിലെ ഒന്‍പത് അംഗങ്ങള്‍ നാട്ടില്‍ ചുറ്റിനടന്നത് ഒരാഴ്ച. വീട്ടിനുള്ളില്‍ കഴിയണമെന്ന് ആവശ്യപ്പെട്ട് ഇവരെ സമീപിച്ച ആരോഗ്യ വകുപ്പ് അധികൃതരെയും പോലീസുകാരനെയും ഇവര്‍ അസഭ്യം പറയുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തതായും പരാതി.
സംഭവത്തില്‍ ജില്ലാ കളക്ടറും കുണ്ടറ സര്‍ക്കിള്‍ ഇന്‍സ്പെക്ടറും ഇടപെട്ട് ശക്തമായ താക്കീത് നല്‍കിയതോടെ കുടുംബാംഗങ്ങള്‍ വീട്ടിനുള്ളില്‍ കഴിയാമെന്ന് ഉറപ്പുനല്‍കി. വിവിധ വകുപ്പുകള്‍ ചുമത്തി ഇവര്‍ക്കെതിരേ കേസെടുത്തു. മേക്കോണ്‍ റസിഡന്‍സി റോഡിലെ രണ്ട് കുടുംബങ്ങളിലെ ഒന്‍പത് അംഗങ്ങളാണ് 14ന് ദുബായ്യില് നിന്ന് തിരുവനന്തപുരം വിമാനത്താവളം വഴി നാട്ടിലെത്തിയത്. ഈ ദിവസം മുതല്‍ ഇവര്‍ പരിസരങ്ങളിലും പള്ളികളിലുമൊക്കെയായി കറങ്ങിനടക്കുന്നുവെന്ന് നാട്ടുകാര്‍ ആരോഗ്യവകുപ്പ് അധികൃതരെ അറിയിച്ചു. കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് അധികൃതര്‍ ഇവരുടെ വീട്ടിലെത്തി കൊറോണ പകരുന്നതിനെതിരേ സ്വീകരിക്കേണ്ട നടപടികളറിയിച്ചു. വീട്ടിനുള്ളില്‍ കഴിയണമെന്നും ആവശ്യപ്പെട്ടു. ഇത് കുടുംബാംഗങ്ങള്‍ അനുസരിക്കാത്തത് ശ്രദ്ധിച്ച നാട്ടുകാര്‍ ശനിയാഴ്ച വീണ്ടും ആരോഗ്യവകുപ്പ് അധികൃതരെ വിവരം ധരിപ്പിച്ചു. ശനിയാഴ്ച ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ സംഘം വീണ്ടും കുണ്ടറ സ്റ്റേഷനിലെ സിപിഒയുമായി ഇവരുടെ വീട്ടിലെത്തി. നിയന്ത്രണങ്ങള്‍ ശക്തമായി പാലിക്കണമെന്നും വീട്ടിനുള്ളില്‍ കഴിയണമെന്നും ആവശ്യപ്പെട്ടു.
ജീവനക്കാര്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ച കുടുംബത്തിലെ മൂന്നു പേര് ജീവനക്കാരെ അസഭ്യം പറയുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന് പറയുന്നു. ഇതേത്തുടര്‍ന്ന് ജീവനക്കാര്‍ കുണ്ടറ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിനും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും സംഘം ചേര്‍ന്ന് ആക്രമിക്കാന്‍ ശ്രമിച്ചതിനും കേരള പബ്ലിക് ഹെല്‍ത്ത് ആക്ട് പ്രകാരവും ഇവര്‍ക്കെതിരേ കേസ്സെടുത്തു.
കുടുംബാംഗങ്ങളെ അറസ്റ്റുചെയ്ത് തടവില്‍ പാര്പ്പിക്കേണ്ടിവരുമെന്ന് അറിയിച്ചതോടെ ഇവര്‍ വീട്ടിനുള്ളില്‍ത്തന്നെ കഴിയാമെന്ന് സമ്മതിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: