ന്യൂദല്‍ഹി: രാജ്യമൊട്ടാകെ കൊറോണ ഭീതിയില്‍ കഴിയുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് ആശ്വാസവുമായി എത്തിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ബിഎസ്എന്‍എല്‍. രോഗബാധയെ ഭയന്ന് വീടിനുപുറത്തിറങ്ങാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ വീട്ടിലിരുന്നുകൊണ്ട് തന്നെ ജോലിചെയ്യാനുംമറ്റുമായി ഉപഭോക്താക്കള്‍ക്ക് ഒരുമാസത്തേക്ക് സൗജന്യമായി ഇന്റര്‍നെറ്റ് സൗകര്യം പ്രഖ്യാപിച്ചിരിക്കുകയാണ് ബിഎസ്എന്‍എല്‍. ബിഎസ്എന്‍എല്‍ ഡയറക്ടര്‍ (സിഎഫ്എ) വിവേക് ബന്‍സാലാണ് ഇക്കാര്യം അറിയിച്ചത്.
സര്‍ക്കാര്‍ നടത്തുന്ന ടെലികോം സേവനം ടെലിഫോണ്‍ ഉപഭോക്താക്കള്‍ക്ക് ബ്രോഡ്ബാന്‍ഡ് ആക്സസ് സൗജന്യമായാണ് നല്‍കുന്നത്. നേരത്തെ ബിഎസ്എന്‍എല്‍ കണക്ഷന് ഉണ്ടായിരുന്നില്ലെങ്കില്‍ ടെലികോം ഓപ്പറേറ്റര്‍ വഴി ബ്രോഡ്ബാന്‍ഡ് ലൈനുകള്‍ സൗജന്യമായി ഇന്‍സ്റ്റാള്‍ ചെയ്യാം. ഒരു മോഡം വാങ്ങിയാല്‍ മാത്രം മതിയാകും. എന്തായാലും ഈ സൗകര്യം കൊറോണകാലത്ത് ജനങ്ങള്‍ക്ക് വളരെ ആശ്വാസമാണ് നല്‍കുന്നത്. ഇന്റര്‍നെറ്റ് സൗകര്യം വഴി വീട്ടില്‍ നിന്ന് ജോലി ചെയ്യുകയോ പഠിക്കുകയോ അല്ലെങ്കില്‍ വിനോദത്തിനോ ഉപയോഗിക്കാം.
കൂടാതെ എല്ലാ ഉപയോക്താക്കള്‍ക്കും ഒരു മാസത്തിനുശേഷം അവര്‍ ഇഷ്ടപ്പെടുന്ന പ്ലാനുകളിലേക്ക് പണമടച്ച് മാറാവുന്നതാണ്. ഉപഭോക്താവ് അതിവേഗ ഫൈബര്‍ ബ്രോഡ്ബാന്‍ഡ് ലൈന്‍ തിരഞ്ഞെടുക്കുകയാണെങ്കില്‍, ഫൈബര്‍ ഒപ്റ്റിക് കേബിള്‍ ഇന്‍സ്റ്റാളേഷനായി പണം നല്‍കേണ്ടിവരുമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: