വയനാട്: കൊറോണ നിരീക്ഷണത്തിലിരിക്കാന്‍ ഡോക്ടര്‍ നിര്‍ദേശിച്ച യുവാവ് മയക്കുമരുന്നുമായി പോലീസ് പിടിയില്‍. കുടക് സ്വദേശിയായ യുവാവാണ് പിടിയിലായത്. വയനാട്ടിലെ വൈത്തിരിയില്‍ നിന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് സുഹൃത്തുക്കളെയും ഇയാള്‍ക്കൊപ്പം കസ്റ്റഡിയിലെടുത്തു. ലക്കിടിക്കടുത്ത് വാടകവീട്ടിലായിരുന്നു ഇവര്‍.
അതേസമയം, തിരുവനന്തപുരത്ത് കൊറോണ നിരീക്ഷണത്തിലിരുന്നയാള്‍ ആശുപത്രിയില്‍ നിന്ന് ചാടിപ്പോയി കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്തു. ഇന്നലെ വൈകിട്ട് ആറിന് തിരുവനന്തപുരത്താണ് സംഭവം. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിന്നും കാട്ടാക്കട ഊരൂട്ടമ്പലം സ്വദേശിയാണ് ചാടിപ്പോയത്. തുടര്‍ന്ന് ഇയാള്‍ തമ്പാനൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ എത്തി പത്തനംതിട്ടയ്‌ക്ക് പോകാനായി നിര്‍ത്തിയിട്ടിരുന്ന ബസില്‍ കയറുകയായിരുന്നു.
താന്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള രോഗിയാണെന്നും ടിക്കറ്റ് എടുക്കാന്‍ പത്തുരൂപ തരണമെന്നും യാത്രക്കാരോട് ആവശ്യപ്പെട്ടു. ആരും പണം നല്‍കാത്തതിനെ തുടര്‍ന്ന് ഇയാള്‍ ബസില്‍ നിന്ന് ഇറങ്ങി സ്റ്റാന്‍ഡിനുള്ളിലെ കസേരയില്‍ ഇരുന്നു. ഈ സമയം ആശുപത്രി ജീവനക്കാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബസ്റ്റാന്‍ഡില്‍ തേടിയെത്തിയ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. കയ്യില്‍ ക്വാറന്റയിന്‍ ചെയ്തിന്റെ സ്റ്റിക്കറും വസ്ത്രത്തിന്റെ നിറവും അടയാളവും ആണ് ഇയാളെ എളുപ്പം തിരിച്ചറിയാന്‍ പോലീസിനെ സഹായിച്ചത്. തുടര്‍ന്ന് പ്രത്യേക ആംബുലന്‍സില്‍ രോഗിയെ മെഡിക്കല്‍ കോളേജില്‍ തിരികെ എത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: