തൃശൂര്‍: എണ്‍പത്തെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഗുരുവായൂരില്‍ ഭക്തര്‍ക്ക് പ്രവേശനമില്ലാത്ത സാഹചര്യം. കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ ഇന്നലെ മുതല്‍ വിലക്ക് പൂര്‍ണമായി നടപ്പാക്കിത്തുടങ്ങി.
1932-ല്‍ കെ. കേളപ്പന്റെ നേതൃത്വത്തില്‍ നടന്ന ക്ഷേത്ര പ്രവേശന സത്യഗ്രഹത്തെ തുടര്‍ന്ന് 1932 ജനുവരിയില്‍ 27 ദിവസം ക്ഷേത്രം അടച്ചിട്ടിരുന്നു, ഭക്തര്‍ക്ക് പ്രവേശനം വിലക്കി. രാജാവിന്റെ നിര്‍ദേശപ്രകാരമായിരുന്നു നടപടി. ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ച സത്യഗ്രഹികളെ യാഥാസ്ഥിതികര്‍ മര്‍ദിച്ചതിനെത്തുടര്‍ന്ന് അന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തിരുന്നു.
1932ന് ശേഷം ഇതാദ്യമായാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് വിലക്ക്. ഇന്നത്തെ വിലക്ക് ഒരു സാമൂഹ്യ ആവശ്യത്തിന്റെ പേരിലാണെന്ന് മാത്രം. ക്ഷേത്രത്തിലെ പൂജകളും ചടങ്ങുകളും ഇന്നലെ പതിവുപോലെ നടന്നു. രാവിലെ മൂന്ന് മണിയോടെ നടതുറന്നു. നിര്‍മാല്യ ദര്‍ശനത്തിനും പതിവ് പൂജകള്‍ക്കും ശേഷം ആനപ്പുറത്ത് ശീവേലിയും പന്തീരടിപൂജയും ഉച്ചപൂജയും ക്രമപ്രകാരം പൂര്‍ത്തിയാക്കി. 10.45ന് നട അടച്ചു. ക്ഷേത്രം ശാന്തിക്കാരും ദേവസ്വം ജീവനക്കാരും മാത്രമാണ് ചുറ്റമ്പലത്തിനകത്ത് പ്രവേശിച്ചത്.
ആളൊഴിയാത്ത ഗോപുരനടയും നടപ്പന്തലും ഇന്നലെ വിജനമായിരുന്നു. ഭക്തരെ തിരിച്ചയയ്ക്കാന്‍ പോലീസും ദേവസ്വം സുരക്ഷാ ജീവനക്കാരും കാവലുണ്ടായിരുന്നുവെങ്കിലും ഭക്തരാരും പ്രവേശിക്കാന്‍ എത്തിയില്ല. ചോറൂണ്, വിവാഹം തുടങ്ങിയ ചടങ്ങുകളും ഇനിയോരറിയിപ്പുണ്ടാകുന്നതുവരെ നിര്‍ത്തി. കൃഷ്ണനാട്ടം, ഉദയാസ്തമന പൂജ എന്നിവയുമുണ്ടാകില്ല. ഇവ ബുക്ക് ചെയ്തവര്‍ക്ക് വഴിപാട് നടത്താന്‍ പിന്നീട് സൗകര്യമൊരുക്കുമെന്ന് ദേവസ്വം വ്യക്തമാക്കി. ക്ഷേത്ര നടയിലും പരിസരത്തുമുള്ള വ്യാപാര സ്ഥാപനങ്ങള്‍ മിക്കതും അടഞ്ഞുകിടക്കുകയാണ്.
തിങ്കളാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന മേല്‍ശാന്തി തെരഞ്ഞെടുപ്പ് മാറ്റി വച്ചു. ഇത് രണ്ടാം തവണയാണ് തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കുന്നത്. പുതിയ തീയതി തീരുമാനിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: