കൊച്ചി: പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് കേസില്‍ പ്രതിയായ ലോക്കല്‍ കമ്മിറ്റിയംഗവും ഭാര്യയും ഒളിവില്‍ കഴിയുന്നത് സിപിഎം നേതാവിന്റെ സംരക്ഷണയില്‍. കളമശേരിയിലെ ഒരു പ്രമുഖ നേതാവാണ് ഇവര്‍ക്ക് സംരക്ഷണം നല്‍കുന്നത്.
സിപിഎം തൃക്കാക്കര ഈസ്റ്റ് മുന്‍ ലോക്കല്‍ കമ്മിറ്റിയംഗം നിലംപതിഞ്ഞിമുകള്‍ എം.എം. അന്‍വര്‍, ഇയാളുടെ ഭാര്യ അയ്യനാട് സര്‍വീസ് സഹകരണ ബാങ്ക് മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം കൗലത്ത്, രണ്ടാം പ്രതി സിവില്‍ സ്റ്റേഷനു സമീപം താമസിക്കുന്ന ബി. മഹേഷിന്റെ ഭാര്യ നീതു എന്നിവരാണ് പോലീസിന് പിടികൊടുക്കാതെ ഒളിവില്‍ കഴിയുന്നത്. പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് ആദ്യം പുറത്തുവന്നത് അന്‍വറിന്റെ പേരായിരുന്നു. കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയതിനാല്‍ അറസ്റ്റ് ചെയ്യാനാവില്ലെന്നാണ് പോലീസ് വിശദീകരണം.
മൂന്നാഴ്ചയിലേറെയായി അന്‍വറും ഭാര്യയും ഒളിവിലാണ്. ദുരിതാശ്വാസ ഫണ്ട് ചോര്‍ത്തിയ കേസില്‍ ഏതെല്ലാം നേതാക്കള്‍ക്ക് പങ്കുണ്ടെന്നുതുള്‍പ്പെടെയുള്ള നിര്‍ണായക തെളിവുകളാണ് ഇയാളില്‍ നിന്ന് ലഭിക്കുക. ഫണ്ട് തട്ടിപ്പ് കേസില്‍ ഉന്നത സിപിഎം നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരിലേക്ക് അന്വേഷണം നീങ്ങിയ സാഹചര്യത്തിലാണ് അന്‍വര്‍ ഒളിവില്‍ പോയത്. ഇയാള്‍ പിടിയിലാവുന്നതോടെ നേതാക്കളുടെ പങ്ക് വ്യക്തമാകും. സിപിഎം ഭരിക്കുന്ന അയ്യനാട് സര്‍വീസ് സഹകരണ ബാങ്കിലെ അന്‍വറിന്റെ അക്കൗണ്ടിലേക്ക് നേതാക്കളുടെ ഒത്താശയോടെ ഫണ്ട് ചോര്‍ത്തുകയായിരുന്നു. അഞ്ചു ഗഡുക്കാളായി അക്കൗണ്ടിലെത്തിയ 10.54 ലക്ഷം രൂപ അന്‍വറിന് മാത്രമായി ലഭിച്ചതായിരിക്കില്ലെന്നാണ് പോലീസ് നിഗമനം.
ആദ്യം അക്കൗണ്ടിലെത്തിയ അഞ്ച് ലക്ഷം രൂപ കൈക്കലാക്കിയ അന്‍വറും ഭാര്യയും ബാക്കി തുക കൂടി കൈവശപ്പെടുത്താന്‍ ശ്രമിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്. ഇരുവരും പിടിയിലായാല്‍ ആരെല്ലാമാണ് പണം വാങ്ങിയതെന്ന് ഇവര്‍ തുറന്നു പറഞ്ഞേക്കുമെന്നാണ് നേതാക്കളുടെ ഭയം. അതുകൊണ്ട് തന്നെ പ്രതികളെ ഒളിവില്‍ പാര്‍പ്പിച്ച് കോടതിയില്‍ നിന്ന് ജാമ്യമെടുക്കാനാണ് നേതാക്കളുടെ ശ്രമം.
ഒന്നാം പ്രതി കളക്ടറേറ്റിലെ സെക്ഷന്‍ ക്ലാര്‍ക്ക് വിഷ്ണു പ്രസാദ്, രണ്ടാം പ്രതി ബി. മഹേഷ്, ആറാം പ്രതി സിപിഎം ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയംഗം നിഥിന്‍, ഭാര്യ ഷിന്റു എന്നിവരാണ് പിടിയിലായത്. ഇതിനിടെ, സിപിഎം ലോക്കല്‍ കമ്മിറ്റിയംഗവും വിവാദത്തിലായ അയ്യനാട് സഹകരണ ബാങ്ക് ഡയറക്ടറുമായിരുന്ന സിയാദ് വാഴക്കാലയുടെ ആത്മഹത്യാക്കുറിപ്പില്‍ പേര് പരമാര്‍ശിക്കുന്ന കളമശേരി ഏരിയ സെക്രട്ടറി വി.എം. സക്കീര്‍ ഹുസൈനെതിരെയുള്ള പരാതി അന്വേഷിക്കാന്‍ പാര്‍ട്ടി നിയോഗിച്ച രണ്ടംഗ കമ്മീഷന്‍ അടുത്ത ആഴ്ച ജില്ലാ കമ്മിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: