കാളിദാസ വിരചിതമായ മേഘസന്ദേശത്തിന് ഒട്ടേറെ തര്‍ജമകള്‍ മലയാളത്തിലുണ്ടായിട്ടുണ്ട്. മഹാകവി ജി.ശങ്കരക്കുറുപ്പിന്റെ മേഘച്ഛായ, കുട്ടിക്കൃഷ്ണമാരാരുടെ ഗദ്യ പരിഭാഷ, തിരുനെല്ലൂരിന്റെ ദ്രാവിഡ വൃത്ത വിവര്‍ത്തനം എന്നിങ്ങനെ ശ്രദ്ധേയമായ വിവര്‍ത്തനോദ്യമങ്ങളെയെല്ലാം അതിശയിച്ചു നില്‍ക്കുന്ന ഒരു വൃത്താനുവൃത്ത വിവര്‍ത്തനത്തിന് അച്ചടിമഷി പുരളാന്‍ ഭാഗ്യം സിദ്ധിച്ചത് രണ്ടായിരത്തി പതിനേഴില്‍ മാത്രമാണ്. മേഘസന്ദേശം അതിമനോഹരമായി പരിഭാഷപ്പെടുത്തിയ കെ. കെ. ഗണപതി നമ്പൂതിരിപ്പാട് എന്ന പ്രതിഭാധനനായ കവി, താന്‍ രചിച്ച ഒട്ടേറെ കൃതികള്‍ പ്രസിദ്ധീകരണയോഗ്യമില്ലാതെ പോയതില്‍ മനംനൊന്ത് തന്റെ ഇരുമ്പുപെട്ടിയില്‍ സ്വകൃതികള്‍ അടച്ചുവച്ച് കാലയവനികയ്‌ക്കുള്ളില്‍ മറഞ്ഞു. പക്ഷേ, കവിത ഒരു സത്യമാണെന്ന വചനം സാര്‍ത്ഥകമാക്കികവിയുടെ മരണ ശേഷം ചില കൃതികള്‍ വെളിച്ചം കണ്ടു. തിരസ്‌കാരങ്ങളില്‍ അടിപതറിപ്പോയ കവിയുടെ ആത്മശാന്തിക്കെന്നോണം പല കൃതികളും ഉടന്‍ പുറത്തിറക്കാനുള്ള സദ്ദുദ്യമത്തിലാണ് കവി പുത്രന്‍ കെ. എന്‍. പുരുഷോത്തമന്‍. മേഘസന്ദേശം: വൃത്താനുവൃത്ത വിവര്‍ത്തനം, ചിന്താവിഷ്ടനായ രാമന്‍ (ഖണ്ഡകാവ്യം), സംസ്‌കൃത കാവ്യങ്ങളും ഭാഷാന്തരീകരണവും എന്നീ കൃതികള്‍ ഡിസി / കറന്റ് ബുക്‌സ് പ്രസിദ്ധീകരിച്ചു. ധ്രുവചരിതം മണിപ്രവാള ഖണ്ഡകാവ്യം കുരുക്ഷേത്ര ബുക്‌സാണ് പുറത്തിറക്കിയത്. ഇതില്‍ ചിന്താവിഷ്ടനായ രാമന്‍ എന്ന ഖണ്ഡകാവ്യം 1965ല്‍ ഒറ്റപ്പാലത്ത് നടന്ന സമസ്ത കേരള സാഹിത്യ പരിഷത്തില്‍ സമ്മാനാര്‍ഹമായ കൃതിയാണ്. യശഃശരീരനായ ഉള്ളാട്ടില്‍ ഗോവിന്ദന്‍കുട്ടി നായരാണ് കാവ്യത്തിന് അവതാരിക എഴുതിയത്. തന്റെ കൃതികള്‍ എന്നെങ്കിലും പ്രസിദ്ധീകരിക്കപ്പെടുമെന്ന ചിന്ത കവിക്ക് ഉണ്ടായിരുന്നിരിക്കണം. അതാവാം, ഉള്ളാട്ടില്‍ അന്നെഴുതിയ അവതാരിക സഹിതം പല കൃതികളും ഒരു ഇരുമ്പു പെട്ടിയില്‍ വലിയ കേടുപാടുകളൊന്നും കൂടാതെ സൂക്ഷിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.
‘ചിന്താവിഷ്ടനായ രാമ’നുവേണ്ടി എഴുതിയ ആമുഖ പ്രസ്താവനയില്‍ നമ്പൂതിരിപ്പാട് ഇപ്രകാരം തന്റെ അന്തര്‍ഗതം വ്യക്തമാക്കുന്നു. പ്രതിഭയുണ്ടായിട്ടും അംഗീകരിക്കാനോ പ്രോത്സാഹിപ്പിക്കുവാനോ ആരുമില്ലാത്തതിന്റെ ആത്മവേദനയും നിസ്സഹായതയും ഈ വാക്കുകളില്‍ തെളിയുന്നു.
‘സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ പ്രസ്താവന കണ്ട് ഏതാനും പദ്യങ്ങള്‍ എഴുതിയെന്നല്ലാതെ, മത്സരത്തിനയയ്‌ക്കണമെന്നോ അയയ്‌ക്കാന്‍ അര്‍ഹമാകുമെന്നോ അന്നു ഞാന്‍ കരുതിയിരുന്നില്ല. ചില സുഹൃത്തുക്കളുടെ നിര്‍ബന്ധ പ്രകാരം അയച്ചു എന്നു മാത്രം. ഇത്രയും കാലം ഈ പുസ്തകം ചിട്ടപ്പെടുത്തി പ്രസിദ്ധീകരിക്കാന്‍ സാധിക്കാതെ വന്നതിന് എന്റെ സാമ്പത്തിക ശേഷിയില്ലായ്മയും പ്രോത്സാഹനക്കുറവും സ്വാഭാവികമായ ‘നമ്പൂരിശ്ശങ്ക’യും കാരണങ്ങളാണ്.
ഈ പുസ്തകത്തിന്റെ സഹോദര സന്തതികളായ മൂന്നു നാലു പുസ്തകങ്ങള്‍ ഇപ്പോഴും എന്റെ പെട്ടിക്കകത്ത് വാലന്‍ മൂട്ടകള്‍ക്ക് ഭക്ഷണമായി തീരുകയാണ്. ഉദാരമതികളായ വല്ല സമ്പന്നരുടെയും സഹായ ഹസ്തങ്ങള്‍ക്കു മാത്രമേ പെട്ടി തുറക്കാന്‍ സാധ്യമാകൂ. അധികമൊന്നും സാഹിത്യലോകത്ത് വിഹരിച്ചിട്ടില്ലാത്തതാണ് എന്റെ എളിയ പ്രതിഭ. എങ്കിലും ആ പുണ്യവതിയുടെ ഈ സാഹിതീ സേവനത്തിന് ഉദ്ദേശ്യശുദ്ധിയോര്‍ത്തെങ്കിലും ഭാവുക ലോകത്തിന്റെ സമഞ്ജസമായ സാധുവാദം ലഭിക്കുമെന്നാണ് എന്റെ പരിപൂര്‍ണ്ണ വിശ്വാസം.’
അറുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷം ഈ പ്രസ്താവന വായിച്ച് ഇന്നത്തെ സമ്പന്ന കവികള്‍ ചിരിച്ചേക്കാം. പക്ഷേ, അക്കാലം കടുത്ത മാനസികവ്യഥയില്‍ ഉലഞ്ഞു പോയ ഒരു കവി ജന്മത്തിന്റെ തിരുശേഷിപ്പുകളിലൂടെ കടന്നുപോകുന്ന ഒരു സഹൃദയനും ചിരിക്കാനാവില്ല.
1923 ആഗസ്റ്റ് രണ്ടിന് കണ്ണൂര്‍ ജില്ലയിലെ ചെറുതാഴം കൂലയില്‍ കാരയ്‌ക്കാട്ടില്ലത്താണ് കെ.കെ. ഗണപതി നമ്പൂതിരിപ്പാട് ജനിച്ചത്. ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെയും സാവിത്രി അന്തര്‍ജനത്തിന്റെയും ആറാമത്തെ പുത്രന്‍. ഗുരുകുല സമ്പ്രദായത്തില്‍ ഇല്ലത്തു വച്ചുതന്നെ സംസ്‌കൃത പഠനവും വേദാഭ്യാസവും നിര്‍വഹിച്ച നമ്പൂതിരിപ്പാട്, സംസ്‌കൃതത്തിന്റെ ആദ്യ പാഠങ്ങള്‍ പരിചയപ്പെട്ടത് അപ്ഫന്‍ കൃഷ്ണന്‍ നമ്പൂതിരിയില്‍ നിന്നായിരുന്നു. പിന്നീട് തനിയേ ആയി പഠനം. സംസ്‌കൃത പണ്ഡിതനും ഭാഗവതജ്ഞനുമായി മാറിയതിനൊപ്പം ജ്യോതിഷത്തിലും അവഗാഹം നേടി. തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ മുറജപത്തിന് നിരവധി തവണ പണ്ഡിതശ്രേണി അലങ്കരിച്ചിരുന്നു, ഗണപതി നമ്പൂതിരിപ്പാട്. കണ്ണൂരിലെ പഴയകാല പ്രസിദ്ധീകരണമായ ദേശമിത്രത്തില്‍ കവിതകള്‍ പ്രസിദ്ധീകരിച്ചിരുന്നു. തന്റെ ഒരു കൃതി പോലും പുസ്തക രൂപത്തില്‍ വെളിച്ചം കാണാതെ, അത് കാണാന്‍ യോഗമില്ലാതെ 2012 ഏപ്രില്‍ 12 ന് നമ്പൂതിരിപ്പാട് അന്തരിച്ചു. പത്‌നി മാതമംഗലം കുന്നോത്ത് നടുവിലിടത്തില്‍ സരോജിനി അക്കമ്മ വാര്‍ദ്ധക്യാവസ്ഥയിലാണ്.
ശ്രീഭൂതനാഥസ്തവം, കവിതാ സമാഹാരമായ സാഹിത്യ മുകുളങ്ങള്‍, ഖണ്ഡകാവ്യമായ പ്രേമഭിക്ഷ, വടക്കന്‍പാട്ടിനെ അധികരിച്ചെഴുതിയ ഖണ്ഡകാവ്യമായ ഒരു പ്രതികാരം, വിവര്‍ത്തന കൃതിയായ ശ്രുതിഗീത, കവിതാ സമാഹാരമായ കവന കലാസഞ്ചിക, ഖണ്ഡകാവ്യമായ കേരളവിലാസം, പാലക്കാട് വടക്കന്തറ മനക്കത്തൊടി ശ്രീമഹാവിഷ്ണു ക്ഷേത്രത്തിലെ ഭാഗവത സപ്താഹത്തിന്റെ യജ്ഞപ്രസാദമെന്നോണം എഴുതിയ ദശാവതാര സ്‌തോത്രം എന്നിങ്ങനെ കെ. കെ. ഗണപതി നമ്പൂതിരിപ്പാടിന്റെ അപ്രകാശിത രചനകള്‍ വായിക്കാനുള്ള ഭാഗ്യം സിദ്ധിച്ചതില്‍നിന്നും, മലയാളം വേണ്ടവിധം കാണാതെ, അറിയാതെ പോയ മനീഷി തന്നെയായിരുന്നു നമ്പൂതിരിപ്പാട് എന്ന് ഉറപ്പിച്ചു പറയുവാനാകും നാല് സര്‍ഗങ്ങളിലുള്ള ധ്രുവചരിതം മണിപ്രവാള ഖണ്ഡകാവ്യത്തിന് അവതാരികയഴുതിയ സംസ്‌കൃത പണ്ഡിതനും ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ റിസര്‍ച്ച് ഇന്‍സ്റ്റിട്ട്യൂട്ടിന്റെ ചെയര്‍മാനുമായ മഹാ മഹോപാധ്യായ ഡോ. ജി ഗംഗാധരന്‍ നായര്‍ ഇതേപ്പറ്റി വിശദീകരിച്ചിട്ടുണ്ട്.
സര്‍വകലാശാല പാഠപ്പുസ്തക കമ്മിറ്റികള്‍ ഈ ഗ്രന്ഥം വിദ്യര്‍ത്ഥികള്‍ക്ക് പഠനത്തിനായി ശുപാര്‍ശ ചെയ്താല്‍ മലയാള ഭാഷയ്‌ക്ക് വലിയൊരു മുതല്‍ക്കൂട്ടായിരിക്കും. കാളിദാസ മഹാകവിയുടെ മേഘസന്ദേശത്തിന്റെ പൂര്‍വഭാവവും ഉത്തരഭാഗവും അടങ്ങുന്ന പദാനുപദവൃത്ത തര്‍ജമയെക്കുറിച്ച് മുതിര്‍ന്ന എഴുത്തുകാരന്‍ എം.കെ. സാനുമാസ്റ്റര്‍ ഇപ്രകാരം രേഖപ്പെടുത്തുന്നു:
‘കാളിദാസന്റെ മേഘസന്ദേശം കാവ്യത്തിന് മലയാളത്തില്‍ എത്ര പരിഭാഷകളുണ്ടെന്ന് എനിക്ക് കൃത്യമായി അറിഞ്ഞുകൂടാ. നാലഞ്ച് പരിഭാഷകള്‍ വായിച്ചതായി ഓര്‍മിക്കുന്നു. അവയുടെ കൂട്ടത്തില്‍ എന്നെ ഏറ്റവുമധികം ആകര്‍ഷിച്ചത് തിരുനെല്ലൂര്‍ കരുണാകരന്റെ പരിഭാഷയാണ്. അത് ദ്രാവിഡ വൃത്തത്തിലാണ്. മൂലകാവ്യത്തിന്റെ ഭാവതരളമായ അന്തരീക്ഷം ആ പരിഭാഷയില്‍ ഹൃദ്യമാംവിധം തങ്ങിനില്‍ക്കുന്നു.
എന്നാല്‍, ഈയിടെ വായിച്ച ഒരു പരിഭാഷയില്‍ ഭാവതരളതയോടൊപ്പം കാളിദാസ പ്രൗഢിയും കലര്‍ന്നിരിക്കുന്നതായി അനുഭവപ്പെടുന്നു. കെ.കെ. ഗണപതി നമ്പൂതിരിപ്പാടിന്റെ പരിഭാഷയാണത്. വൃത്താനുവൃത്തമായും പദാനുപദമായും നിര്‍വഹിച്ചിട്ടുള്ള ഈ പരിഭാഷയില്‍ കാളിദാസ രചനയുടെ അനിര്‍വചനീയമായ പ്രൗഢി ഭാവതരളതയോടൊപ്പം ഹൃദയാവര്‍ജകമായി ഇണങ്ങിച്ചേര്‍ന്നിരിക്കുന്നതായനുഭവപ്പെട്ടു.
കാളിദാസ ഹൃദയം അതിന്റെ വശ്യതയോടെ ഈ പരിഭാഷയില്‍ സ്പന്ദിക്കുന്നു. ഏറ്റവും വിശിഷ്ടമായ പരിഭാഷയാണിതെന്ന കാര്യത്തില്‍ എനിക്ക് സംശയമൊന്നുമില്ല.
രാഷ്‌ട്രീയ സംസ്‌കൃത സംസ്ഥാനിലെ പ്രഫ. കേശവന്‍ കെ. പിയുടെ അഭിപ്രായം ഇങ്ങനെ: ‘കാളിദാസന്റെ വിശ്വോത്തര കൃതിയായ മേഘദൂതത്തിന്റെ മലയാള വിവര്‍ത്തനം എതാണ്ട് അറുപത് വര്‍ഷം മുമ്പ് കെ.കെ. ഗണപതി നമ്പൂതിരിപ്പാട് എഴുതിയിരുന്നു. എന്നാല്‍ ഇപ്പോഴാണ് അദ്ദേഹത്തിന്റെ പുത്രന്‍ കെ. എന്‍. പുരുഷോത്തമന് ഇത് പ്രസിദ്ധീകരിക്കാനായത്.
മന്ദാക്രാന്തയില്‍ത്തന്നെയുള്ള ഈ വിവര്‍ത്തനം കാളിദാസ ഹൃദയത്തോട് ഏറെ അടുത്തു നില്‍ക്കുന്നു. സംസ്‌കൃത ഭാഷയില്‍ വേണ്ടത്ര അറിവില്ലാത്തവര്‍ക്കു പോലും മേഘസന്ദേശം ആസ്വദിക്കാന്‍ ഈ വിവര്‍ത്തനം പ്രയോജനപ്പെടുമെന്ന് നിസ്സംശയം പറയാം. വൈകിയാണെങ്കിലും കൈരളിക്കു കൈവന്ന സൗഭാഗ്യമാണ് ഗണപതി നമ്പൂതിരിപ്പാടിന്റെ ഈ വിവര്‍ത്തനം.’
ഗണപതിയേട്ടന്റ ആദ്യകാല കൃതികള്‍ മിക്കതും ആദ്യമായി വായിക്കാനുള്ള ഭാഗ്യമെനിക്കുണ്ടായിട്ടുണ്ട്. വായിച്ചു കേട്ടത് പകര്‍ത്തിയെഴുതുവാനും കഴിഞ്ഞു. 1955 കാലഘട്ടത്തില്‍ ഞാന്‍ അധ്യാപകനായിരുന്ന കാലത്ത് ചിറയ്‌ക്കല്‍ രാമവര്‍മ രാജയുടെ ഷഷ്ടിപൂര്‍ത്തി ആഘോഷത്തില്‍ ഗണപതിയേട്ടന്‍ ചൊല്ലി സമര്‍പ്പിച്ച മംഗള ശ്ലോകം ഇന്നും നല്ല ഓര്‍മ്മയുണ്ട്. അന്നദ്ദേഹത്തിന് തമ്പുരാന്‍ ബഹുമതിയും നല്‍കി. സാഹിതീ സേവനത്തില്‍ ഒരു ഘട ദീപമായിരുന്നു കെ. കെ. ഗണപതി നമ്പൂതിരിപ്പാട്. പുതിയ തലമുറ ഈ സാഹിത്യോപാസകനെ അറിയണം. അദ്ദേഹത്തിന്റ വലിയൊരു പ്രത്യേകതയായി എനിക്കു തോന്നുന്നത് ജിജ്ഞാസയാണ്. ആദ്യ പാഠത്തിനു ശേഷം സ്വന്തമായി പഠിച്ച് വ്യുല്‍പ്പത്തി നേടുകയാണദ്ദേഹം ചെയ്തത്. വേദ പണ്ഡിതനായതും സ്വയമേവയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: