ശ്ലോകം 141
മഹാമോഹഗ്രാഹഗ്രസനഗളിതാത്മാവഗമനോ
ധിയോ നാനാവസ്ഥാഃ സ്വയമഭിനയന് തദ്ഗുണതയാ
അപാരേ സംസാരേ വിഷയവിഷപൂരേ ജലനിധൗ
നിമജ്യോന്മജ്യായം ഭ്രമതി കുമതിഃ കുത്സിതഗതിഃ
ആത്മബോധത്തെ മഹാ മോഹമാകുന്ന മുതല വിഴുങ്ങുന്നതു മൂലം മനുഷ്യന് കുബുദ്ധിയായിത്തീരുന്നു. അപ്പോള്‍ ബുദ്ധിയുടെ പല തരത്തിലുള്ള അവസ്ഥകളെ ആത്മാവിന്റെ ധര്‍മ്മങ്ങളെന്ന് കരുതും.ഇതേ തുടര്‍ന്ന് വിഷയവിഷമാകുന്ന വെള്ളം നിറഞ്ഞ കരകാണാന്‍ പറ്റാത്ത സംസാര സമുദ്രത്തില്‍ മുങ്ങിയും പൊങ്ങിയും പാടുപെടും. അയാളുടെ ഗതി വളരെ ദയനീയമാണ്.
തമസ്സിന്റെ ശക്തിയാണ് മഹാമോഹത്തിന് കാരണമായിരിക്കുന്നത്. മോഹം എന്നാല്‍ തെറ്റിദ്ധാരണ, ഭ്രമം, ആശയക്കുഴപ്പം എന്നൊക്കെയാണ് അര്‍ത്ഥം. മോഹത്തെ മുതലയോടാണ് ഉപമിച്ചിരിക്കുന്നത്. മഹാ മോഹം മുതലയെപ്പോലെ ആത്മജ്ഞാനത്തെ വിഴുങ്ങുന്നു. എന്നു വെച്ചാല്‍ അവനവനെക്കുറിച്ച് ശരിക്ക് അറിയാനുള്ള കഴിവിനെ നഷ്ടമാകുന്നു. വിവേക ബുദ്ധി നശിക്കുന്നു. പിന്നെ ചലഞ്ചമായ ബുദ്ധിയാണ്. ഈ കുബുദ്ധി ഓരോ വിഷയങ്ങളിലും താല്‍പ്പര്യം വച്ച് പുലര്‍ത്തുന്നു. തന്റെ യഥാര്‍ത്ഥ നില മറന്ന് ബുദ്ധിയുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് ജീവന് പെരുമാറും ബുദ്ധിയുടെ ധര്‍മ്മങ്ങള്‍ ആത്മാവിന്റെ ധര്‍മ്മങ്ങളെന്ന് കരുതി വ്യാമോഹിക്കും. ഇതു മൂലം ഓരോരുത്തരും അവരുടെ മുന്‍ വാസനയ്ക്കനുസരിച്ച് ജീവിക്കേണ്ടി വരുന്നു.
ഇത് നിരവധി കര്‍മ്മങ്ങളിലേക്കും ദുഃഖത്തിലേക്കും നയിക്കും. സംസാര സമുദ്രത്തില്‍ മുങ്ങിപ്പൊങ്ങി കഷ്ടത്തിലാകും. വിഷയ വിഷങ്ങളാണ് ഇതിലെ വെള്ളം. ആര്ത്തലയ്ക്കയ്ന്ന തിരമാലകളില്‍ പെട്ട് ആടിയുലയുന്ന വള്ളം പോലെയാകും ഓരോ ആളും. ഇങ്ങനെയെങ്കില്‍ സംസാര സമുദ്രത്തെ തരണം ചെയ്യുക വളരെ ദുഷ്കരമായിരിക്കും.
ഇത്തരത്തിലുള്ള ലൗകിക ജീവിതം കൂടുതല്‍ വാസനകളെ ഉണ്ടാക്കുന്നു. വാസന കൂടുമ്പോള്‍ സങ്കല്പങ്ങള് വര്‍ദ്ധിക്കും. സങ്കല്പങ്ങള് മൂലം കാമനകളും അതിനെ നേടാനായി നിരവധി കര്‍മ്മങ്ങളും ഉണ്ടാകും.ഇത് വീണ്ടും വാസനകളിലേക്കും കര്മ്മബന്ധത്തിലേക്കും നയിക്കും. ഇതിലെല്ലാം പെട്ട് ജീവന് വലയുന്നു.
സംസാരദുഃഖങ്ങള്‍ അനുഭവിക്കുമ്പോള്‍ അജ്ഞാനം മൂലം നമുക്ക് പരമാത്മാവിനെ അറിയാന്‍ കഴിയില്ല.അതെങ്ങനെ സംഭവിക്കുന്നു എന്ന് ഒരു ഉദാഹരണത്തിലൂടെ അടുത്ത ശ്ലോകത്തില്‍ വ്യക്തമാക്കുന്നു.
ശ്ലോകം 142
ഭാനുപ്രഭാ സംജനിതാഭ്രപംക്തിഃ
ഭാനും തിരോധായ വിജൃംഭതേ യഥാ
ആത്മോദിതാഹങ്കൃതിരാത്മതത്ത്വം
തഥാ തിരോധായ വിജൃംഭതേ സ്വയം
സൂര്യപ്രകാശം മൂലം ഉണ്ടായ മേഘങ്ങളുടെ കൂട്ടം ആകാശത്തില്‍ സൂര്യനെ മറച്ച് പ്രത്യക്ഷപ്പെടുന്നതു പോലെ ആത്മാവില്‍ നിന്നുണ്ടായ അഹങ്കാരം ആത്മതത്വത്തെ മറച്ച് സ്വയം പ്രകടമാകുന്നു.
സൂര്യന്റെ ചൂടും വെളിച്ചവുമാണ് മേഘങ്ങള്‍ക്ക് കാരണം. സൂര്യപ്രകാശം മൂലം ഘനീഭവിക്കുന്ന നീരാവിയാണ് മേഘമായി മാറുന്നത് എന്നാല്‍ മേഘങ്ങള്‍ സൂര്യനെ മറയ്ക്കാന്‍ ശേഷിയുള്ളവരായിത്തീരുന്നു.എന്നിട്ട് സ്വയം പ്രത്യക്ഷമാകുകയും ചെയ്യുന്നു. വാസ്തവത്തില്‍ ഇവയ്ക്കൊന്നും സൂര്യനെ മറയ്ക്കാനുള്ള ശേഷിയില്ല എങ്കിലും നമുക്ക് അങ്ങനെ തോന്നിപ്പിക്കും. ഇതു പോലെയാണ് പരമാത്മാവില്‍ നിന്നുണ്ടായ അഹങ്കാരവും ചെയ്യുന്നത്. അത് ആത്മസ്വരൂപത്തെ മറച്ച് സ്വയം പ്രകടമാകുന്നു.
ആത്മചൈതന്യം ശരീര മനോബുദ്ധി ഉപാധികളിലൂടെ പ്രകടമാകുമ്പോഴാണ് കര്‍തൃത്വ-ഭോക്തൃത്വ അഭിമാനിയായ ജീവനാകുന്നത്. അപ്പോള്‍ ഞാന്‍… ഞാന്‍.. എന്ന തോന്നലുണ്ടാക്കി അഹങ്കാരം മുന്നില്‍ നില്ക്കുന്നു. അത് നമ്മുടെ യഥാര്‍ത്ഥ സ്വരൂപത്തെ മറച്ച് പിടിക്കുകയും ചെയ്യുന്നു. താനല്ലാതെ ആത്മാവ് എന്ന ഒന്നില്ല എന്ന് വരെ ഈ അഹങ്കാരം തോന്നിപ്പിക്കും. അഹങ്കാരത്തിന്റെ വിജൃംഭണം നമ്മെ കൂടുതല്‍ അനര്‍ത്ഥങ്ങളിലേക്ക് തള്ളിവിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: