ദക്ഷിണേന്ത്യന്‍ സംഗീതജ്ഞരില്‍ വളരെ വിദഗ്ധനായ സംഗീതരചയിതാവ് ആയിരുന്നു ഊത്തുക്കാട് വെങ്കടസുബ്ബയ്യര്‍. അദ്ദേഹം തമിഴ്നാട്ടിലാണ് ജീവിച്ചിരുന്നത്. സംഗീതമൂര്‍ത്തിത്രയമായ ത്യാഗരാജസ്വാമികള്‍, മുത്തുസ്വാമി ദീക്ഷിതര്‍, ശ്യാമശാസ്ത്രികള്‍ എന്നിവര്‍ക്ക് മുന്‍പ് ജീവിച്ചിരുന്ന സംഗീതജ്ഞനായിരുന്നു അദ്ദേഹം. ഊത്തുക്കാട് വെങ്കിടകവി എന്നും അദ്ദേഹം അറിയപ്പെട്ടിരുന്നു. അദ്ദേഹം സംസ്കൃതഭാഷയില്‍ നൂറില്‍പരം കൃതികളും, തമിഴ്, മറാട്ടി ഭാഷകളില്‍ അഞ്ഞൂറില്പരം കൃതികളും രചിച്ചു. തഞ്ചാവൂരിലെ പ്രതാപസിംഹ രാജാവിന്റെകാലത്താണ് അദ്ദേഹം ജീവിച്ചിരുന്നത്. ഏകദേശം 1700- 1765 കാലഘട്ടത്തിലാണ് അദ്ദേഹം ജീവിച്ചിരുന്നത്. വെങ്കടസുബ്ബയ്യര്‍ ഒരു ശ്രീകൃഷ്ണഭക്തനും സര്‍വോപരി ദേവിഭക്തനും ആയിരുന്നു. ശ്രീകൃഷ്ണ ഭഗവാന്റെ ബാല്യകാലലീലകളെകുറിച്ചും മറ്റും വര്‍ണിച്ച് ധാരാളം കൃതികളും പദങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. വളരെ ജനസമ്മിതി നേടിയ കൃതികളാണ് ‘ശങ്കരി ശ്രീരാജരാജേശ്വരി’, ‘സുന്ദരനന്ദകുമാര്’, ആടാത് അസ്സൈങ്ങാതു വാ കണ്ണാ തുടങ്ങിയവ. മധ്യമാവതി രാഗത്തിലാണ് ഇവയെല്ലാം ചിട്ടപ്പെടുത്തിയിട്ടുള്ളത്. താളക്കൊഴുപ്പും മെലഡി നിറഞ്ഞതുമായ ‘സ്വാഗതം കൃഷ്ണാ ശരണാഗതം കൃഷ്ണാ’ മോഹനരാഗത്തിന്റെ ചാരുത നിറഞ്ഞതാണ്.
അദ്ദേഹം സംഗീതത്തിന്റെ മെലഡി, താളം, രചന തുടങ്ങി സംഗീതത്തിന്റെ എല്ലാ ശാസ്ത്രീയ വശങ്ങളിലും അഗ്രഗണ്യനായിരുന്നു. സംസ്കൃതത്തിലും തമിഴിലും നല്ലൊരു വാഗ്മി ആയിരുന്നു. വിവിധതര ംസംഗീതരൂപങ്ങളായ കൃതി, തില്ലാന, കാവടിചിന്ത് തുടങ്ങിയവ രചിച്ചിട്ടുണ്ട്. മറ്റുള്ള കര്‍ണാടക സംഗീതരചയിതാക്കള്‍ ഉപയോഗിക്കാത്ത അപൂര്‍വ താളങ്ങള്‍ വരെ അദ്ദേഹം ഉപയോഗിച്ചിട്ടുണ്ട്. ഓടക്കുഴല്‍ വിളിച്ച് നൃത്തം ചെയ്യുന്ന ഭഗവാന് കൃഷ്ണനെ ആണ് അദ്ദേഹം ആരാധിച്ചത്. അദ്ദേഹം തമിഴ് സാഹിത്യത്തിലും സംസ്കൃത സാഹിത്യത്തിലും സംഗീതത്തിലും മാത്രമല്ല നൃത്തകലയിലും പരിജ്ഞാനമുള്ള ആളായിരുന്നു. താന്‍ രചിച്ച ഗാനങ്ങള്‍ ആലപിച്ചുകൊണ്ട് ആനന്ദനൃത്തം ചെയ്യുമായിരുന്നു. കൃഷ്ണഭഗവാനെ പ്രകീര്‍ത്തിച്ചുകൊണ്ട് ധാരാളം കീര്‍ത്തനങ്ങള്‍ രചിച്ചിട്ടുണ്ട് എങ്കിലും മറ്റു ദൈവങ്ങളെ കുറിച്ചും കൃതികള്‍ രചിച്ചിട്ടുണ്ട്. ആകാലഘട്ടത്തില്‍ ജീവിച്ചിരുന്ന ധാരാളം സംഗീതജ്ഞര്‍ അദ്ദേഹത്തിന്റെ വിനയത്തെപറ്റി പ്രതിപാദിച്ചിട്ടുണ്ട്.
‘തായേയശോദ ഉന്തന് ആയര്‍കുലത്തുദിത്ത
മായന്‍ ഗോപാലകൃഷ്ണന് ശ്ശെയ്യും ജാലത്തൈകേളടി’
നൃത്തത്തിനുവേണ്ടി രചിച്ച ഈ പദം അദ്ദേഹം നൃത്തകലയില്‍ അഗ്രഗണ്യനായിരുന്നു എന്നതിന്റെ തെളിവാണ്. അദ്ദേഹത്തിന്റെ കൃതികളില്‍ ജീവിതാംശം ഒട്ടും തന്നെ അടങ്ങിയിട്ടില്ല. ഭക്തിയും തര്‍ക്കശാസ്ത്രപരമായ ഉന്നതിയുംകൊണ്ട് അലംകൃതമാണ് കൃതികള്‍. അദ്ദേഹത്തിന്റെ പല കൃതികളെക്കുറിച്ചും ആഴത്തിലുള്ള പഠനം നടന്നിട്ടുണ്ട്. ഉദാഹരണം- കാനഡരാഗത്തിലുള്ള ‘അലൈപായുതേ കണ്ണാ’ എന്നകൃതി. ഭാഗവതത്തില്‍ നിന്നെടുത്തിട്ടുള്ള പല കൃഷ്ണകഥകളും അദ്ദേഹം ഓപ്പറയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭഗവാന് കൃഷ്ണനോടുള്ള അഗാധമായ ഭക്തി അദ്ദേഹത്തിന്റെ കൃതികളില്‍ ഉടനീളം കാണാം.
വെങ്കട്കവി എന്നറിയപ്പെടുന്ന വെങ്കടസുബ്രഹ്മണ്യഅയ്യര്‍ ജനിച്ചത് ചെന്നൈയില്‍ നിന്ന് 200 മൈല്‍ അകലെയുള്ള മന്നാര്‍ഗുഡിയിലാണ്. ഭഗവാന് കൃഷ്ണന് സ്വയം സമര്‍പ്പിക്കാന്‍ അമ്മയാണ ് അദ്ദേഹത്തിന് പ്രേരണ നല്‍കിയത്. ഒരുപക്ഷേ ഭഗവാനില്‍ നിന്ന് തന്നെയാകാം അദ്ദേഹത്തിന് അതിനുള്ള പ്രേരണ ലഭിച്ചത് എന്നും പറയപ്പെടുന്നു.
സംഗീതത്തോടുള്ള അടങ്ങാത്ത അഭിനിവേശം കാരണം അദ്ദേഹം സാങ്കേതികപരമായ ആഹതപ്രത്യാഹത- ആലങ്കാരികതകള്‍ നിരന്തരം പരിശീലിച്ചിരുന്നു. ഭക്തിയാല്‍ തിളങ്ങുന്ന കലയാണ് സംഗീതം എന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു.
അദ്ദേഹത്തിന് സംഗീതത്തെ കുറിച്ചും സംഗീതസാങ്കേതികതകളെകുറിച്ചും അഗാധമായ ജ്ഞാനമുണ്ടായിരുന്നു. അതിസുന്ദരമായ ഭാഷാശൈലിഉള്ള അദ്ദേഹത്തിന്റെ ഓരോ കൃതിയിലും വ്യത്യസ്തതയുള്ള പല രാഗങ്ങളും ഉപയോഗിച്ചിരുന്നു. തോടി, കല്യാണി, ഖരഹരപ്രിയ തുടങ്ങിയ മേജര്‍രാഗങ്ങളും കന്നടഗൗള, ജയന്തശ്രീ, മാളവി, ഉമാഭരണം തുടങ്ങിയ മൈനര്‍ രാഗങ്ങളും അപൂര്‍വങ്ങളില്‍ അപൂര്‍വങ്ങളായര സമഞ്ജരി, ബലഹംസ, അമരകല്യാണി, വേലാവലി, ദിപരം, കന്നടമാറുവാ, കുന്തളശ്രീ തുടങ്ങിയ രാഗങ്ങളും അദ്ദേഹത്തിന്റെ കൃതികളില്‍ കാണാം. സാധാരണയായി ഉപയോഗിക്കാറുള്ള, ശഹാന, പരസ്, നാഥനാമക്രിയ, ആരഭി തുടങ്ങിയ രാഗങ്ങളും ഉപയോഗിച്ചിട്ടുണ്ട്.
രാഗമുദ്രകള്‍, സ്വരാക്ഷരപ്രയോഗങ്ങള്‍, മധ്യമകാല സാഹിത്യങ്ങള്‍ ചൊല്‍ക്കെട്ട് വരികള്‍ തുടങ്ങിയ സാങ്കേതികതകള്‍ അദ്ദേഹത്തിന്റെ കൃതികളില്‍ കാണാം. സംഗീത മൂര്‍ത്തിത്രയത്തെക്കാള്‍ പൗരാണികനായ വെങ്കടസുബ്ബയ്യരെ ഈ അടുത്ത കാലം വരെയും ആര്‍ക്കും അറിയില്ലായിരുന്നു. അദ്ദേഹത്തിന്റെ ഗാനങ്ങള്‍ പ്രചാരത്തില്‍ ഉണ്ടായിരുന്നെങ്കിലും ഇതിന്റെ രചയിതാവാര് എന്ന് ആര്‍ക്കും അറിയില്ലായിരുന്നു. വെങ്കട സുബ്ബയ്യരുടെ 289 ഗാനങ്ങളുടെ ലിസ്റ്റ് ഡോ.കെ.ആര്.രാജഗോപാലന്‍ തയ്യാറാക്കിയിട്ടുണ്ട്.
വെങ്കടസുബ്ബയ്യരുടെ 70 ഗാനങ്ങള്‍ സ്വരപ്പെടുത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദീക്ഷിതര്‍ക്ക് മുന്‍പ് തന്നെ ദേവിയുടെ നവാവരണ കൃതികള്‍ രചിച്ച ഗാനകവിയാണ് വെങ്കിടസുബ്ബയ്യര്‍. ആകെ 11 കൃതികളുള്ളതില്‍ ആദ്യത്തേത് ധ്യാനവും അവസാനത്തേത് മംഗളാചരണവുമാണ്. ബാക്കി ഒന്‍പതെണ്ണം നവാവരണ കൃതികളാണ്. ഇവയെല്ലാം സംസ്കൃതഭാഷയിലാണ് അദ്ദേഹം ചിട്ടപ്പെടുത്തിയിട്ടുള്ളത്. ഒരു പൂര്‍ണ്ണബ്രഹ്മചാരിയായിരുന്നു വെങ്കടസുബ്ബയ്യര്‍. .
(നാളെ: ഭക്തിപ്രസ്ഥാനം തമിഴ് സംഗീതത്തില്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: