ശങ്കരങ്കോവില്‍ (തമിഴ്നാട്): തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്കുള്ള വാഹനങ്ങള്‍ക്ക് തമിഴ്നാട് നിയന്ത്രണം ഏര്‍പ്പെടുത്തി. അനുമതിയില്ലാതെ കേരളത്തിലേക്ക് ചരക്കുമായി പോകരുതെന്ന് ജില്ലാ കളക്ടര്‍മാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതോടെ സാധനവില ഉയര്‍ന്നേക്കാം.
തെക്കന്‍ കേരളത്തോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളില്‍ പല മൊത്തവ്യാപാരികളും ഇന്നലെ മുതല്‍ ലോറികള്‍ വിടുന്നില്ല. തിങ്കളാഴ്ചവരെ കേരളത്തിലേക്ക് വാഹനങ്ങള്‍ തല്‍ക്കാലത്തേക്ക് അയയ്ക്കില്ലെന്നാണ് മൊത്ത വ്യാപാരികളുടെയും ലോറി ഉടമകളുടെയും സംഘടനകള്‍ പറയുന്നത്. നിയന്ത്രണം നീണ്ടാല്‍ പഴം, പച്ചക്കറി, പൂവ്, പലവ്യഞ്ജനം അടക്കം പല അവശ്യവസ്തുക്കള്‍ക്കും ക്ഷാമമുണ്ടാകാം വിലക്കയറ്റത്തിന് കാരണമായേക്കാം.
ചെക്പോസ്റ്റുകളില്‍ പരിശോധന
നിലവില്‍ തമിഴ്നാട്ടില്‍ കൊറോണ ഭീഷണി കാര്യമായി ബാധിക്കുന്നില്ലെങ്കിലും ഇവിടെയും ആശങ്ക പടര്‍ന്നിട്ടുണ്ട്. അതിര്‍ത്തി ഗ്രാമങ്ങളിലെ തോട്ടങ്ങളില്‍ കേരളീയരായ തൊഴിലാളികളെ ഇറക്കുന്നില്ല. തദ്ദേശീയരായ തൊഴിലാളികളും എത്താതെയായതോടെ വിളവെടുപ്പും മുടങ്ങിക്കിടക്കുകയാണ്. കേരളത്തിലേക്ക് ചെക് പോസ്റ്റുകള്‍ വഴി കടന്ന് പോകുമ്പോഴും തിരികെ വരുമ്പോഴും പരിശോധനകള്‍ക്ക് മണിക്കൂറുകള്‍ കാത്ത് കിടക്കേണ്ട അവസ്ഥയാണ്. വ്യാഴാഴ്ചയും, വെള്ളിയാഴ്ചയും അഞ്ച് മണിക്കൂര്‍വരെ കാത്തിരുന്നതായി വ്യാപാരികള്‍ പറയുന്നു.
നിശബ്ദമായി ശങ്കരങ്കോവില്‍
എറെ തിരക്കുള്ള ശങ്കരങ്കോവില്‍ പൂ മാര്‍ക്കറ്റ് ഇന്നലെ നിശ്ചലമായി. തോവാളയിലും സമാന അവസ്ഥയാണ്. ശങ്കരങ്കോവിലില് 45 മൊത്തവ്യാപാര സ്ഥാപനങ്ങളിലായി ലക്ഷങ്ങളുടെ കച്ചവടമായിരുന്നു നടന്നിരുന്നത്.
എന്നാല്‍ കേരളത്തിലെ കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ആഴ്ചകളില്‍ വലിയ നഷ്ടമായിരുന്നു ഉണ്ടായതെന്ന് വ്യാപാരികളായ ഗോമതി ഫ്ളവേഴ്സ ഉടമ ശരവണന്,എസ്ആര്‍എസ് ഫഌവേഴ്സ് ഉടമ സുബ്രഹ്മണ്യം എന്നിവര്‍ പറഞ്ഞു. ആര്യങ്കാവ് ശിവ ഗോമതി ലക്ഷ്മിനാരായണ കോവിലിന് സമീപമാണ് പ്രശസ്തമായ ശങ്കരങ്കോവില്‍ മാര്‍ക്കറ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: