ന്യൂദല്‍ഹി : കൊറോണ വൈറസ് മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കാന്‍ തുടങ്ങിയതോടെ നിരീക്ഷണം കര്‍ശ്ശനമാക്കി. കോവിഡ് 19 ഉള്ള യുഎസ്, യുകെ, ആസ്ട്രേലിയ എന്നിവിടങ്ങളില്‍ നിന്ന് വരുന്ന എല്ലാ യാത്രക്കാരേയും വിമാനത്താവളങ്ങളില്‍ പൂര്‍ണ്ണ പരിശോധനക്ക് വിധേയമാക്കാന്‍ കര്‍ശ്ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പരിശോധനയ്ക്ക് ശേഷം ഇവരോട് സ്വന്തം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാനും ആവശ്യപ്പെടും.
വെള്ളിയാഴ്ച മധ്യപ്രദേശിലും ഹിമാചല്‍ പ്രദേശിലും ആദ്യമായി കൊവിഡ് 19 റിപ്പോര്‍ട്ട് ചെയ്തു. മധ്യപ്രദേശില്‍ നാലും ഹിമാചലില്‍ രണ്ട് പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനങ്ങളുടെ എണ്ണം ഇരുപത്തിരണ്ടായി.
ചണ്ഡീഗഢില്‍ പുതുതായി നാല് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ മൂന്ന് പേര് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച യുവതിയുടെ അമ്മയും സഹോദരനും പാചകക്കാരിയുമാണ്. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ലഖ്നൗ, നോയിഡ, കാണ്‍പൂര്‍ നഗരങ്ങളില്‍ ശുചീകരികരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഉത്തരവിട്ടു.
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ കണക്ക് പ്രകാരം രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 236 ആയെന്നാണ് പറയുന്നത്. കോവിഡ് 19 പ്രതിരോധത്തില്‍ അടുത്ത മൂന്ന് മുതല്‍ നാല് ആഴ്ച്ച വരെ നിര്‍ണ്ണായകമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.
പ്രതിരോധത്തിന്റെ ഭാഗമായി പൊതുജനങ്ങള്‍ സാമൂഹിക അകലം പാലിക്കുക നിര്‍ബന്ധമാണെന്നും സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരോട് ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ഇക്കാര്യം പങ്കുവച്ചത്. വിഷയത്തില്‍ കേന്ദ്രവും സംസ്ഥാനങ്ങളും ഒത്തൊരുമിച്ച പ്രവര്‍ത്തിക്കണം. കൊറോണ സ്ഥിരീകരിച്ച സംസ്ഥാനങ്ങളിലെ സ്ഥിതിഗതികളും മോദി വിലയിരുത്തി.
ജനത കര്‍ഫ്യൂ പ്രഖ്യാപിച്ച ഞായറാഴ്ച്ച പാസഞ്ചര്‍ ട്രെയിനുകള്‍ സര്‍വ്വീസ് നിര്‍ത്തിവെയ്ക്കും. ഞായര്‍ അര്‍ദ്ധരാത്രി പന്ത്രണ്ട് മണിക്ക് യാത്ര ആരംഭിക്കുന്ന ട്രെയ്നുകളാണ് സര്‍വ്വീസ് നിര്‍ത്തിവെയ്ക്കുക. കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ റെയില്‍വേയുടെ കാറ്ററിങ് സ്ഥാപനമായ ഐആര്‍സിടിസി ഭക്ഷണവിതരണം നിര്‍ത്തിവച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: