സത്യവ്രതന് ശഫരിയുടെ മുന്നില്‍ തൊഴുകൈയോടെ നിന്നു. ഒറ്റ ദിവസം കൊണ്ട് നൂറു യോജനയിലധികം വ്യാപിക്കുന്ന, വളര്‍ച്ച അതിശയകരം തന്നെയാണ്. അങ്ങ് യഥാര്‍ഥത്തില്‍ ആരാണ്?
‘നൂനം ത്വം ഭഗവാന് സാക്ഷാത്
ഹരിര്നാരായണോള വ്യയഃ
അനുഗ്രഹായ ഭൂതാനാം
ധത്സേരൂപം ജലൗകസാം’
നാരത്തില് അയനം ചെയ്യുന്ന സാക്ഷാല്‍ നാരായണന് തന്നെയാണ് അവിടുന്നെന്ന് ഞാന്‍ വിചാരിക്കുന്നു. എന്നെപ്പോലുള്ള ലൗകികരെ അനുഗ്രഹിക്കാനായാണ് അങ്ങ് ഒരു ജലജീവിയുടെ രൂപം കൈകൊണ്ട് അവതരിച്ചത്. തൊഴുകൈയോടെ നില്ക്കുന്ന സത്യവ്രതമഹാരാജാവിന് ഭഗവാന് മല്‍സ്യമൂര്‍ത്തി ഒരു നിര്‍ദേശം നല്കി. ഇന്നേക്ക് ഏഴാം നാളില്‍ ഒരു പ്രളയം വന്ന് മൂന്നു ലോകങ്ങളേയും അതില്‍ ലയിപ്പിക്കും. ഈ ഘട്ടത്തില്‍ വളരെ വിശാലമായ ഒരു നൗക നിന്റെ സമീപത്തു വരും. ആ നൗകയെ എന്റെ തലയിലെ ഒറ്റക്കൊമ്പില്‍ കെട്ടിയിടണം. അതിനായി വാസുകിയെ കയറായി ഉപയോഗിക്കണം. സത്യവ്രതമഹാരാജനും സപ്തര്‍ഷികളും ഈ നൗകയില്‍ വിവിധയിനം വിത്തുകളുമായി കയറണം.
ആ നൗകയിലിരുന്ന് നിങ്ങള്‍ക്ക് എന്തു സംശയം വേണമെങ്കിലും ചോദിക്കാം. നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഞാന്‍ മറുപടി നല്‍കാം. നമ്മുടെ ആ സംഭാഷണം മല്‍സ്യപുരാണം എന്ന പേരില്‍ അറിയപ്പെടും. മല്‍സ്യം നിര്‍ദേശിച്ചതു പോലെ ഏഴാം ദിവസത്തിനായും ഭഗവത് കല്പിതമായ നൗകയ്ക്കായും സത്യവ്രതന് കാത്തിരുന്നു.
ഏഴാം ദിവസം ജലം ഉയര്‍ന്നു കൊണ്ടിരുന്ന ഘട്ടത്തില്‍ ഒരു നവനൗക സത്യവ്രതന് അരികിലെത്തി. സപ്തര്‍ഷികളും മറ്റും അതിലുണ്ടായിരുന്നു. ഭഗവാന് കേശവനെത്തന്നെ ധ്യാനിച്ചു കൊണ്ടിരിക്കാന് ആ ഋഷികള്‍ സത്യവ്രതനെ ഉപദേശിച്ചു. നൗകയില്‍ കയറിയ മഹാരാജാവ് ഉപദേശാനുസൃതം ഭഗവാന് ശ്രീഹരിയെത്തന്നെ ധ്യാനിച്ചു കൊണ്ടിരുന്നു.
‘സോനു ധ്യാതസ്തതോ രാജ്ഞാ
പ്രാഭുരാസീന് മഹാര്‍ണവേ
ഏകശൃങ്ഗധരോ മല്സ്യോ
ഹൈമോ നിയുത യോജനഃ’
മഹാരാജന് ധ്യാനത്തിലിരിക്കുമ്പോള്‍ സ്വര്‍ണവര്‍ണത്തില്‍ ലക്ഷം യോജന വിസ്തൃതിയില്‍ ഒരു മല്‍സ്യം ആ മഹാര്ണവത്തില് പ്രത്യക്ഷമായി. മല്സ്യമൂര്ത്തിയുടെ കൊമ്പില്‍ വാസുകി സര്പത്തിനാല് നൗകയില്‍ ബന്ധിച്ച ശേഷം സത്യവ്രതന് നൗകയിലിരുന്ന് ഭഗവാനെ സ്തുതിച്ചു.
‘യത്സേവയാഗ്നേരിവ രുദ്രരോദനം
പുമാന്വിദഹ്യാന്മലമാത്മനസ്തമഃ
ഭജേതവര്ണം നിജമേഷസോവ്യയോ
ഭൂയാത് സഈശഃ പരമോഗുരോര്ഗുരുഃ’
ഹേ, ഭഗവാന് സ്വര്‍ണവും വെള്ളിയുമെല്ലാം അഗ്നിയില്‍ ശുദ്ധീകരിക്കുന്നതുപോലെ ഞങ്ങളുടെ ഹൃദയഗ്രന്ഥിയില് പല ജന്മങ്ങളായി പറ്റിക്കൂടിയിരിക്കുന്ന അജ്ഞാനച്ചെളിയെ കഴുകിക്കളഞ്ഞ് ശുദ്ധമാക്കാന്‍ അങ്ങു മാത്രമാണ് ആശ്രയം. അങ്ങു തന്നെ ഞങ്ങളുടെ ഗുരുവിന്റെയും ഗുരുവായ പരമഗുരു. ഞങ്ങള്‍ അങ്ങയെത്തന്നെ ശരണം പ്രാപിക്കുന്നു. ‘ത്വം ഈശ്വരം ത്വാം ശരണംപ്രപദ്യേ’ എന്നു പറഞ്ഞ് സത്യവ്രതന് സ്തുതിച്ചപ്പോള്‍ ബ്രഹ്മതത്വം ഉപദേശിച്ച് ഗുരു അനുഗ്രഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: