‘മനുഷ്യ സമൂഹത്തിന് വിജയിച്ചേ പറ്റൂ. ഇന്ത്യയ്‌ക്കും ഈ പ്രതിസന്ധിയില്‍ വിജയിച്ചു കാണിക്കേണ്ടതുണ്ട്.’ കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ഇന്ത്യ കൈക്കൊള്ളുന്ന നടപടികള്‍ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച രാത്രി രാഷ്‌ട്രത്തെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തിലെ വാചകങ്ങളാണിവ. ലോകമഹായുദ്ധത്തേക്കാള്‍ വലിയൊരു പ്രതിസന്ധി എന്ന് പ്രധാനമന്ത്രി തന്നെ വിശേഷിപ്പിച്ച ഈ പ്രതിസന്ധിഘട്ടത്തെ നേരിടുന്നതിന്, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാഷ്‌ട്രമായ ഇന്ത്യയെ ഒന്നാകെ സജ്ജമാക്കുന്നതിന്, നൂറ്റിമുപ്പത് കോടി ജനങ്ങളെ പ്രചോദിപ്പിക്കുന്നതിന് ഇതിലും മികച്ചൊരു ആഹ്വാനം മറ്റൊന്നില്ല. അതുകൊണ്ടു തന്നെയാണ് രാജ്യം മുഴുവന്‍ ആഹ്വാനത്തെ ഇരുകൈയും നീട്ടി സ്വീകരിച്ചത്.
രാജ്യത്തെ രാഷ്‌ട്രീയ നേതാക്കള്‍ മാത്രമല്ല, വിവിധ രംഗങ്ങളിലുള്ള പ്രമുഖ വ്യക്തികളടക്കം എല്ലാവരും പ്രധാനമന്ത്രിയുടെ പ്രസംഗത്തെ സര്‍വ്വാത്മനാ പിന്തുണച്ചു. പ്രധാനമന്ത്രി എന്തു പറഞ്ഞാലും, എന്തു പ്രവര്‍ത്തിച്ചാലും അതിനെയൊക്കെ സ്ഥാനത്തും അസ്ഥാനത്തും വിമര്‍ശിക്കാറുള്ള കോണ്‍ഗ്രസുള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷി നേതാക്കളും അദ്ദേഹത്തിന്റെ ആഹ്വാനത്തെ സ്വാഗതം ചെയ്തു. ശശി തരൂര്‍ മുതല്‍ ചിദംബരം വരെയുള്ള നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ മോദിയുടെ ജനതാ കര്‍ഫ്യൂ ആഹ്വാനത്തോട് ട്വിറ്ററിലൂടെയും മറ്റും പിന്തുണ അറിയിച്ചു. ശബ്‌നാ ആസ്മി, കൈലാസ് ഗൗതം, ശേഖര്‍ ഗുപ്ത തുടങ്ങി ചലച്ചിത്ര-കലാ-മാധ്യമ രംഗങ്ങളിലെ നിരവധി പേര്‍ ട്വിറ്ററില്‍ മോദിയുടെ പ്രസംഗത്തെ ഉയര്‍ത്തിക്കാട്ടി. വ്യവസായ രംഗത്തെ ഉന്നതരടക്കം പിന്തുണയറിയിച്ചു. ബോധവല്‍ക്കരണത്തിന് ഏറ്റവും മികച്ച മാര്‍ഗമെന്ന നിലയിലാണ് ജനതാ കര്‍ഫ്യൂവിന് വ്യാപക പിന്തുണ ലഭിച്ചത്. നേതാക്കളും ഭരണകര്‍ത്താക്കളും മാത്രമല്ല, വിവിധ തൊഴിലാളി സംഘടനകളും സാമൂഹ്യസംഘടനകളുമെല്ലാം പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശങ്ങളെ എല്ലാ അര്‍ത്ഥത്തിലും ഉള്‍ക്കൊണ്ടുള്ള പ്രതികരണമാണ് നടത്തിയത്.
കോവിഡ് 19 വൈറസിന്റെ സമൂഹ വ്യാപനം തടയുക എന്നതാണ് ഇപ്പോള്‍ ഏറ്റവും മുഖ്യമായ ദൗത്യം. സാമൂഹികമായ ഇടപെടല്‍ കുറച്ചുകൊണ്ടുമാത്രമേ ഇത് സാധ്യമാകൂ. കൊറോണ വ്യാപനത്തിന്റെ മൂന്നാംഘട്ടത്തെ ഫലപ്രദമായി പ്രതിരോധിക്കാന്‍ സാധിക്കാതെ വന്നതാണ് ചില ലോകരാജ്യങ്ങള്‍ക്ക് സംഭവിച്ച തിരിച്ചടിയെന്നുള്ള മോദിയുടെ ഓര്‍മ്മപ്പെടുത്തല്‍ വസ്തുതകളെ കൃത്യമായി വിലയിരുത്തുകയും കണിശമായി വിശകലനം ചെയ്യുകയും ചെയ്തുകൊണ്ടുള്ളതാണ്. കൊറോണയുടെ ചങ്ങലക്കണ്ണികള്‍ പൊട്ടിച്ചെറിയാനുള്ള മോദിയുടെ ആഹ്വാനത്തെ ദേശീയ മാധ്യമങ്ങളും പൂര്‍ണമനസ്സോടെയാണ് സ്വാഗതം ചെയ്തത്.
ജനങ്ങളെ ആഹ്വാനം ചെയ്യുക മാത്രമല്ല പ്രധാനമന്ത്രി ചെയ്തത്. കൊറോണ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ സാരമായി ബാധിച്ചേക്കുമെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തില്‍ ഫലപ്രദമായ ഇടപെടലുകള്‍ നടത്തുന്നതിനുള്ള നടപടികളും സ്വീകരിച്ചു. ആശ്വാസ നടപടികള്‍ക്കായി കേന്ദ്ര കര്‍മ്മസമിതിയെ രൂപീകരിച്ചതാണ് ഇതിലൊന്ന്. കേന്ദ്ര ധനമന്ത്രിയാണ് ഈ സമിതിക്ക് നേതൃത്വം നല്‍കുന്നത്. എല്ലാത്തിലും പ്രധാനം ജനങ്ങള്‍ സ്വീകരിക്കുന്ന സ്വയം നിയന്ത്രണമാണ്. അതിന്റെ തുടക്കമെന്ന നിലയിലാണ് ഞായറാഴ്ചത്തെ ജനതാ കര്‍ഫ്യു.
ഭീതിയുടെ നിഴലിലാണ് ജനങ്ങളെങ്കിലും ജാഗ്രതയിലൂടെ മഹാമാരിയെ അതിജീവിക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസം പകരാന്‍ ഒരു രാജ്യത്തെ ഭരണാധികാരിക്ക് സാധിക്കുമ്പോള്‍ ആ ഭീതി വഴിമാറുന്നു. പ്രധാനമന്ത്രി പറഞ്ഞതുപോലെ നമുക്ക് വിജയിക്കേണ്ടതുണ്ട്. അതിനായി ഈ ആഹ്വാനത്തെ മനസ്സിലേക്കാവാഹിച്ചുകൊണ്ടാവാം ഇനിയുള്ള നാളുകളില്‍ ഓരോ ഇന്ത്യക്കാരന്റെയും ജീവിതം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: