നീലേശ്വരം: കൊറോണ പടരുന്ന സാഹചര്യത്തില്‍ പോലീസിന്റെ നിര്‍ദേശം ലംഘിച്ച് ഇന്ന് ജുമുഅ നിസ്കാരം നടത്തിയ നീലേശ്വരം ടൗണ്‍ ജുമാമസ്ജിദ് ഇമാമും പള്ളികമ്മറ്റി ഭാരവാഹികളുമടക്കം 200 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
പള്ളി ഇമാമിനെ കൂടാതെ പള്ളിക്കമ്മറ്റി പ്രസിഡണ്ട് സുബൈര്‍ ഹാജി, ജനറല്‍ സെക്രട്ടറി അബ്ദുല്‍ സലാം, ട്രഷറര്‍ ഹംസ ഹാജി, മുന്‍ കൗണ്‍സിലര്‍ ഇ. ഷജീര്‍ എന്നിവര്‍ക്കും മറ്റു 200 പേര്‍ക്കുമെതിരെയാണ് പോലീസ് കേസെടുത്തത്. ജില്ലാ കലക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പള്ളിയില്‍ ജുമുഅ നടത്തരുതെന്ന് പോലീസ് രാവിലെ മൈക്ക് അനൗണ്‍സ്മെന്റ് നടത്തുകയും പള്ളി കമ്മറ്റി ഭാരവഹികള്‍ക്കും ഇമാമിനും നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. ഉച്ചയോടെ പള്ളിയില്‍ നിരവധിപേര്‍ കൂടിയിട്ടുണ്ടെന്ന് കാഞ്ഞങ്ങാട് സബ് കലക്ടര്‍ക്ക് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സബ്കലക്ടറുടെ നിര്‍ദേശപ്രകാരം പോലീസെത്തി പരിശോധിച്ചപ്പോഴാണ് ജുമുഅ നടക്കുന്നതായി വ്യക്തമായത്.
ഇതേതുടര്‍ന്നാണ് ബന്ധപ്പെട്ടവര്‍ക്കെതിരെയും ജുമുഅയില്‍ പങ്കെടുത്തവര്‍ക്കെതിരെയും കേസെടുത്തത്. ജുമുഅയില്‍ പങ്കെടുക്കാനെത്തിയവര്‍ പള്ളിക്ക് മുന്നില്‍ നിര്‍ത്തിയിട്ട നിരവധി വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ജുമാമസ്ജിദിനെതിരെയുള്ള കേസ് പിന്‍വലിച്ചു
പിലാത്തറ: സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന് വിരുദ്ധമായി കൂടുതലാളുകളെ പങ്കെടുപ്പിച്ച് ജുമാനമസ്ക്കാരം നടത്തിയ പിലാത്തറ ജുമാമസ്ജിദ് അധികൃതര്‍ക്കെതിരെ കേസെടുക്കാന്‍ തയ്യാറായ പോലീസ് പിന്നീട് ഉന്നതതല സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന് പിന്‍വാങ്ങി. ഇന്നലെ ഉച്ചക്ക് നടന്ന ജുമാനമസ്ക്കാരത്തിന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചതില്‍ നിന്ന് വിഭിന്നമായി നിരവധിപേര്‍ പങ്കെടുത്തിരുന്നു. നാട്ടുകാര്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് പള്ളി അധികൃതര്‍ക്കെതിരെ കേസെടുക്കാനായി തീരുമാനിച്ചുവെങ്കിലും പിന്നീട് ഉന്നതതല ഇടപെടലിനെ തുടര്‍ന്ന് ഒഴിവാക്കുകയായിരുന്നു. ഇത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: