തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് അടിയന്തര സാഹചര്യം ഉണ്ടായാല്‍ നേരിടാന്‍ സൈന്യത്തിന്റെ സഹായം സംസ്ഥാന സര്‍ക്കാര്‍ തേടി. കോവിഡ് ബാധ ഇനിയും സംസ്ഥാനത്ത് സ്ഥിരീകരിക്കുകയാണെങ്കില്‍ സര്‍ക്കര്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. അവശ്യ സാധനങ്ങള്‍ ഉള്‍പ്പെടെ കരുതലായി സ്വരൂപിക്കേണ്ടി വന്നേക്കാം.
സംസ്ഥാനം വലിയ പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ എല്ലാവരെയും നിരീക്ഷണത്തിലാക്കി. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവരെ കണ്ടെത്താന്‍ ആശാ വര്ക്കമാരോടും ആവശ്യപ്പെട്ടിട്ടുണ്ട്. സാധാരണക്കാരിലേക്കു കൂടി വൈറസ് വ്യാപിക്കാന്‍ സാധ്യത ഉണ്ടെന്നാണ് വിലയിരുത്തല്‍. അടിയന്തരഘട്ടം ഉണ്ടായാല്‍ സഹായിക്കാന്‍ സൈന്യത്തിന്റെ സഹായം തേടിയതനുസരിച്ച് സേനാ തലവന്മാരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി. ഇതനുസരിച്ച് അര്‍ദ്ധ സൈനിക വിഭാഗം ഉള്‍പ്പെടെയുള്ള സേനാവിഭാഗം സഹായത്തിന് രംഗത്തിറങ്ങാമെന്ന് അറിയിച്ചു. സൈന്യത്തിന്റെ ആശുപത്രികളും ടെന്റുകളും ആവശ്യമെങ്കില്‍ ഉപയോഗപ്പെടുത്തും.
ഡോക്ടര്‍മാരും ജീവനക്കാരും സഹായത്തിന് ഉണ്ടാകും. അടിയന്തര സാഹചര്യം ഉണ്ടായാല്‍ സൈന്യത്തിന്റെ ഹെലികോപ്ടറും ഉപയോഗപ്പെടുത്തും. സ്ഥിതി കണക്കിലെടുത്ത് വൈറസ് ബാധ തടയാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ ദന്തല്‍ ക്ലിനിക്കുകളുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കാന്‍ സര്‍ക്കാര്‍ അനൗദ്യോഗികമായി ആവശ്യപ്പെട്ടിട്ടുണ്ട്.
മെഡിക്കല്‍ കോളേജുകളിലെ ദന്തല്‍ വിഭാഗം ഏതാണ്ട് നിര്‍ത്തലാക്കിയിട്ടുണ്ട്. യാത്രക്കാര്‍ ഇല്ലാത്തതിനാല്‍ ട്രയിനുകള്‍ അധികവും റദ്ദാക്കി. സ്ഥിതി കണക്കിലെടുത്ത് 20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: