തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ 20,000 കോടിയുടെ സാമ്പത്തിക പാക്കേജ്. കുടുംബശ്രീ വഴി കുടുംബങ്ങള്‍ക്ക് 2000 കോടിയുടെ വായ്പ ലഭ്യമാക്കും. ഏപ്രില്‍, മെയ് മാസങ്ങളില്‍ 1000 കോടിയുടെ വീതം തൊഴിലുറപ്പ് പദ്ധതി നടപ്പാക്കും. ഏപ്രിലില്‍ നല്‍കേണ്ടത് രണ്ട് മാസത്തെ തുക ഒരുമിച്ച് മാര്‍ച്ച് 31ന് മുമ്പ് നല്‍കും.
ബിപിഎല്‍, അന്ത്യോദയ വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടിട്ടും പെന്ഷന് ലഭിക്കാത്ത കുടുംബങ്ങള്‍ക്ക് 1000 രൂപ വീതം നല്‍കും. എപിഎല്‍, ബിപിഎല്‍ വ്യത്യാസമില്ലാതെ എല്ലാ കുടുംബങ്ങള്‍ക്കും 10 കിലോ അരി സൗജന്യമായി നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കഴിഞ്ഞ ബജറ്റില്‍ 28 രൂപയ്ക്ക് ഊണ് ലഭിക്കുന്ന 1000 ഹോട്ടലുകള്‍ സപ്തംബറില്‍ ആരംഭിക്കുമെന്നാണ് പ്രഖ്യാപിച്ചതെങ്കിലും പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഏപ്രിലില്‍ ഹോട്ടലുകള്‍ പ്രവര്‍ത്തനം തുടങ്ങും. ഊണിന് 20 രൂപയായി വില കുറയ്ക്കാന്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി. ഹെല്‍ത്ത് പാക്കേജിന് 500 കോടി നീക്കിവച്ചു. വിവിധ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും സര്‍ക്കാര്‍ കൊടുക്കാനുള്ള കുടിശിക ഏപ്രില്‍ മാസത്തോടെ കൊടുത്തു തീര്‍ക്കും. ഇതിനായി 14,000 കോടി രൂപ വേണ്ടിവരുമെന്നാണ് കണക്കുകൂട്ടല്‍.
സാമൂഹിക സുരക്ഷാ പെന്ഷന് ഏപ്രിലില്‍ നല്‍കേണ്ടത് ഈ മാസം നല്‍കും. ഓട്ടോ, ടാക്സികളുടെ ഫിറ്റ്നസ് ചാര്‍ജിന് ഇളവ് നല്‍കും. രജിസ്ട്രേഷന് സമയത്ത് ടാക്സ് അഡ്വാന്‍സായി അടയ്ക്കുന്നത് ഒഴിവാക്കുന്ന കാര്യം പരിശോധിക്കും.
ബസുകള്‍ വരുന്ന മൂന്നു മാസം നല്‍കേണ്ട ടാക്സിന് ഇളവ്, സ്റ്റേറ്റ് ക്യാരിയറിന് ഒരുമാസത്തെ തുക അടയ്ക്കേണ്ട, കോണ്‍ട്രാക്ട് ക്യാരിയറിനും തുല്യമായ ഇളവ് നല്‍കും. സിനിമാ തിയെറ്ററുകള്‍ക്ക് വിനോദനികുതിയില്‍ ഇളവ് അനുവദിക്കും. സംസ്ഥാനം സ്വന്തം നിലയ്ക്കാണ് ഇതിനുള്ള തുക കണ്ടെത്തുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: