മാവേലിക്കര: ശിവരാത്രിക്ക് ശേഷം ഏറെ തിരക്കുള്ള കാലത്ത് കൊറോണ ഭീതിയെ തുടര്‍ന്ന് ഉത്സവങ്ങള്‍ ഒഴിവാക്കിയതോടെ ഏറെ ദുരിതത്തിലാണ് കേരളത്തിലെ ആനയുടമകള്‍. മീനം തുടങ്ങിയാല്‍ ഇടവം പകുതിവരെ ഏറെ തിരക്കുള്ള കാലമായിരുന്നു. എന്നാല്‍ കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ ബുക്ക് ചെയ്തിരുന്ന എഴുന്നള്ളത്തെല്ലാം വേണ്ടെന്ന് വച്ചു. മീന ഭരണിയും വിഷു മഹോത്സവവും പത്താമുദയവും അടക്കമുള്ള ആട്ടവിശേഷങ്ങള്‍ പൊലിഞ്ഞതോടെ ബാധ്യതകളുടെ നടുവിലാണ് ഇവര്‍.
ഒരാനയ്ക്ക് കുറഞ്ഞത് മൂന്ന് ജീവനക്കാരുണ്ട്. പ്രധാനപ്പെട്ട രണ്ട് ചട്ടക്കാര്‍ക്ക് ഉത്സവത്തിന് ആനയെ കൊണ്ടുപോകുമ്പോള്‍ ഒരു ദിവസത്തിന് പ്രത്യേക അലവന്‍സായി രണ്ടായിരവും ആയിരത്തിയെണ്ണൂറും രൂപ ശരാശരി കൊടുക്കണം. മറ്റ് ജോലിചെയ്യുന്നയാള്‍ക്ക് വേണം 1000. വാഹനം ആവശ്യം വന്നാല്‍ അതിന് വേറെയും കരുതണം. നാട്ടാന പരിപാലന ചട്ടം നിലവില്‍ വന്നതോടെ ആനയുടെ ആഹാരക്കാര്യം മുതലായവ നിരീക്ഷണത്തിലാണ്. സാധാരണ ആനയ്ക്ക് ഒരുദിവസത്തെ ആഹാരത്തിന് മാത്രം ഏകദേശം മൂവായിരം രൂപയിലധികം വേണ്ടിവരും. മരുന്നിനും ദേഹ രക്ഷയ്ക്കും വേറെയും കരുതണം. അങ്ങനെ ശരാശരി ഒരാനയുടെ ആകെ ചെലവ് എണ്ണായിരം കടക്കും. ഇത് ഉടമകള്‍ തിരിച്ച് പിടിക്കുന്നത് ഉത്സവകാലത്തെ എഴുന്നള്ളിപ്പിലാണ്. പണ്ട് സീസണ് കഴിഞ്ഞാല്‍ തടിപ്പണിക്ക് കൊണ്ട് പോകാമായിരുന്നു. നിലവിലെ നിയമ പ്രകാരം അതും സാധ്യമല്ല.
വനം വകുപ്പിന്റെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്തുള്ള നാട്ടാനകളുടെ എണ്ണം 521 ആണ്. ഇതില്‍ 401 കൊമ്പനും 98 പിടിയാനകളും 22 മോഴകളും ഉള്‍പ്പെടുന്നു. ഏറ്റവും കൂടുതല്‍ ആനകളുള്ള ജില്ല തൃശ്ശൂരും കുറവുള്ളത് കണ്ണൂരുമാണ്. തിരുവനന്തപുരം-48, കൊല്ലം-61, പത്തനംതിട്ട-25, ആലപ്പുഴ-20, കോട്ടയം-64, ഇടുക്കി- 48, എറണാകുളം-23, തൃശൂര്‍-145, പാലക്കാട്- 55, മലപ്പുറം-7, കോഴിക്കോട്- 12, വയനാട്-10, കണ്ണൂര്‍-3.
വലിയ തുകയ്ക്ക് ആനകളെ ഏക്കത്തിന് എടുത്തിരിക്കുന്ന ആനയുടമകളാണ് ഇതില്‍ ഏറ്റവും കൂടുതല്‍ വലഞ്ഞിരിക്കുന്നത്. ഇവരില്‍ പലരും പണം കടംവാങ്ങിയും പണയം വെച്ചുമാണ് ഇടപാട് നടത്തിയിരുന്നത്. ഉത്സവകാലം കോവിഡ് കവര്‍ന്നതോടെ പ്രതിസന്ധിയിലാണ് ഇവര്‍. തലപ്പൊക്കമുള്ള പ്രധാനിയായ ആന 2 കോടി രൂപ ഏക്കത്തിനാണ് തൃശൂര്‍ സ്വദേശി എടുത്തിരിക്കുന്നത്. ഇതിന് അടുപ്പിച്ചുള്ള തുകയ്ക്കാണ് മറ്റ് ഏക്കക്കാരും ആനകളെ എടുത്തിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: