റോം: വെറും രണ്ടാഴ്ച കൊണ്ട് ഇറ്റലി ആകെ മാറി. അക്ഷരാര്‍ഥത്തില്‍ പ്രേതനഗരം. കൊറോണ പടര്‍ത്തുന്ന കോവിഡ് 19 വൈറസ് കലി തുള്ളിയ കാലനെപ്പോലെ ജീവനുകള്‍ എടുക്കുകയാണ്. ബുധനാഴ്ച മാത്രം വൈറസ് അപഹരിച്ചത് 475 ജീവനുകള്‍. ആകെ മരണം മൂവായിരത്തിനടുത്തെത്തി, 2978. രോഗം ബാധിച്ചവര്‍ 35,713. ലോംബാര്ഡിയാണ് രോഗം ഏറ്റവുമധികം ബാധിച്ച നഗരം.
ആശുപത്രികളില്‍ നിന്ന്, ഐസൊലേഷന്‍ സെന്ററുകളില്‍ നിന്ന് വാഹനങ്ങള്‍ ഒഴുകുകയാണ്, ശ്മശാനങ്ങളിലേക്ക്. മൂടിക്കെട്ടിയ മൃതദേഹങ്ങള്‍ ഒന്നിനുപിറകേ ഒന്നായി നിരത്തുന്നു. മരിച്ചവരുടെ പട്ടിക തയാറാക്കി അതനുസരിച്ചാണ് സംസ്കാര സമയം നിശ്ചയിക്കുന്നത്. വടക്കന്‍ ഇറ്റലിയിലെ ലൊംബാര്‍ഡിയിലെ ബെര്‍ഗാമോ നഗരത്തിലെ ക്രിമറ്റോറിയം വിശ്രമമില്ലാതെ 24 മണിക്കൂറും പ്രവര്‍ത്തിപ്പിച്ചിട്ടു പോലും മൃതദേഹങ്ങളെല്ലാം സംസ്ക്കരിക്കാന്‍ സാധിക്കുന്നില്ല. ഇവിടത്തെ ആശുപത്രികളിലെയും ക്രിമറ്റോറിയത്തിലെയും മോര്‍ച്ചറികള്‍ ശവപ്പെട്ടികള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു.
മിക്ക കുടുംബങ്ങളും ഐസൊലേഷനിലാണ്, അല്ലെങ്കില്‍ ആശുപത്രിയില്‍, മരണമടഞ്ഞ ഉറ്റവരെയും ഉടയവരെയും അവസാനമായി ഒരു നോക്കു കാണാന്‍ പോലും കഴിയാതെ. വിട പറഞ്ഞവര്‍ അന്ത്യയാത്രയാകുമ്പോള്‍ ഒരു തുള്ളി കണ്ണീര് പൊഴിക്കാന്‍ പോലും ആരുമില്ല. ഒരൊറ്റ പുരോഹിതനും
ഒരു ജീവനക്കാരനും മാത്രമാണ് പലപ്പോഴും. മറ്റൊരാളെക്കൂടി നിയോഗിക്കാനില്ല. അടക്കം വേണ്ടെന്ന അധികൃതരുടെ ഉത്തരവു പ്രകാരം ഇപ്പോള്‍ മുഴുവന്‍ മൃതദേഹങ്ങളും ഇലക്ട്രിക് ശ്മശാനത്തില്‍ സംസ്കരിക്കുകയാണ്.
പിതാവ് മരിച്ചു, മൃതദേഹം സംസ്കാരത്തിന് കാത്തു കിടക്കുകയാണ്. മാര്‍ച്ച് ഏഴിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം ആ മുഖമൊരിക്കല് കൂടി കാണാന്‍ പോലും കഴിഞ്ഞിട്ടില്ല… മാര്‍ത്ത ടെസ്റ്റ പൊട്ടിക്കരഞ്ഞു.
ശവപ്പെട്ടി പോലും കിട്ടാനില്ല
എണ്‍പത്തിയെട്ട് വയസുള്ള ഒരാള്‍ ഇന്നലെ മരിച്ചു. രണ്ടു ദിവസങ്ങളായി പനി തുടങ്ങിയിട്ട്. ലൈനുകള്‍ വലിയ തിരക്കിലാണ്. അതിനാല്‍, ഫോണില്‍ ബന്ധപ്പെട്ട് ആംബുലന്‍സ് വിളിക്കാന്‍ പോലും കഴിഞ്ഞില്ല. അദ്ദേഹം ആ വീട്ടില്‍ ഒറ്റയ്ക്ക് ഒരു മുറിയില്‍ കിടന്ന് മരിച്ചു, അധ്യാപികയായ സ്റ്റെല്ല പറഞ്ഞു. ഒടുവില്‍ ആംബുലന്‍സ് വന്നപ്പോഴേക്കും അദ്ദേഹം മരിച്ചു.
ബെര്‍ഗാമോയില്‍ ശവപ്പെട്ടികള്‍ കിട്ടാനില്ല. ഒടുവില്‍ അദ്ദേഹത്തെ അതേ കിടക്കയില്‍ അതേ പോലെ കിടത്തി, മറ്റാരും കടക്കാതിരിക്കാന്‍ മുറി പൂട്ടി അവര്‍ പോയി. പിന്നെ ഒരു ശവപ്പെട്ടി എവിടെ നിന്നോ തപ്പിയെടുത്ത് കൊണ്ടുവന്നാണ് മൃതദേഹം ക്രിമറ്റോറിയത്തിലേക്ക് കൊണ്ടുപോയത്, സ്റ്റെല്ല വിശദീകരിച്ചു.
പത്രങ്ങള്‍ക്ക് പത്തു ചരമപ്പേജുകള്‍
ഒന്നും ഒന്നരയും പേജ് ചരമം നല്‍കിയിരുന്ന പത്രങ്ങളില്‍ ഇന്ന് പത്തു പേജുകളാണ് ചരമത്തിന് മാറ്റിവച്ചത്.ഒരു തലമുറ തന്നെ പോയി മരണമടഞ്ഞവരില്‍ കൂടുതലും പ്രായമുള്ളവരാണ്. കൊറോണ ഒരു തലമുറയെ തന്നെ എടുത്തുവെന്നാണ് 74 കാരനായ അലസാന്‍ഡ്രോ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: