Categories: Samskriti

ജയദേവകവിയുടെ അവതാരം

ഭക്തിയും സംഗീതവും 12

പതിനേഴാം നൂറ്റാണ്ടില്‍ തഞ്ചാവൂര്‍ ജില്ലയില്‍ ജീവിച്ചിരുന്ന ഒരു സംഗീത രചയിതാവാണ് നാരായണതീര്‍ത്ഥര്‍. അദ്ദേഹമാണ് കൃഷ്ണലീലാ തരംഗിണി രചിച്ചത്. ഗീതഗോവിന്ദത്തിന്റെ രചയിതാവായ ജയദേവ കവിയുടെ മറ്റൊരു അവതാരമാണ് നാരായണ തീര്‍ത്ഥര്‍ എന്ന് വിശ്വസിച്ചുവരുന്നു. അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ ആന്ധ്രാപ്രദേശിന് അടുത്ത ഗുണ്ടൂര്‍ എന്ന ഗ്രാമത്തിലാണ് വസിച്ചിരുന്നത്.

ദക്ഷിണേന്ത്യന്‍ സംഗീതത്തിലും, ഭരതനാട്യം എന്ന കലാരൂപത്തിലും അഗ്രഗണ്യനായിരുന്നു അദ്ദേഹം. ഗുരുവായ ശിവരാമാനന്തയില്‍നിന്നും വേദാന്തം അഭ്യസിച്ചു.

ഒരിക്കല്‍ നാരായണതീര്‍ത്ഥര്‍ ഒരു അരുവി കുറുകെ കടക്കുമ്പോള്‍ അതിശക്തമായ ഒഴുക്ക് അനുഭവപ്പെട്ടു പെട്ടെന്ന് അദ്ദേഹം ഭഗവാനോട് പ്രാര്‍ത്ഥിച്ചു; തന്റെ ജീവന്‍ രക്ഷിച്ചാല്‍ സന്ന്യാസം സ്വീകരിച്ചുകൊള്ളാമെന്ന്. വീട്ടിലെത്തി ഭാര്യയോട് ഒന്നും പറഞ്ഞില്ലെങ്കിലും അദ്ദേഹം സന്ന്യാസം സ്വീകരിക്കുവാനുള്ള ഒരുക്കത്തിലാണ് എന്ന് അവര്‍ മനസ്സിലാക്കി. പിന്നീടുള്ള യാത്രയില്‍ അദ്ദേഹത്തിന് അസഹ്യമായ വയറുവേദന അനുഭവപ്പെട്ടു. അതിവേഗം സുഖം പ്രാപിക്കണമെന്ന് വെങ്കടേശ്വരസ്വാമിയോട് അപേക്ഷിക്കുകയും ചെയ്തു.  അടുത്ത ദിവസം കണികാണുന്നത് എന്തായിരുന്നാലും അതിനെ പിന്തുടരും എന്ന് ദൃഢനിശ്ചയം എടുത്തു.  

പിന്നേറ്റ് അദ്ദേഹം ഒരു കാട്ടുപന്നിയെയാണ് കണികണ്ടത്. അദ്ദേഹം അതിനെ  പിന്തുടര്‍ന്ന് വരാഹൂര്‍ എന്ന സ്ഥലത്താണ് എത്തിയത്. അവിടെ വെച്ച് ആ കാട്ടുപന്നി അപ്രത്യക്ഷമായി. നാരായണ തീര്‍ത്ഥര്‍ വരാഹൂരില്‍ താമസിച്ച് ഭഗവാനെ പ്രകീര്‍ത്തിച്ച് നിരവധി ഭക്തിഗാനങ്ങള്‍ രചിച്ചു തുടങ്ങി. ദക്ഷിണേന്ത്യന്‍ സംഗീതത്തെ അത്യുന്നതിയില്‍ എത്തിക്കുവാന്‍ പര്യാപ്തമായ ധാരാളം രചനകള്‍ അദ്ദേഹത്തിന്റേയായുണ്ട്.  

സംസ്‌കൃതഭാഷയില്‍ രചിച്ച ബൃഹത്തായ നൃത്തനാടകമാണ് കൃഷ്ണലീലതരംഗിണി. ‘കൃഷ്ണന്റെ അത്ഭുതങ്ങളുടെ ഒഴുക്ക് ആകുന്ന നദി’  എന്നാണ് അര്‍ഥം.  തരംഗം എന്നാല്‍ തിരമാല എന്നാണര്‍ത്ഥം. എന്നാല്‍ ഇവിടെ, പ്രത്യേകമായി ചിട്ടപ്പെടുത്തിയ സംഗീതം എന്നാണ് അര്‍ത്ഥം. കൃഷ്ണലീലാതരംഗിണിയില്‍ 12 തരംഗങ്ങളും, 147 കീര്‍ത്തനങ്ങളും, 267 ശ്ലോകങ്ങളും, 39 ഗദ്യങ്ങളും, 30 ദരുക്കളും, ദ്വിപദങ്ങളുംഅടങ്ങിയിരിക്കുന്നു. ഗദ്യങ്ങള്‍ ചൂര്‍ണികകള്‍ എന്നറിയപ്പെടുന്ന സംഗീതരൂപങ്ങളാണ്. കൃഷ്ണന്റെ ജനനം മുതല്‍ രുക്മിണിദേവിയുമായുള്ള വിവാഹം വരെയുള്ള കാര്യങ്ങള്‍ വര്‍ണിക്കുന്ന കൃഷ്ണലീലതരംഗിണി കുച്ചിപ്പുടി നൃത്തമായും ഭാഗവതമേള നാടകമായും അവതരിപ്പിച്ചിരുന്നു.  

കൃഷ്ണലീലതരംഗിണിയില്‍ ഉപയോഗിച്ചിരിക്കുന്ന രാഗങ്ങള്‍ സന്ദര്‍ഭോചിതമായി വരുന്ന രസങ്ങള്‍ക്ക് അനുയോജ്യമാണ്. 36 രക്തിരാഗങ്ങളാണ് ഇതിനുവേണ്ടി അദ്ദേഹം തിരഞ്ഞെടുത്തിരിക്കുന്നത്. അപൂര്‍വരാഗങ്ങളായ മംഗള കാപ്പി, ഗൗരി, ആഹിരി, മഞ്ചേരി, ദ്വിജാവന്തി, കര്‍ണാടക സാരംഗ തുടങ്ങിയ രാഗങ്ങള്‍ അദ്ദേഹമാണ് ആദ്യമായി കൃഷ്ണലീലതരംഗിണിയിലൂടെ അവതരിപ്പിച്ചത്. വരനാരായണതീര്‍ത്ഥ, ശിവനാരായണതീര്‍ത്ഥ, ഹരിനാരായണതീര്‍ത്ഥ തുടങ്ങി അദ്ദേഹത്തിന്റേതായ മുദ്രകളും ഉപയോഗിച്ചിട്ടുണ്ട്.  

കൃഷ്ണലീലതരംഗിണി വരാഹൂറില്‍ ഉള്ള വെങ്കിടേശ പെരുമാളിന് സമര്‍പ്പിക്കുവാന്‍ നാരായണ തീര്‍ത്ഥര്‍ തീരുമാനിച്ചു. ഇതിലെ പദ്യഭാഗങ്ങള്‍ ഭജന്‍സ് ആയി വരാഹൂറിലും സമീപ പ്രദേശങ്ങളിലും ഉപയോഗിച്ചു പോന്നു.

കാലങ്ങള്‍ക്കുശേഷം ഇതിലെ വളരെ പ്രധാനപ്പെട്ട ചില പദ്യഭാഗങ്ങള്‍:- കുറിഞ്ചി രാഗത്തിലുള്ള ‘ജയജയഗോകുലപാല’ ഭൈരവി, അഠാണ, കാംബോജി, കല്യാണി, സുരുട്ടി എന്നീ രാഗങ്ങള്‍ അടങ്ങുന്ന രാഗമാലികയായി തിരുവട്ടിയൂര്‍ ത്യാഗയ്യര്‍ ചിട്ടപ്പെടുത്തി. ഇത് ഭഗവാന്‍ കൃഷ്ണനെയും ബ്രഹ്മദേവനെയും സ്തുതിക്കുന്ന കീര്‍ത്തനങ്ങളായിരുന്നു.

‘ഗോവിന്ദഘഠയ’ എന്ന ഭൈരവിരാഗത്തിലുള്ള കീര്‍ത്തനത്തില്‍ കൃഷ്ണന്റെ വായില്‍ പതിനാല് ലോകങ്ങളും കണ്ട് അതിശയിച്ച യശോദാമ്മയെയും ഭഗവാനെയും സ്തുതിക്കുന്നു.

‘പൂരയമമകാമം’ എന്ന് ബിലഹരി രാഗത്തിലുള്ള കീര്‍ത്തനത്തില്‍ ഗോപികമാരോടൊത്ത് നൃത്തം ചെയ്യുന്ന കൃഷ്ണനെ സ്തുതിക്കുന്നു.  

അദ്ദേഹത്തിന്റെ മിക്ക കീര്‍ത്തനങ്ങളും സംഗീതകച്ചേരിയുടെ അവസാനത്തിലാണ് പാടിവരാറുള്ളത്. നാരായണതീര്‍ത്ഥര്‍ വളരെ മനോഹരങ്ങളായ ജതികള്‍ ഇതില്‍ പലയിടങ്ങളിലും ഉപയോഗിച്ചു കാണുന്നുണ്ട്. അത് പ്രധാനമായും നര്‍ത്തകരെ ഉദ്ദേശിച്ചിട്ടുള്ളത് ആയിരുന്നു.

കൃഷ്ണലീലാതരംഗിണി കൂടാതെ നാരായണതീര്‍ത്ഥര്‍ പാരിജാത അപഹരണം, ഹരിഭക്തി സുധര്‍ണ്ണവം എന്നീ രണ്ട് രചനകള്‍ കൂടിനടത്തിയിട്ടുണ്ട്. കൃഷ്ണലീലതരംഗിണിയുടെ രചനയ്‌ക്ക് ശേഷം അദ്ദേഹം ഭഗവാനില്‍ ലയിച്ചതായാണ് കരുതുന്നത്.

(നാളെ: സംഗീതവും ക്ഷേത്രങ്ങളും)

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക