കുവൈത്ത് സിറ്റി: കുവൈത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ആറ് പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇവരിൽ നാലു പേർ ബ്രിട്ടനിൽ നിന്നും എത്തിയ യാത്രക്കാരാണ്. ഈ യാത്രക്കാരുമായി സമ്പർക്കം പുലർത്തിയവരുമാണ് മറ്റു രണ്ടു പേർ. ഇതോടെ രാജ്യത്ത് കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 148 ആയി.
ഇന്ന് മൂന്നു പേർ കൂടി രോഗമുക്തരായിട്ടുണ്ട്. ഇതോടെ 18 പേരാണ് സുഖം പ്രാപിച്ചത്. തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന അഞ്ച് പേരിൽ മൂന്നു പേരുടെ നില ഇപ്പോഴും ഗുരുതരമാണെന്ന് മന്ത്രാലയ വക്താവ് അബ്ദുല്ല അൽ സനദ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി വിരുന്നുകൾ , വിവാഹ പാർട്ടികൾ, സ്വീകരണ പരിപാടികൾ മുതലായവ നടത്തുന്നതിനു നിരോധനം ഏർപ്പെടുത്തി. പൊതു സ്ഥലങ്ങളിലും സ്വകാര്യ സ്ഥലങ്ങളിലും വീടിനകത്തും ദീവാനിയകളിലും നിരോധനം ബാധകമായിരിക്കും. ആരോഗ്യ മന്ത്രി ഡോ.ബാസിൽ അൽ സബാഹാണു ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: