കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് കോച്ച് എല്‍കോ ഷട്ടോരിയെ പുറത്താക്കി. മോഹന്‍ ബഗാനെ ഐ ലീഗ് ചാംപ്യന്മാരാക്കിയ കിബു വികുന പകരക്കാരനാകും. ഈ സീസണിലാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡില്‍ നിന്ന് ഷട്ടോരി ബ്ലാസ്റ്റേഴ്സിലെത്തിയത്.
ഏറെ പ്രതീക്ഷകളോടെയാണ് കഴിഞ്ഞ സീസണില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡില്‍ അത്ഭുതം കാണിച്ച കോച്ചിനെ ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ചത്. എന്നാല്‍ 18 മല്‍സരങ്ങള്‍ കളിച്ച ബ്ലാസ്റ്റേഴ്സിന് ജയിക്കാനായത് നാലില്‍ മാത്രം. ഏഴ് വീതം സമനിലകളും തോല്‍വികളും ടീമിന്റെ സമനില തെറ്റിച്ചതോടെ 19 പോയിന്റ് മാത്രമുള്ള ടീം ഫിനിഷ് ചെയ്തത് ഏഴാമത്. താരങ്ങളുടെ പരുക്ക് കാരണം ഒരു മല്‍സരത്തില്‍ പോലും മികച്ച പ്ലേയിങ് ഇലവനെയിറക്കാന് ഷട്ടോരിക്ക് കഴിഞ്ഞിരുന്നില്ല. മൂന്നുവര്‍ഷത്തിനിടെ നാല് പരിശീലകരെ ബ്ലാസ്റ്റേഴ്സ് പരീക്ഷിച്ചെങ്കിലും സെമി ഫൈനല്‍ വലിയ കടമ്പയായി അവശേഷിച്ചു.
ഇതോടെയാണ് നാല് മല്‍സരങ്ങള്‍ ശേഷിക്കെ മോഹന്‍ ബഗാനെ ഐ ലീഗ് ചാംപ്യന്മാരാക്കിയ കിബു വികുനയിലേക്ക് ബ്ലാസ്റ്റേഴ്സ് എത്തിയത്. അടുത്ത സീസണില്‍ ബഗാന് ഐഎസ്എല്‍ ക്ലബ് എടികെയില്‍ ലയിക്കുന്നതിനാല്‍ കിബുവിന് ബഗാന് പരിശീലക സ്ഥാനം നഷ്ടമായിരുന്നു. തന്റെ അസിസ്റ്റന്റ് കോച്ച് തോമസ് കോര്സടക്കമുള്ളവരേയും വികുന ഒപ്പം കൂട്ടുമെന്നാണ് റിപ്പോര്‍ട്ട്. വേണ്ട താരങ്ങളുടെ ലിസ്റ്റും വികുന കൈമാറിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: