ന്യൂദല്‍ഹി: കൊറോണ വൈറസിനെ നേരിടുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിയെ പ്രശംസിച്ച് മുംബൈയില്‍ നിന്നൊരു രക്ഷിതാവ്. വിദേശരാജ്യങ്ങളില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് കുടുങ്ങിപ്പോയ ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള നടപടികള്‍ക്കാണ് പ്രശംസ. ഇറ്റലിയില്‍ കുടുങ്ങിപ്പോയ മകളെ രക്ഷിച്ച മോദി സര്‍ക്കാരിനെ പ്രശംസിച്ച് വളരെ വൈകാരികമായ കുറിപ്പാണ് ഈ പിതാവ് കുറിച്ചിരിക്കുന്നത്.
മുംബൈ സ്വദേശിയായ പെണ്‍കുട്ടി ഉന്നതപഠനത്തിനായാണ് ഇറ്റലിയിലെ മിലാനില്‍ എത്തിയത്. ഫെബ്രുവരി 4നാണ് ബിരുദാനന്തര പഠനത്തിനായി മകള്‍ മിലാനില്‍ എത്തിയത്. എന്നാല്‍ കൊവിഡ് 19 വ്യാപകമായത് നിമിത്തം കോളേജ് അടച്ചിരുന്നു. ഫെബ്രുവരി 28 ന് കുഴപ്പമില്ലെന്നും താമസിക്കാന്‍ വാടകയ്ക്ക് ഇടം കണ്ടെത്തിയെന്നും മകള്‍ അറിയിച്ചെന്നും പിതാവായ സുജയ് കദം പറയുന്നു. എന്നാല്‍ മാര്‍ച്ച് 10ഓടെ കാര്യങ്ങള്‍ വിചാരിച്ചതിന് അപ്പുറം വഷളാവുകയാണെന്ന മകളുടെ സന്ദേശമെത്തി. സൂപ്പര്‍ മാര്‍ക്കറ്റുകള്‍ അടക്കം എല്ലാം അടച്ചതായി മകള്‍ വ്യക്തമാക്കി.
തിരികെ ഇന്ത്യയിലേക്ക് പോരാനായി മകള്‍ തയ്യാറെടുത്തു. എന്നാല്‍ തിരികെ പോവാന്‍ ആവശ്യമായ സര്‍ട്ടിഫിക്കറ്റ് ഇറ്റലി സര്‍ക്കാര്‍ ആവശ്യപ്പെട്ടു. മിലാനിലെ ഇന്ത്യന്‍ എംബസി അടച്ചതോടെ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിക്കുകയെന്നത് അസാധ്യമായിരുന്നു. മകളെ തിരികെയെത്തിക്കാന്‍ മറ്റ് വഴികള്‍ കാണാതെ വന്ന പിതാവ് ഇന്ത്യന്‍ എംബസിക്ക് മാര്‍ച്ച് 12ന് എസ്ഒഎസ് സന്ദേശം അയക്കുകയായിരുന്നു. സന്ദേശത്തോട് എങ്ങനെ പ്രതികരിക്കുമെന്ന അറിവില്ലാതിരുന്ന സുജയ്ക്ക് ആശ്ചര്യമുണ്ടാകുന്ന രീതിയിലായിരുന്നു എംബസിയുടെ ഇടപെടല്‍.
മണിക്കൂറുകള്‍ക്കുള്ളില്‍ മകളുടെ സന്ദേശമെത്തി. എംബസിയില്‍ നിന്ന് വിളിച്ചിരുന്നു. മാര്‍ച്ച് 14 ന് തിരികെ വരികയാണെന്നും മകള്‍ അറിയിച്ചു. വര്‍ഷങ്ങളായി മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വ്യാപകമായി വിമര്‍ശിച്ചിട്ടുള്ള വ്യക്തിയാണ് താന്‍. എന്നാല്‍ ഈ അനുഭവങ്ങള്‍ അത്തരം ധാരണകളെയെല്ലാം മാറ്റി മറിച്ചുവെന്ന് സുജയ് വ്യക്തമാക്കുന്നു. ഇന്ത്യ ഗവണ്മെന്റ് ഒരു പിതാവിനെ എന്നപോലെ തന്റെ മകളെ സുരക്ഷിതയാക്കി തിരികെ നാട്ടിലെത്തിച്ചുവെന്ന് സുജയ് ടൈംസ് നൗവ്വിനോട് വ്യക്തമാക്കി.
മാര്‍ച്ച് 15 തിരികെയെത്തിയ മകള്‍ ഐടിബിപി ആശുപത്രിയില്‍ ക്വാറന്റൈനിലാണുള്ളത്. മരുന്നിന്റേയും ഭക്ഷണത്തിന്റേയും ഉത്തരവാദിത്തം നോക്കുന്നത് സര്‍ക്കാരാണെന്നും സുജയ് പറയുന്നു. മോദി സര്‍ക്കാരാണ് തന്റെ മകളുടെ രണ്ടാമത്തെ രക്ഷിതാവെന്നാണ് സുജയ് പ്രതികരിക്കുന്നത്. പ്രധാനമന്ത്രിയോട് വളരെയധികം നന്ദിയുണ്ട്. അദ്ദേഹത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നും സുജയ് വ്യക്തമാക്കുന്നു. വിദേശങ്ങളില്‍ ചിതറിപ്പോയ മക്കള്‍ ഉള്ള രക്ഷിതാക്കള്‍ ഭയപ്പെടേണ്ട ആവശ്യമില്ലെന്ന് സുജയ് പ്രതികരിക്കുന്നത്. ഇന്ത്യന്‍ എംബസി അത്ര സൂക്ഷ്മമായാണ് പൗരന്മാരെ നോക്കുന്നതെന്നും സുജയ് കുറിപ്പില്‍ വിശദമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: