കൊച്ചി: കൊറോണാ പ്രതിരോധത്തില്‍ പിണറായി സര്‍ക്കാരിന്റെ വീഴ്ച മൂലമുണ്ടായ സത്യസന്ധമായ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകന് അറസ്റ്റ് ഭീഷണി. വാര്‍ത്തയുടെ ഉറവിടം തേടി മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്ത പോലീസിന്റെ അറസ്റ്റ് ഭീഷണിയുടെ തുടര്‍ന്ന് ഒളിവിലാണ് ലേഖകന്‍. കളമശേരി പോലീസിന്റേതാണ് നടപടി. കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ നിര്‍ദേശ പ്രകാരമാണെന്നാണ് വിശദീകരണം. ജന്മഭൂമിയുടെ കളമശേരി ലേഖകന്‍ എസ്. ശ്രീജിത്തിനു നേരേയാണ് സര്‍ക്കാരിന്റേയും പോലീസിന്റെയും അതിക്രമം.
സംഭവം ഇങ്ങനെ- കോവിഡ് 19 സംശയിച്ച് വിമാനയാത്രക്കാരെ പരിശോധിച്ച് ആവശ്യമെങ്കില്‍ നിരീക്ഷണത്തില്‍ വെയ്‌ക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിരുന്നച് എറണാകുളം കളമശേരി മെഡിക്കല്‍ കോളെജിലായിരുന്നു. നിരീക്ഷണത്തിലിരിന്നയാള്‍ ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ട കേരളത്തിലെ ആദ്യസംഭവവും കളമശേരിയില്‍ ആയിരുന്നു. ഈ സംഭവത്തില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന ആള്‍ രക്ഷപ്പെട്ടെന്നും ആളെ ഉടന്‍ കണ്ടു പിടിച്ചില്ലെങ്കില്‍ സാമൂഹ്യ പ്രശ്‌നമാകുമെന്നും നടപടി ഉടന്‍ വേണമെന്നും ജില്ലാ കളക്ടര്‍ക്ക് രേഖാമൂലം ജില്ലാ മെഡില്‍ ഓഫീസര്‍ അറിയിപ്പു നല്‍കി. ഇതിന്റെ പകര്‍പ്പു സഹിതം ജന്മഭൂമി ഓണ്‍ലൈനില്‍ മാര്‍ച്ച് രണ്ടിന് രാത്രിതന്നെ കളമശേരി പ്രദേശിക ലേഖകന്‍ എസ്. ശ്രീജിത്ത് നല്‍കിയ വാര്‍ത്ത പ്രസിദ്ധീകരിച്ചു. സമൂഹത്തെ ജാഗ്രതപ്പെടുത്താനും ചാടിപ്പോയ ആളിനു തന്നെ ഗൗരവം മനസിലാക്കാനുമാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. വാര്‍ത്തയുടെ ആധികാരികതയ്‌ക്ക് ബന്ധപ്പെട്ട ഉത്തരവും ചേര്‍ത്തു. സംഭവം നടന്നു വൈകാതെ ഇയാള്‍ തിരികെ എത്തിയിരുന്നു. ആ വാര്‍ത്തയും പ്രസിദ്ധീകരിച്ചു. പിറ്റേന്ന് ജില്ലാ കളക്ടറും ഡിഎംഒയും സംഭവം വിശദീകരിച്ചു, ഔദ്യോഗികമായി ശരിവെക്കുകയും സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗിക പത്രക്കുറിപ്പിറക്കുകയും ചെയ്തു.
എന്നാല്‍, ഇതിനിടെ ഈ വിഷയം സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയായി. കൊറോണ പടരാതിരിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ പാളിച്ചയുണ്ടായത് വിമര്‍ശനത്തിനിടയാക്കി. തുടര്‍ന്ന് കളമശേരി ആശുപത്രിയെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്നും തെറ്റായി വാര്‍ത്ത പ്രസിദ്ധീകരിച്ചുവെന്നും വിശദീകരിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പത്രക്കുറിപ്പിറക്കി. പിന്നാലെയാണു പോലീസ് അന്വേഷണം തുടങ്ങിയത്.
സംഭവുമായി ഒരു വ്യാജവാര്‍ത്ത പോലും ജന്മഭൂമിയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. എന്നാല്‍, കൊറോണ സംബന്ധിച്ചു പുകഴ്‌ത്തലുകള്‍ മാത്രം പ്രതീക്ഷിച്ച ആരോഗ്യവകുപ്പിനേയും സര്‍ക്കാരിനേയും വീഴ്ചയുടെ വാര്‍ത്ത പ്രതിരോധത്തിലാക്കി. ഇതേത്തുടര്‍ന്നു വാര്‍ത്ത എങ്ങനെ പുറത്തു വന്നു, ആര് പുറത്തറിയിച്ചു എന്നായി പോലീസ് അന്വേഷണം. ഇതേത്തുടര്‍ന്ന് കളമശേരിയിലെ പ്രാദേശിക പത്രപ്രവര്‍ത്തകരെ കളമശേരി പോലീസ് ചോദ്യം ചെയ്തു. ജന്മഭൂമി ലേഖകനെ ഇന്നലെ (17 മാര്‍ച്ച് 2020) വൈകിട്ട് 6 മുതല്‍ 8 വരെ കളമശേരി പോലീസ് സ്‌റ്റേഷനില്‍ തടഞ്ഞുവെച്ചു. എട്ടു മണിക്ക് ഫോണ്‍ വാങ്ങി പോലീസ് കസ്റ്റഡിയില്‍ വെച്ചു. ഇന്ന് തിരികെ കൊടുക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഇതുമൂലം ഈ സമയത്ത് ശ്രീജിത്തിന് വാര്‍ത്ത അയയ്‌ക്കാനും അറിയിക്കാനും കഴിഞ്ഞിട്ടില്ല. ഇതിനിടെയാണു ശ്രീജിത്തിനെ അറസ്റ്റ് ചെയ്യാനും പോലീസ് തയാറെടുക്കുന്നെന്ന സൂചന ലഭിച്ചത്. സത്യസന്ധമായ വാര്‍ത്തയെങ്കില്‍ അതിന്റെ ഉറവിടം വെളിപ്പെടുത്തണമെന്നില്ലെന്നും സുപ്രീം കോടതി വരെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, അതു ലംഘിച്ചുള്ള അധികൃതരുടെ നീക്കം മാധ്യമ പ്രവര്‍ത്തനം തടയുന്ന അടിയന്തരാവസ്ഥയ്‌ക്ക് സമാനമാണ്.
അയല്‍ സംസ്ഥാനത്തില്‍ (കര്‍ണാടക) സിഎഎ വിരുദ്ധ കലാപത്തിന്റെ പശ്ചാത്തലത്തില്‍തിരിച്ചറിയല്‍ കാര്‍ഡ് ചോദിച്ചതിനാണ് മാധ്യമ അടിയന്തരാവസ്ഥ എന്ന് കേരള സര്‍ക്കാരും മന്ത്രിമാരും പത്രപ്രവര്‍ത്തക സംഘടനകളും വിമര്‍ശിച്ചത്. ഇവിടെ മാധ്യമപ്രവര്‍ത്തകര്‍ ഒരിക്കലും വെളിപ്പെടുത്തണമെന്ന് നിര്‍ബന്ധമില്ലെന്ന് സുപ്രീം കോടതി പോലും വിധി പറഞ്ഞിട്ടുള്ള വാര്‍ത്തയുടെ ഉറവിടം വെളിപ്പെടുത്താനാണ് പോലീസ് ആവശ്യപ്പെട്ടിട്ടുള്ളത്. പ്രളയ ദുരിതാശ്വാസ തട്ടിപ്പുള്‍പ്പെടെ വാര്‍ത്തകളില്‍ സിപിഎം നേതാക്കളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പങ്കാളികളാണെന്ന വിവരം പുറത്തു കൊണ്ടുവന്നത് ശ്രീജിത്തായിരുന്നു. പത്രപ്രവര്‍ത്തകനെയും മാധ്യമ പ്രവര്‍ത്തനത്തെയും അമര്‍ച്ച ചെയ്യാനുള്ള പിണറായി സര്‍ക്കാരിന്റെ ശ്രമമാണ് ഇതെന്ന വിമര്‍ശനം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: