കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്‍ കീഴില്‍ ദേശീയ പ്രാധാന്യമുള്ള പുതുച്ചേരി ജവഹര്‍ലാല്‍ നെഹ്‌റു പോസ്റ്റ് ഗ്രാഡുവേറ്റ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (ജിപ്‌മെര്‍) ജൂലൈ സെഷനിലെ മെഡിക്കല്‍ പിജി (എംഡി/എംഎസ്/എംഡിഎസ്) കോഴ്‌സുകളില്‍ പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. പ്രവേശന പരീക്ഷ മേയ് 16 ന് ദേശീയതലത്തില്‍ നടത്തും. കേരളത്തില്‍ കൊച്ചി പരീക്ഷാകേന്ദ്രമാണ്. എംഡി/എംഎസ് കോഴ്‌സില്‍ ആകെ 115 സീറ്റുകളും എംഡിഎസ് കോഴ്‌സില്‍ സംവരണം ചെയ്യപ്പെടാത്ത രണ്ട് സീറ്റുകളുമാണ് ഉള്ളത്.
അംഗീകൃത എംബിബിഎസ്/ബിഡിഎസ് ബിരുദം മൊത്തം 55 ശതമാനം മാര്‍ക്കില്‍ (പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്ക് 50% മതി) കുറയാതെ വിജയിച്ചിട്ടുള്ളവര്‍ക്ക് അപേക്ഷിക്കാം. 12 മാസത്തെ ഇന്റേണ്‍ഷിപ്പ്/പ്രാക്ടിക്കല്‍ ട്രെയിനിംഗ് 2020 ജൂണ്‍ 30 ന് മുമ്പായി പൂര്‍ത്തിയാക്കണം.
അപേക്ഷാ ഫീസ് 1600 രൂപ. എസ്‌സി/എസ്ടി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 1200 രൂപ. അസ്ഥി സംബന്ധമായ വൈകല്യമുള്ളവര്‍ക്ക് (ഒപിഎച്ച്) ഫീസില്ല. വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് 3000 രൂപ. ട്രാന്‍സാക്ഷന്‍ ചാര്‍ജ് കൂടി നല്‍കണം.
അപേക്ഷ ഓണ്‍ലൈനായി www.jipmer.edu.in ല്‍ ഇപ്പോള്‍ സമര്‍പ്പിക്കാം. വിശദവിവരങ്ങളടങ്ങിയ പ്രോസ്‌പെക്ടസ് ഡൗണ്‍ലോഡ് ചെയ്ത് നിര്‍ദ്ദേശാനുസരണം അപേക്ഷിക്കണം. ഏപ്രില്‍ 9 വൈകിട്ട് 5 മണിവരെ അപേക്ഷ സ്വീകരിക്കും. ആദ്യമാദ്യം അപേക്ഷിക്കുന്നവര്‍ക്കാണ് സൗകര്യപ്രദമായ പരീക്ഷാകേന്ദ്രം ലഭിക്കാനിടയുള്ളത്.
എംഡി/എംഎസ്/എംഡിഎസ് കോഴ്‌സുകളുടെ കാലാവധി 3 വര്‍ഷം വീതം. എംഡി പ്രോഗ്രാമില്‍ അനസ്‌തേഷ്യോളജി, അനാട്ടമി, കമ്യൂണിറ്റി മെഡിസിന്‍, ബയോകെമിസ്ട്രി, ഡെര്‍മെറ്റോളജി, വെനിറിയോളജി ആന്‍ഡ് ലെപ്രസി, എമര്‍ജന്‍സി മെഡിസിന്‍, ഫോറന്‍സിക് മെഡിസിന്‍, ജനറല്‍ മെഡിസിന്‍, ഇമ്യൂണോഹേമറ്റോളജി ആന്‍ഡ് ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍, മൈക്രോബയോളജി, ന്യൂക്ലിയര്‍ മെഡിസിന്‍, പാതോളജി, പീഡിയാട്രിക്‌സ്, ഫാര്‍മാക്കോളജി, ഫിസിയോളജി, സൈക്യാട്രി, പള്‍മണറിമെഡിസിന്‍, റേഡിയോ ഡെയ്ഗ്‌നോസിസ്, റേഡിയേഷന്‍ ഓങ്കോളജി എന്നിവയിലും ‘എംഎസ്’ കോഴ്‌സില്‍ ജനറല്‍ സര്‍ജറി, ഒബ്‌സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി, ഓഫ്താല്‍മോളജി, ഓര്‍ത്തോപീഡിക് സര്‍ജറി, ഓട്ടോറിനോലെറിങ്കോളജി എന്നിവയിലുമാണ് പഠനാവസരം. ആകെ 115 സീറ്റുകള്‍ ലഭ്യമാണ്.
എംഡിഎസ് കോഴ്‌സില്‍ ഓര്‍ത്തോഡോന്റിക്‌സ് ആന്‍ഡ് ഡെന്റോഫേഷ്യല്‍ ഓര്‍ത്തോപീഡിക്‌സ്, ഓറല്‍ ആന്‍ഡ് മാക്‌സിലോ ഫേഷ്യല്‍ സര്‍ജറി എന്നിവയിലാണ് പഠനാവസരമുള്ളത്. സംവരണം ചെയ്യപ്പെടാത്ത രണ്ട് സീറ്റുകള്‍ മാത്രം.പ്രവേശന പരീക്ഷ ഉള്‍പ്പെടെ സമഗ്ര വിവരങ്ങള്‍ക്കും അപ്‌ഡേറ്റുകള്‍ക്കും www.jipmer.edu.in സന്ദര്‍ശിക്കേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: