ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമം നിലവിലുള്ള പൗരന്മാരുടെ ജനാധിപത്യപരമായ അവകാശങ്ങള്‍ ഹനിക്കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി പരിഗണിക്കവേയാണ് ഇക്കാര്യം അറിയിച്ചത്.
129 പേജുള്ള പ്രാഥമിക സത്യവാങ്മൂലത്തിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സിഎഎ രാജ്യത്തെ പൗരന്മാരുടെ ഭരണഘടനാപരമായ ഒരു അവകാശങ്ങളും ഹനിക്കുന്നില്ല. അയല്‍ രാജ്യങ്ങളില്‍ മതപീഡനം അനുഭവിക്കുന്ന വിഭാഗങ്ങള്‍ ഏതാണ് എന്ന് തീരുമാനിക്കാന്‍ പാര്‍ലമെന്റിന് അധികാരം ഉണ്ട്. നിയമം ആയതിനെ കോടതിയില്‍ ചോദ്യം ചെയ്യാന്‍ സാധിക്കില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി.
പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്ത് മുസ്ലിം ലീഗ് ഉള്‍പ്പടെ ഫയല്‍ ചെയ്ത റിട്ട് ഹര്‍ജികളില്‍ ആണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്തത്. പൗരത്വവുമായി ബന്ധപ്പെട്ട നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റിന് അധികാരം ഉണ്ട്. പാക്കിസ്ഥാന്, അഫ്ഗാനിസ്ഥാന്, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ പീഡനം അനുഭവിച്ച് ഇന്ത്യയിലേക്ക് എത്തിയ വിഭാഗങ്ങള്‍ ഏതാണെന്ന് തീരുമാനിക്കാന്‍ പാര്‍ലമെന്റിന് അവകാശമുണ്ട്.
അതേസമയം ഭൂരിപക്ഷ സമുദായത്തില്‍പെട്ടവര്‍ പീഡനം അനുഭവിക്കുന്നുണ്ടെങ്കില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നല്കുന്ന അതേ അവകാശങ്ങള്‍ തന്നെ ഇവര്‍ക്കും നല്‍കണമെന്ന് പറയാന്‍ സാധിക്കില്ല. അനുഭവിക്കുന്ന വിഭാഗങ്ങള്‍ ഏതാണ് എന്ന് തീരുമാനിക്കാന്‍ പാര്‍ലമെന്റിന് അധികാരം ഉണ്ട്. മത പീഡനം അനുഭവിക്കുന്ന അഹമ്മദിയ, ഷിയ വിഭാഗങ്ങളെ എന്ത് കൊണ്ടാണ് നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താത്തതെന്ന ചോദ്യത്തിനും കേന്ദ്രം കൃത്യമായി മറുപടി നല്‍കിയിട്ടുണ്ട്.
അതേസമയം പൗരത്വ ഭേദഗതി നിയമത്തില്‍ നിന്ന് മുസ്ലിങ്ങളെ മാത്രം ഒഴിവാക്കിയതായി ഉന്നയിക്കപ്പെടുന്ന വാദങ്ങള്‍ തെറ്റാണെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. തമിഴ് ഹിന്ദുക്കളെയും, ടിബറ്റിലെ ബുദ്ധമത വിശ്വാസികളേയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അതേസമയം പരമാധികാര രാഷ്ട്രങ്ങള്‍ക്ക് ദേശീയ പൗരത്വ രജിസ്റ്റര്‍ ഒഴിവാക്കാനാവാത്തതാണ് പൗരത്വ മില്ലാതെ രാജ്യത്ത് കഴിയുന്നവരെ തിരിച്ചറിയുന്നതിന് വേണ്ടിയാണ് എന്‍ആര്‍സിയെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: