കൊല്ലം: ഒന്നര വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച രണ്ടാനച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. ബീഹാർ സ്വദേശിയായ മുന്നിലാലിനെ (23)യാണ് കുണ്ടറ പോലീസ് അറസ്റ്റ് ചെയ്തത്. പെരുമ്പുഴ വഞ്ചിമുക്കിലെ പ്ളാന്റ് നഴ്സറി തൊഴിലാളിയാണ് മുന്നിലാൽ.
നേപ്പാളി സ്വദേശിനിയോടൊപ്പം ഇയാൾ രണ്ട് മാസം മുൻപാണ് താമസം തുടങ്ങിയത്. ഇവരുടെ മകളെയാണ് ക്രൂരമായി പീഡിപ്പിച്ചത്. തലയ്‌ക്കും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും സാരമായി പരിക്കേറ്റ നിലയിൽ കുട്ടിയെ മൂന്ന് ദിവസം മുൻപ് അവശ നിലയിൽ കണ്ടെത്തുകയായിരുന്നു. നഴ്സറിയുടെ ആളൊഴിഞ്ഞ ഭാഗത്താണ് കുട്ടിയെ അവശ നിലയിൽ കണ്ടെത്തിയത്. മറ്റൊരു ഭാഗത്തായി അമ്മയും ഉണ്ടായിരുന്നു. ഉടൻതന്നെ കുട്ടിയെ തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തലയ്‌ക്ക് സാരമായ പരിക്കുണ്ടെന്നാണ് ഇവിടെ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. കുട്ടിയ്‌ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതായും കണ്ടെത്തി. തുടർന്ന് ആശുപത്രി അധികൃതർ അറിയിച്ച പ്രകാരമാണ് മുന്നിലാലിനെ പോക്സോ ഉൾപ്പടെ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്തത്. ഇന്ന് കോടതിയിൽ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: