പൗരത്വ ഭേദഗതിക്കെതിരെ ഭാരതത്തിലെ ചില പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍, പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന് പാക്കിസ്ഥാനെക്കുറിച്ചും അവിടുത്തെ ജനങ്ങളെക്കുറിച്ചും, ന്യൂനപക്ഷങ്ങളെക്കുറിച്ചും വാചാലനായി കഥകള്‍ പറയുന്നു. ഭാരതത്തിലെ പ്രതിഷേധക്കാരെ, പാക്കിസ്ഥാന് ഒരു ”സ്വപ്ന സ്ഥലമാണെന്ന്” കാണിക്കുകയാണ് ലക്ഷ്യം. കേരളത്തിലെ ചില ഇടതുപക്ഷ ചിന്തകര്‍ പോലും ഇതിനെ അഭിനന്ദിച്ചു. എന്താണ് സത്യം? എല്ലാ വര്‍ഷവും അമേരിക്ക ആസ്ഥാനമായുള്ള ‘ഫണ്ട് ഫോര്‍ പീസ്’, ലോകത്തെ ദുര്‍ബ്ബല സംസ്ഥാന സൂചിക പ്രസിദ്ധീകരിക്കുന്നുണ്ട് (മുമ്പ് ‘പരാജയപ്പെട്ട സംസ്ഥാന സൂചിക എന്നറിയപ്പെട്ടിരുന്നു). ഈ പട്ടിക തയാറാക്കുമ്പോള്‍, ഒരു ദുര്‍ബ്ബല രാജ്യത്തിന്റെ നിരവധി മാനദണ്ഡങ്ങള്‍ പരിഗണിക്കും. ഇതില്‍ ദുര്‍ബ്ബലമായ ഭരണം, രാജ്യത്തിന്റെ ചില മേഖലകളില്‍ നിയന്ത്രണമില്ലാത്തത്, പൊതു സേവനങ്ങളുടെ ലഭ്യതക്കുറവ്, വ്യാപകമായ അഴിമതി, കുറ്റകൃത്യങ്ങള്‍, അഭയാര്‍ഥികളുടെ അനിയന്ത്രിതമായ മുന്നേറ്റം, ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി എന്നിവ ഉള്‍പ്പെടും. ഈ പട്ടിക പ്രകാരം ഇപ്പോള്‍ പാക്കിസ്ഥാന് അലേര്‍ട്ട് വിഭാഗത്തിലാണ്. ഇത് പാക്കിസ്ഥാന്റെ ഭാവിയെക്കുറിച്ച് ഒരു ഉള്‍ക്കാഴ്ച നല്കുന്നു.
സ്വാതന്ത്ര്യലബ്ധിക്കുശേഷം പാക്കിസ്ഥാന് നിരവധി ആഭ്യന്തര കലഹങ്ങളുമായി പൊരുതി കൊണ്ടിരിക്കുകയാണ്. പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ ഏറ്റവും വലുതും, വിഭവ സമൃദ്ധമായ പ്രവിശ്യയുമാണ്, എന്നിട്ടും ഏറ്റവും ദരിദ്രമായ പ്രവിശ്യയായി. ബലൂചികള്‍ 1947 മുതല്‍ ഒരു സ്വതന്ത്ര രാഷ്ട്രം ആവശ്യപ്പെടുന്നു. ബലൂച് ജനത പ്രത്യേക വംശീയ വിഭാഗമാണെന്നും അവര്‍ക്ക് പ്രത്യേക രാഷ്ട്രം വേണമെന്നും അവകാശപ്പെടുന്ന ആശയമാണ്, ബലൂച് ദേശീയത. അവര്‍ക്ക് മതം അടിസ്ഥാനമാക്കിയല്ല, വംശീയതയെ അടിസ്ഥാനമാക്കിയുള്ള രാഷ്ട്രമാണ് വേണ്ടത്. ഇതുവരെ നിരവധി ബലൂചികള്‍ കൊല്ലപ്പെട്ടു. നാട്ടുകാര്‍ പ്രതിഷേധം നടത്തുന്നു. ചൈനക്കാര്‍ക്കെതിരെയും ചില അക്രമങ്ങള്‍ നടന്നു.
സ്വാതന്ത്ര്യാനന്തരം ഭാരതത്തില്‍ നിന്ന് പാക്കിസ്ഥാനിലേക്ക് കുടിയേറിയ മുസ്ലീങ്ങളെ മൊഹാജിര്‍ എന്നാണ് വിളിക്കുന്നത്. അവര്‍ പ്രധാനമായും സിന്ധ് പ്രവിശ്യയിലാണ് താമസിക്കുന്നത്. ആദ്യ ദിവസം മുതല്‍ പഞ്ചാബി മുസ്ലീങ്ങള്‍ അവരോട് വിവേചനം കാണിച്ചിരുന്നു. ഇത്രയും വര്‍ഷം പിന്നിട്ടിട്ടും അവരുടെ അവസ്ഥ ദയനീയമാണ്. പഞ്ചാബി മുസ്ലീങ്ങള്‍ ആധിപത്യം പുലര്‍ത്തുന്ന സര്‍ക്കാര്‍ ജോലികളില്‍ അവര്‍ക്ക് മതിയായ പ്രാതിനിധ്യമില്ല. ഭാരതത്തിനുപകരം പാക്കിസ്ഥാനെ ജന്മനാടായി തെരഞ്ഞെടുത്ത ജനതയോടുള്ള നഗ്നമായ വിവേചനം ഇന്നും തുടരുന്നു. ഇതാണ് മൊഹാജിര്‍ ക്വാമി പ്രസ്ഥാനത്തിന്റെ (എംക്യുഎം) പിറവിയിലേക്ക് നയിച്ചത്.
ഗുരുതരമായ പ്രശ്നങ്ങളുള്ള പാക്കിസ്ഥാനിലെ മറ്റൊരു പ്രദേശമാണ് നോര്‍ത്ത് വസീറിസ്ഥാന്. പ്രധാനമായും പഷ്തൂണ്‍ വംശജരാണ് ഇവിടെയുള്ളത്. ഈ പ്രദേശം തികച്ചും യുദ്ധമേഖലയാണ്. പാക്കിസ്ഥാന് സൈന്യത്തില്‍ നിന്നും, വിവിധ തീവ്രവാദ സംഘടനകളില്‍ നിന്നുമുള്ള ആക്രമണങ്ങളാണ് ഈ പ്രദേശത്തെ ജനങ്ങളെ ഏറ്റവും കൂടുതല്‍ പീഡിപ്പിച്ചത്. പാക്കിസ്ഥാന് സൈന്യം നിരപരാധികളായ നിരവധി ആളുകളെ കൊന്നിട്ടുണ്ട്. ഈ പ്രദേശങ്ങളില്‍ പ്രത്യേക ‘പഷ്തൂണ്‍ ഭൂമി’ വേണമെന്ന ആവശ്യം വളരെ ശക്തമാണ്. വടക്കന്‍ വസീറിസ്ഥാനില്‍, ‘പഷ്തൂണ്‍ തഹാഫിസ് മൂവ്മെന്റിന്റെ’ (പിടിഎം) ബാനറില്‍ പഷ്തൂണുകള്‍ സൈന്യത്തിനെതിരെ യുദ്ധം നടത്തുകയാണ്.
കൂടാതെ പാക്കിസ്ഥാനില്‍ ധാരാളം വിഭാഗീയ അക്രമങ്ങള്‍ നടക്കുന്നുണ്ട്. ഷിയകള്‍, ബറേല്‍വി സുന്നികള്‍, അഹ്മദികള്, ഹിന്ദുക്കള്‍, ക്രിസ്ത്യാനികള്‍, സിഖുകാര്‍ എന്നിവരാണ് ഇത്തരം ആക്രമണത്തിന് ഇരകളാകുന്നത്. നിരോധിച്ച നിരവധി തീവ്രവാദ സംഘടനകള്‍ ഇന്നും പാക്കിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്നു. ഇന്ന് ലോക ഭീകരതയുടെ പ്രഭവകേന്ദ്രമെന്നാണ് പാക്കിസ്ഥാനെ വിളിക്കുന്നത്. പാക്കിസ്ഥാന് തീവ്രവാദത്തെ ഒരു നയമായി ഉപയോഗിച്ചപ്പോള്‍, ഒരു ദിവസം അതേ തീവ്രവാദം അവയെയും നശിപ്പിക്കുമെന്ന് കരുതിയില്ല.
മൂന്ന് ശതമാനം വളര്‍ച്ചാ നിരക്കും, 12 ശതമാനം നാണയപ്പെരുപ്പവും, രാജ്യത്തിന്റെ ബജറ്റിന്റെ 30 ശതമാനം കടബാധ്യതകളാല്‍ ഉണ്ടാക്കുന്ന സാഹചര്യവും ആശങ്കാജനകമാണ്. കൂടാതെ ഓരോ വര്‍ഷവും ബജറ്റിന്റെ 18 മുതല്‍ 23 ശതമാനം വരെ സൈനിക ചെലവുകള്‍ക്കായി മാറ്റിവയ്ക്കുന്നു. എഫ്എടിഎഫ് ലിസ്റ്റിങ് പാക്കിസ്ഥാനിലെ നിക്ഷേപം വീണ്ടണ്ടും കുറയ്ക്കും. പാക്കിസ്ഥാനെ ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയാല്‍, അവരുടെ സമ്പദ്വ്യവസ്ഥ പൂര്‍ണ്ണമായും തകരാറിലാകും. ജനാധിപത്യം ഒരിക്കലും വേരുറപ്പിക്കാന്‍ പറ്റാത്ത രാജ്യമാണ് പാക്കിസ്ഥാന്. സമീപകാലത്ത് പാക്കിസ്ഥാന് സൈന്യവും പാക്കിസ്ഥാന് ജുഡീഷ്യറിയും തമ്മിലുണ്ടായ തര്‍ക്കം വലിയ കലഹത്തിന് വഴിയൊരുക്കിയിരുന്നു. ഇമ്രാന് ഖാന് നിസ്സഹായ അവസ്ഥയിലാണ്. ഭാരതം ജമ്മു കശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം പാക്കിസ്ഥാന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികളിലാണ്, ഈ നിസ്സഹായത ഏറ്റവും വ്യക്തമാകുന്നത്.
പാക്കിസ്താന് ഇന്ന് 1971ലെ അതേ അവസ്ഥയിലേക്ക് മടങ്ങുകയാണ്. മത തീവ്രവാദ സംഘടനകള്‍ അധികാരം ഏറ്റെടുത്തതിനുശേഷം, പാക്കിസ്ഥാന്റെ മറ്റൊരു ശിഥിലീകരണം തള്ളിക്കളയാനാവില്ല. ഈ സാഹചര്യത്തിലാണ് ഭാരതത്തില്‍ വിള്ളല്‍ സൃഷ്ടിക്കാന്‍ ഇമ്രാന് ഖാനും ഐഎസ്ഐയും ഇടതടവില്ലാതെ ശ്രമിക്കുന്നത്. പാക്കിസ്ഥാനെ ഒരുമിച്ച് നിര്‍ത്താനും, സൈന്യത്തെ പരമാധികാര കേന്ദ്രമായി നിലനിര്‍ത്താനും അവര്‍ക്ക് എന്നും ഒരു ”ശത്രു” ആവശ്യമാണ്. ആ ശത്രു ഭാരതമാണ്. ശത്രുവിനെ പരാജയപ്പെടുത്താന്‍ അവര്‍ ഏത് പരിധിവരെയും പോകും. വ്യത്യസ്ത പരീക്ഷണങ്ങള്‍ നടത്തും. ദില്ലി കലാപം അവരുടെ ഏറ്റവും പുതിയ പരീക്ഷണമായിരുന്നു. ചിലപ്പോള്‍ അദ്ദേഹം പാക്കിസ്ഥാന് പ്രധാനമന്ത്രിയെക്കാള്‍ ഇന്ത്യയുടെ പ്രതിപക്ഷ നേതാവിനെപ്പോലെയാണ് സംസാരിക്കുന്നത്. ഇത് കണ്ടതിന് ശേഷം ഇവിടെ ചിലരും കൈയടിക്കുന്നു. ഇമ്രാന് ഖാന്റെ സ്വന്തം വീടിന് തീപിടിക്കുമ്പോള്‍, അയല്‍വാസിയുടെ വീട് നശിപ്പിക്കാന്‍ ശ്രമിക്കുന്നത്, എത്ര വിചിത്രമാണ്. എന്നാല്‍ 1947 മുതല്‍, പാക്കിസ്ഥാനില്‍ വിചിത്രമായി ഒന്നും തന്നെയില്ല. എല്ലാം അവരുടെ നിലപാടിലും നിലവാരത്തിലും സാധാരണമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: