കുഞ്ഞു ക്വേഡന് ഹെയില്‍സിനെ നമ്മള് മറക്കാനിടയില്ല. കുള്ളന്‍ എന്ന് വിളിച്ച് സഹപാഠികള്‍ തന്നെ കളിയാക്കിയപ്പോള്‍ സ്വന്തം അമ്മയോട് തന്നെ ”ഒന്നു കൊന്നു തരാമോ” എന്ന് അഭ്യര്‍ഥിച്ച ഒമ്പതുവയസുള്ള ആസ്ട്രേലിയക്കാരന് ക്വേഡന്റെ വീഡിയോ നിറകണ്ണുകളോടെയാണ് ലോകം കണ്ടത്. ക്വേഡന്റെ വേദന ലോകം ഏറ്റെടുത്തു. ഫുഡ്ബാള്‍ താരങ്ങളും സെലിബ്രിറ്റികളും ക്വേഡന് പിന്തുണയുമായെത്തി. ഒപ്പം ഉയരക്കുറവിനെ തന്റെ ഉയര്‍ച്ചക്കായി ഉപയോഗിച്ച മലയാളത്തിന്റെ സ്വന്തം ഗിന്നസ് പക്രുവും.
”നിന്നെപ്പോലെ ഈ ഏട്ടനും ഒരിക്കല്‍ കരഞ്ഞിട്ടുണ്ട്….. കണ്ണീരാണ് പിന്നീടുള്ള യാത്രയ്ക്ക് ഇന്ധനമായത് …നീ കരയുമ്പോള്‍ …നിന്റെ ‘അമ്മ തോല്‍ക്കും” എന്നായിരുന്നു ക്വേഡന് പക്രു നല്കിയ സന്ദേശം. പക്രുവില്‍ നിന്ന് ഗിന്നസ് പക്രുവായ മലയാളികളുടെ അജയ് കുമാര്‍ തന്റെ ജീവിതത്തില്‍ തനിക്ക് ഉയരക്കുറവിന്റെ പേരില്‍ അനുഭവിക്കേണ്ടിവന്ന അവഗണനകളെ പരാമര്ശിച്ചികൊണ്ടു പറഞ്ഞ വാക്കുകള്‍ എസ്ബിഎസ് മലയാളം വിവര്‍ത്തനം ചെയ്ത് ക്വേഡനില് എത്തിച്ചിരുന്നു. പക്രു നല്കിയ പിന്തുണക്ക് നന്ദി അറിയിച്ച് ഇപ്പോള്‍ രംഗത്ത് വന്നിരിക്കുകയാണ് ക്വേഡനും അമ്മയും.
”ഏറെ പ്രതീക്ഷയും സന്തോഷവും തരുന്നതാണ് പക്രുവിന്റെ വാക്കുകള്‍” എന്നാണ് ക്വേഡന്റെ അമ്മ യാക്കാര ബെയില്സ് പറയുന്നത്. പക്രുവിന്റെ പിന്തുണയ്ക്ക് അവര്‍ നന്ദിയും അറിയിച്ചു. ”ക്വേഡനും അമ്മയും എന്നോട് സംസാരിക്കുന്നു” എന്ന അടിക്കുറിപ്പോടെ പക്രു തന്നെയാണ് ഇരുവരുടേയും പ്രതികരണം ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: