കൊച്ചി: വാളയാർ കേസിൽ കീഴ്‌ക്കോടതി വെറുതേ വിട്ട ആറ് പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യാൻ ഹൈക്കോടതി ഉത്തരവ്. പ്രതികളെ വിചാരണ കോടതിയിൽ ഹാജരാക്കണമെന്നും ജാമ്യത്തിൽ വിടണമെന്നും ഉത്തരവിൽ പറയുന്നു. പാലക്കാട് പോക്സോ കോടതിയാണ് തെളിവുകളുടെ അഭാവത്തിൽ പ്രതികളെ വെറുതെ വിട്ടത്. ഇതിനെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
2017 ജനുവരിയിൽ 13 വയസുകാരിയും മാർച്ചിൽ ഒമ്പത് വയസുകരിയേയും വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. പെൺകുട്ടികളുടെ മരണത്തിൽ പ്രതിഷേധം ശക്തമായതോടെയാണ് പ്രതികളെ പോലീസ് പിടികൂടിയത്. രണ്ടു പേരും പീഡനത്തിന് ഇരയായതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ പ്രതികളായ മധു, ഷിബു, എം.മധു എന്നിവരെ കോടതി വെറുതേ വിടുകയാണുണ്ടായത്. പെൺകുട്ടികൾ പീഡനത്തിന് ഇരയായെന്ന് കണ്ടെത്തിയെങ്കിലും പ്രതികൾ ഇവർ തന്നെയാണെന്ന് തെളിയിക്കുന്നതിൽ അന്വേഷണ സംഘത്തിന് വീഴ്ച പറ്റിയെന്ന് നിരീക്ഷിച്ചാണ് കോടതി വെറുതേ വിട്ടത്.
പോലീസിനും പ്രോസിക്യൂഷനും സംഭവിച്ച വീഴ്ചയാണ് ഇങ്ങനെയൊരു വിധിക്ക് കാരണമെന്ന് ആരോപണം ഉയർന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: