തിരുവനന്തപുരം: ഏഷ്യാനെറ്റിലെ ബിഗ്ബോസില്‍ നിന്നു പുറത്താക്കിയ രജിത് കുമാറിന് കൊച്ചി വിമാനത്താവളത്തില്‍ സ്വീകരണമൊരുക്കിയ സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി സംസ്ഥാനത്തെ മന്ത്രിമാര്‍. കൊറോണ പ്രതിരോധം ശക്തമായി മുന്നോട്ടു കൊണ്ടു പോകുന്ന പശ്ചാത്തലത്തില്‍ നൂറു കണക്കിന് ആളുകള്‍ ഒരു സുരക്ഷ മുന്‍കരുതലും ഇല്ലാതെ ഒത്തുകൂടിയതിനെ മന്ത്രിമാര്‍ വിമര്‍ശിച്ചു.
കൊച്ചി എയര്‍പോര്‍ട്ടില്‍ മുഴുവന്‍ മലയാളികളെയും നാണം കെടുത്തുന്ന സംഭവമാണ് ഉണ്ടായതെന്നും മന്ത്രി ജി. സുധാകരന്. ഒരു ചാനലിന്റെ റിയാലിറ്റി ഷോയില്‍ നിന്നും പുറത്തായ മത്സരാര്‍ത്ഥി വരുന്നത് പ്രമാണിച്ച് ആയിരക്കണക്കിനാളുകളെ വിളിച്ചുകൂട്ടി ചിലര്‍ സ്വീകരണം നടത്തിയിരിക്കുന്നു. ഈ എയര്‍പോര്‍ട്ടില്‍ പല വിദേശരാജ്യങ്ങളില്‍ നിന്നായി വരുന്നവരെ പരിശോധിച്ച് ഐസൊലേഷന്‍ വാര്‍ഡുകളിലേയ്ക്ക് മാറ്റുന്നതിനായി സര്‍ക്കാര്‍ ശ്രമങ്ങള്‍ നടത്തുന്നതിനിടയിലാണ് ചിലരുടെ ഈ പ്രകടനം. കൊച്ചുകുട്ടികളെയടക്കം കയ്യിലെടുത്ത് പിടിച്ചാണ് ചിലര്‍ എയര്‍പോര്‍ട്ടിലെത്തിയതെന്നാണ് അറിയാന്‍ കഴിഞ്ഞത്. തികച്ചും അശാസ്ത്രീയവും സ്ത്രീവിരുദ്ധവുമായ നിരവധി പ്രസ്താവനകള്‍ നടത്തി കുപ്രസിദ്ധനായ രജിത് കുമാര്‍ എന്ന വ്യക്തിയെ സ്വീകരിക്കാനാണ് ഇത്രയും ആളുകള്‍ എത്തിയത് എന്നതാണ് മറ്റൊരു വിരോധാഭാസം. കൊറോണ വ്യാപിക്കുന്നത് തടയാന്‍ പൊതുപരിപാടികള്‍ മാറ്റിവെച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ സ്വീകരണപരിപാടി. ഐസുലേഷനില്‍ ആയതിനെ തുടര്‍ന്ന് സ്വന്തം പിതാവിന്റെ മൃതദേഹം പോലും അവസാനമായി കാണാന്‍ സാധിക്കാത്ത ലിനോയെപ്പോലെയുള്ള മനുഷ്യരുടെ ത്യാഗങ്ങളെ അപഹസിക്കുന്ന ഇത്തരം നടപടികള്‍ ഒട്ടും ആശാസ്യകരമല്ലെന്നും മന്ത്രി.
അതേസമയം, കൊറോണ പ്രതിരോധം ശക്തമാക്കിയ ഈ സാഹടചര്യത്തില്‍ രജിത് കുമാറിന് സ്വീകരണം എന്ന തരത്തില്‍ ഇനി സംസ്ഥാനത്ത് എവിടെയെങ്കിലും ആവര്‍ത്തിക്കാന്‍ ശ്രമം ഉണ്ടായാല്‍ ശക്തമായ നടപടിയുണ്ടാകും. കേരളത്തിന്റെ പൊതുജനാരോഗ്യത്തെ അപകടമുണ്ടാക്കുന്ന ഈ സാമൂഹ്യ വിരുദ്ധരെ നിലയ്ക്ക് നിര്‍ത്താന്‍ സര്‍ക്കാര്‍ യാതൊരുവിധ മടിയും കാണിക്കില്ലെന്ന് ആവര്‍ത്തിക്കുന്നെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന് വ്യക്തമാക്കി.
ജി.സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം- സ്വന്തം പിതാവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ് എന്നറിഞ്ഞായിരുന്നു ലിനോ ആബേല്‍ ഖത്തറില്‍ നിന്നും നാട്ടിലെത്തിയത്. എന്നാല്‍ കോവിഡ് ലക്ഷണങ്ങള്‍ ഉണ്ടെന്ന സംശയത്തെത്തുടര്‍ന്ന് ഇദ്ദേഹം സ്വമേധയാ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ആരോഗ്യവകുപ്പ് ഇദ്ദേഹത്തെ ഐസൊലേഷന്‍ വാര്‍ഡിലേയ്ക്ക് മാറ്റി. അന്നുരാത്രി അതേ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ വെച്ച് അദ്ദേഹത്തിന്റെ പിതാവ് ആബേല്‍ മരണത്തിന് കീഴടങ്ങി. അച്ഛന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ആംബുലന്‍സില്‍ കൊണ്ടുപോകുന്നത് ഐസലേഷന്‍ വാര്‍ഡിന്റെ ജനാലയിലൂടെയാണ് ലിനോ കണ്ടത്. പിന്നീട് കൊറോണ വൈറസ് ടെസ്റ്റ് നെഗറ്റീവായതിനെത്തുടര്‍ന്ന് പുറത്തുവന്നതിന് ശേഷം സെമിത്തേരിയില്‍ പിതാവിന്റെ കല്ലറയ്ക്ക് മുന്നില്‍ നില്ക്കുന്ന ലിനോയുടെ ചിത്രം നാമെല്ലാം മാധ്യമങ്ങളിലൂടെ കണ്ടതാണ്.
ലോകത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തിയ ഒരു രോഗത്തെ നാം നേരിടുന്നത് ലിനോയെപ്പോലെയുള്ള മനുഷ്യരുടെ ത്യാഗത്തിന്റെ കൂടെ സഹായത്തോടെയാണ്. ലോകത്തെ പല വികസിതരാജ്യങ്ങളിലും സ്വീകരിച്ചതിനേക്കാള്‍ മികച്ച നടപടികളുമായാണ് ആരോഗ്യവകുപ്പ് ഈ മഹാമാരിയെ നമ്മുടെ സംസ്ഥാനത്ത് നിയന്ത്രിച്ച് നിര്‍ത്തിയിരിക്കുന്നത്.
അതിനിടയിലാണ് ഇന്നലെ കൊച്ചി എയര്‍പോര്‍ട്ടില്‍ മുഴുവന്‍ മലയാളികളെയും നാണം കെടുത്തുന്ന മറ്റൊരു സംഭവമുണ്ടായിരിക്കുന്നത്. ഒരു ചാനലിന്റെ റിയാലിറ്റി ഷോയില്‍ നിന്നും പുറത്തായ മത്സരാര്‍ത്ഥി വരുന്നത് പ്രമാണിച്ച് ആയിരക്കണക്കിനാളുകളെ വിളിച്ചുകൂട്ടി ചിലര്‍ സ്വീകരണം നടത്തിയിരിക്കുന്നു. ഈ എയര്‍പോര്‍ട്ടില്‍ പല വിദേശരാജ്യങ്ങളില്‍ നിന്നായി വരുന്നവരെ പരിശോധിച്ച് ഐസൊലേഷന്‍ വാര്‍ഡുകളിലേയ്ക്ക് മാറ്റുന്നതിനായി സര്‍ക്കാര്‍ ശ്രമങ്ങള്‍ നടത്തുന്നതിനിടയിലാണ് ചിലരുടെ ഈ പ്രകടനം. കൊച്ചുകുട്ടികളെയടക്കം കയ്യിലെടുത്ത് പിടിച്ചാണ് ചിലര്‍ എയര്‍പോര്‍ട്ടിലെത്തിയതെന്നാണ് അറിയാന്‍ കഴിഞ്ഞത്.
തികച്ചും അശാസ്ത്രീയവും സ്ത്രീവിരുദ്ധവുമായ നിരവധി പ്രസ്താവനകള്‍ നടത്തി കുപ്രസിദ്ധനായ രജിത് കുമാര്‍ എന്ന വ്യക്തിയെ സ്വീകരിക്കാനാണ് ഇത്രയും ആളുകള്‍ എത്തിയത് എന്നതാണ് മറ്റൊരു വിരോധാഭാസം. ഓട്ടിസം ബാധിച്ച കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും അപമാനിക്കുന്ന രീതിയില്‍ അശാസ്ത്രീയവും ഹീനവുമായ പ്രസ്താവന നടത്തിയ ഇയാള്‍ ട്രാന്‍സ് ജെന്‍ഡര്‍ സമൂഹത്തിനെതിരെയും ഇത്തരം മോശം പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. റിയാലിറ്റി ഷോയിലെ സഹമത്സരാര്‍ത്ഥിയായ ഒരു യുവതിയുടെ കണ്ണില്‍ മുളക് തേച്ചതിനാണ് ഇയാളെ ഷോയില്‍ നിന്നും പുറത്താക്കിയതെന്നും അറിയുന്നു.
കൊറോണ വ്യാപിക്കുന്നത് തടയാന്‍ പൊതുപരിപാടികള്‍ മാറ്റിവെച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ സ്വീകരണപരിപാടി. ലിനോയെപ്പോലെയുള്ള മനുഷ്യരുടെ ത്യാഗങ്ങളെ അപഹസിക്കുന്ന ഇത്തരം നടപടികള്‍ ഒട്ടും ആശാസ്യകരമല്ല. കോവിഡ് 19 പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ഇത്തരത്തില്‍ ഉത്തരവാദിത്തമില്ലാതെ പെരുമാറിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ തീരുമാനിച്ച എറണാകുളം ജില്ലാ കളക്ടറുടെ നടപട ശ്ലാഘനീയമാണ്. കര്‍ശനമായ നടപടികളാണ് ഇത്തരക്കാര്‍ക്കെതിരെ സ്വീകരിക്കേണ്ടത്.
എല്ലാവരും ഒറ്റക്കെട്ടായി നിന്നാല്‍ മാത്രമേ ഇത്തരം സാഹചര്യങ്ങളെ നമുക്ക് നേരിടാന്‍ സാധിക്കുകയുള്ളൂ.
കടകംപള്ളി സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം- സംസ്ഥാനത്ത് കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആളുകള്‍ ഒത്തുകൂടാന്‍ സാധ്യതയുള്ള വിവാഹങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും പുരാതനവും പ്രസിദ്ധവുമായ ആരാധനാലയങ്ങളിലെ അടക്കം ഉത്സവങ്ങള്‍ക്കും പെരുന്നാളുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. എന്നാല്‍ കേരളം ഒന്നിച്ച് ഒറ്റക്കെട്ടായി നടത്തുന്ന ഈ പ്രവര്‍ത്തനങ്ങളെ അവഹേളിക്കുന്ന തരത്തിലാണ് ഇന്നലെ കൊച്ചി വിമാനത്താവളത്തില്‍ ഒരു ടി.വി. ഷോയില്‍ നിന്നും പുറത്താക്കപ്പെട്ട മത്സരാര്‍ത്ഥിക്ക് വേണ്ടി ഒരു ആള്‍ക്കൂട്ടം നടത്തിയ അതിരുവിട്ട പ്രകടനം. ഇതിന് നേതൃത്വം നല്‍കിയവര്‍ക്ക് എതിരെ നിയമനടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
ആളുകള്‍ കൂട്ടം കൂടുന്നതും അടുത്ത് ഇടപഴകുന്നതും കൊവിഡ് രോഗബാധ നിയന്ത്രണാതീതമാകുന്നതിന് ഇടയാകുമെന്ന് ലോകമാകെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്കിയിട്ടുള്ളതാണ്. ഇതനുസരിച്ചുള്ള മുന്‍കരുതലുകള്‍ സംസ്ഥാനത്തുടനീളം ജാതി മത രാഷ്ട്രീയ ഭേദമില്ലാതെ ജനങ്ങള്‍ സ്വീകരിക്കുമ്പോഴാണ് ആരാധകര്‍ എന്ന പേരില്‍ ഒരു കൂട്ടം ആളുകള്‍ ഈ കോപ്രായം കാണിച്ചത്.
ഇത് ഇനി സംസ്ഥാനത്ത് എവിടെയെങ്കിലും ആവര്‍ത്തിക്കാന്‍ ശ്രമം ഉണ്ടായാല്‍ ശക്തമായ നടപടിയുണ്ടാകും. കേരളത്തിന്റെ പൊതുജനാരോഗ്യത്തെ അപകടമുണ്ടാക്കുന്ന ഈ സാമൂഹ്യ വിരുദ്ധരെ നിലയ്ക്ക് നിര്‍ത്താന്‍ സര്‍ക്കാര്‍ യാതൊരുവിധ മടിയും കാണിക്കില്ലെന്ന് ആവര്‍ത്തിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: