പെരുമ്പാവൂര്‍: എംസി റോഡില്‍ പുല്ലുവഴിയില്‍ നിയന്ത്രണംവിട്ട കാര്‍ തടി ലോറിയിലിടിച്ച് ഗര്‍ഭിണിയടക്കം കുടുംബത്തിലെ മൂന്നു പേര് മരിച്ചു. മലപ്പുറം ഒറ്റത്തറ, കോടൂര്, മൂഴിത്തൊടി വീട്ടില്‍ ഹനീഫ(29), ഭാര്യ സുമയ്യ (20), ഫനീഫയുടെ സഹോദരന് ഷാജഹാന്(27) എന്നിവരാണ് മരിച്ചത്.
ഇന്നലെ വെളുപ്പിന് 3.30നായിരുന്നു അപകടം. മലപ്പുറത്ത് നിന്ന് മുണ്ടക്കയത്തേക്ക് പോകുകയായിരുന്ന കാര്‍ പത്തനംതിട്ടയില്‍ നിന്ന് പെരുമ്പാവൂരിലേക്ക് വരികയായിരുന്ന തടി ലോറിയില്‍ ഇടിച്ചു.
മുണ്ടക്കയത്ത് സുമയ്യയുടെ വീട്ടിലേക്ക് പോകുകയായിരുന്നു ഇവര്‍. കാര്‍ ഓടിച്ചിരുന്ന ഹനീഫ ഉറങ്ങിയതാണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു. മൂന്ന് പേരും സംഭവസ്ഥലത്തു തന്നെ മരിച്ചു.
നിയന്ത്രണംവിട്ട് വരുന്ന കാര്‍ കണ്ട് ലോറി ഡ്രൈവര്‍ ഹോണ്‍ മുഴക്കിയിരുന്നു. അപകടം നടന്നയുടന്‍ നാട്ടുകാരും മറ്റു വഴിയാത്രികരും ചേര്‍ന്ന് പിന്‍സീറ്റിലിരുന്ന ഷാജഹാനെ പുറത്തെടുത്ത് ഹൈവേ പോലീസിന്റെ വാഹനത്തില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
കാര്‍ ഓടിച്ചിരുന്ന ഹനീഫയേയും മുന്‍ സീറ്റിലിരുന്ന സുമയ്യയേയും വാഹനം വെട്ടിപൊളിച്ചാണ് പുറത്തെടുത്തത്. ലോറി ഡ്രൈവര്‍ പത്തനംതിട്ട സ്വദേശി സുനിലിനെ കുറുപ്പംപടി പോലീസ് കസ്റ്റഡിയിലെടുത്തു. മരിച്ചവരുടെ മൃതദേഹങ്ങള്‍ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
രണ്ടാഴ്ച മുമ്പും ഇതേ സ്ഥലത്ത് കാര്‍ ഡ്രൈവര്‍ ഉറങ്ങിയതിനെ തുടര്‍ന്ന് അപകടമുണ്ടായിരുന്നു. അന്ന് അപകടത്തില്‍ പ്പെട്ട കര്‍ണാടക രജിസ്ട്രേഷന് കാര്‍ ശനിയാഴ്ചയാണ് ഇവിടെ നിന്ന് മാറ്റിയത്. അപകടത്തില്‍ ബൈക്ക് യാത്രികനായ വിദ്യാര്‍ഥിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഒരാഴ്ച മുന്‍പ് പുല്ലുവഴി കവലയില്‍ തടി ലോറിയും കെഎസ്ആര്‍ടിസി ബസുമിടിച്ച് അപകടമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: