ഇടുക്കി: കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ബ്രിട്ടിഷ് പൗരന് ഉള്‍പ്പെടുന്ന 19 അംഗ ബ്രിട്ടീഷ് വിനോദസഞ്ചാര സംഘം മൂന്നാറില്‍ എത്തിയത് മാര്‍ച്ച് 10ന് ഉച്ചയോടെ. ഇവര്‍ സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ യാത്ര നടത്തിയതിനു ശേഷമാണ് മൂന്നാറിലെത്തിയത്. മൂന്നാറിലെത്തിയ ദിവസം തന്നെ പനി, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് ഇയാള്‍ മൂന്നാറിലെ ടാറ്റാ ടീ ജനറല്‍ ആശുപത്രിയില്‍ പ്രാഥമിക പരിശോധനകള്‍ നടത്തിയ ശേഷം മടങ്ങി. എന്നാല്‍, ആശുപത്രി അധികൃതര്‍ കൊറോണ വൈറസ് ബാധയെ സംബന്ധിച്ച് സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഈ മാസം പതിനൊന്നിന് ഇയാളെ ഭാര്യയോടൊപ്പം കോട്ടയം മെഡിക്കല്‍ കോളെജില്‍ എത്തിച്ചു. അവിടെ വച്ച് സ്രവപരിശോധന നടത്താനുള്ള നടപടി സ്വീകരിച്ചതിനുശേഷം ഇരുവരെയും തിരികെ റിസോര്‍ട്ടിലെത്തിച്ചു.
ഇതിനിടയില്‍ അന്നേ ദിവസം രാവിലെ രോഗിയോടൊപ്പമുണ്ടായിരുന്ന 17 പേര് ഇവര്‍ വന്ന ബസില്‍ മാട്ടുപ്പെട്ടി സന്ദര്‍ശിക്കാന്‍ പോയി. എന്നാല്‍ മാട്ടുപ്പെട്ടി ഡാമിനു സമീപം ബസില്‍ നിന്നിറങ്ങാന്‍ തുടങ്ങിയ സംഘത്തെ അധികൃതര്‍ മടക്കി റിസോര്‍ട്ടിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് രോഗബാധയുള്ളയാള്‍ ഉള്‍പ്പെടെയുള്ളവരെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ റിസോര്‍ട്ടില്‍ പ്രത്യേക നിരീക്ഷണത്തില്‍ പാര്‍പ്പിച്ചു. തുടര്‍ന്ന് ശനിയാഴ്ച രാത്രി പത്തരയോടെ വിനോദയാത്രാ സംഘം റിസോര്‍ട്ട് അധികൃതരുമായി ബഹളം ഉണ്ടാക്കുകയും ബലമായി ബസില്‍ കൊച്ചിയിലേക്ക് പുറപ്പെടുകയുമായിരുന്നു.
ബ്രിട്ടീഷ് പൗരനും ഭാര്യയും ഉള്‍പ്പടെയുള്ള സംഘം ഇറ്റലി-ദോഹ-കൊളംബോ വഴി ഈ മാസം ആറിനാണ്സം സ്ഥാനത്തെത്തിയത്. ആറിനും ഏഴിനും കൊച്ചി വെല്ലിങ്ടണ്‍ ഐലന്‍ഡിലെ കാസിനോ ഹോട്ടലില്‍ താമസിച്ചു. പിന്നീട് അതിരപ്പള്ളി സന്ദര്‍ശിച്ചു. അതിരപ്പള്ളി റെസിഡന്‍സിയില്‍ നിന്ന് പ്രഭാത ഭക്ഷണം കഴിച്ചു. അവര്‍ സഞ്ചരിച്ച വാഹനം, ആഹാരം കഴിക്കാന്‍ അടക്കം ഇവര്‍ എവിടെയെങ്കിലും ഇറങ്ങിയിരുന്നോ, ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തിയോ തുടങ്ങിയ ഒട്ടേറെ കാര്യങ്ങളിലാണ് ഇപ്പോഴും ആശങ്ക നിലനില്‍ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: