തൃശൂര്‍: കഴുകി വൃത്തിയാക്കി വീണ്ടും ഉപയോഗിക്കാവുന്ന തുണി മാസ്‌ക്കുകളുമായി വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍. ദിനം പ്രതി 500 ല്‍ പരം മാസ്‌കുകളാണ് അന്തേവാസികള്‍ രാവ് പകലാക്കി നിര്‍മ്മിക്കുന്നത്. നിലവിലെ ത്രീ ലെയര്‍ സര്‍ജിക്കല്‍ മാസ്‌ക്കുകള്‍ കിട്ടാനില്ലാത്തതും ഉള്ളതിന് കൊള്ള വില ഈടാക്കുന്നതും ശ്രദ്ധയില്‍ പെട്ടതോടെയാണ് സര്‍ക്കാരിന്റെ അടിയന്തിര ഇടപെടലില്‍ സംസ്ഥാനത്തെ മൂന്ന് സെന്‍ട്രല്‍ ജയിലുകളില്‍ തുണി മാസ്‌ക് നിര്‍മാണം തുടങ്ങിയത്.
6 മണിക്കൂര്‍ ഉപയോഗിച്ച ശേഷം സോപ്പിട്ട് നന്നായി കഴുകി വെയിലത്തുണക്കിയും ഇസ്തിരിയിട്ടും മാസ്‌ക് വീണ്ടും ഉപയോഗിക്കാം. ഓരോ തവണയും സോപ്പ് ഉപയോഗിച്ച് കഴുകി വെയിലത്തു ഉണക്കിയ ശേഷമോ, ഇസ്തിരിയിട്ട ശേഷമോ മാത്രമേ ഇത് ഉപയോഗിക്കാവു. വിപണിയിലെത്തുമ്പോള്‍ 12 രൂപക്ക് ഈ മാസ്‌ക്കുകള്‍ ലഭിക്കും. ചീഫ് സെക്രട്ടറി ടോം ജോസ്, ജയില്‍ ഡിജിപി ഋഷിരാജ് സിങ്ങുമായി ബന്ധപെട്ടാണ് കുറഞ്ഞ വിലക്ക് തുണി മാസ്‌ക് നിര്‍മ്മിക്കാനുള്ള നടപടികള്‍ ആരംഭിച്ചത്.
രണ്ട് തരം മാസ്‌ക്കുകളാണ് നിലവില്‍ ഉപയോഗിക്കുന്നത്. എന്‍ 95 മാസ്‌ക്ക്, ത്രീ ലയര്‍ സര്‍ജിക്കല്‍ മാസ്‌ക് എന്നിവയാണ് അവ. എന്‍ 95 മാസ്ക് കോവിഡ് 19 ബാധിച്ചവര്‍ക്കും അവരെ പരിചരിക്കുന്നവര്‍ക്കുമാണ് അവശ്യം. ഈ രണ്ട് മാസ്‌ക്കുകളും കിട്ടാനില്ലാത്ത സാഹചര്യത്തിലാണ് തുണി മാസ്‌ക്കുകള്‍ ഉപയോഗിക്കാം എന്ന് വിദഗ്ധര്‍ നിര്‍ദ്ദേശിച്ചത്. ഇതോടെയാണ് തുണി മാസ്‌ക്കിന് മാതൃകയുണ്ടാക്കി നിര്‍മ്മാണം ആരംഭിച്ചത്.
വിയ്യൂര്‍ ജയിലില്‍ രണ്ട് തരത്തില്‍ പെട്ട മാസ്‌കുകളാണ് നിര്‍മ്മിക്കുന്നത്. പുനരുപയോഗിക്കാന്‍ കഴിയുന്ന തുണിയില്‍ നിര്‍മിച്ച മാസ്‌ക്കും ഒറ്റ തവണ ഉപയോഗിക്കാവുന്ന മാസ്‌കുകളും. ഇവ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സമാന മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും കൈ മാറും. ഒറ്റ തവണ ഉപയോഗിക്കാവുന്ന മാസ്‌കുകള്‍ പൊതു ജനങ്ങള്‍ക്ക് ലഭ്യമാക്കുകയും ചെയ്യുമെന്ന് വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് നിര്‍മ്മലാനന്ദന്‍ നായര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: