സ്പെയ്ന്‍ പൂര്‍ണമായി അടയ്ക്കുന്നു
മാഡ്രിഡ്: കൊറോണ വ്യാപനത്തിന് കടിഞ്ഞാണിടാന്‍ 15 ദിവസത്തേക്ക് സ്പെയ്ന്‍ പൂര്‍ണമായി അടയ്ക്കുമെന്ന് പ്രധാനമന്ത്രി പെട്രോ സാന്‍ഷെസ് പ്രഖ്യാപിച്ചു. സ്പെയ്നില്‍ രോഗം സ്ഥിരീകരിച്ച 6250 പേരില്‍ 190 പേര് മരിച്ചു. ഇറ്റലിയിലേതിനു സമാനമായ നിയന്ത്രണങ്ങളാകും ഏര്‍പ്പെടുത്തുകയെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് രാവിലെ എട്ട് മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരും.
അവശ്യവസ്തു വില്പ്പനകേന്ദ്രങ്ങളൊഴികെ എല്ലാ സ്ഥാപനങ്ങളും വ്യാപാര കേന്ദ്രങ്ങളും പൂര്‍ണമായി അടയ്ക്കും. മരുന്നോ അവശ്യ സാധനങ്ങളോ വാങ്ങാനല്ലാതെ പുറത്തിറങ്ങാനാകില്ല. ജനങ്ങള്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്നും അവര്‍ക്ക് ഭക്ഷണവും ചികിത്സാ സഹായങ്ങളും ലഭിക്കുന്നുണ്ടോയെന്നും നിരീക്ഷിക്കാന്‍ സേനയെ വിന്യസിക്കും.
കൊറോണ ബാധയില്‍ 91 പേര്‍ക്ക് ജീവന് നഷ്ടപ്പെട്ട ഫ്രാന്‍സിലും കടകളും വിനോദകേന്ദ്രങ്ങളും ബാറുകളുമടക്കം പ്രവര്‍ത്തനം നിര്‍ത്തി.
സ്പെയ്ന്‍ പ്രധാനമന്ത്രിയുടെ ഭാര്യക്കും കൊറോണ
മാഡ്രിഡ്: സ്പെയ്ന്‍ പ്രധാനമന്ത്രി പെഡ്രോ ഷാന്സെസിന്റെ ഭാര്യ ബെഗോണ ഗോമസിനും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ആരോഗ്യ വിദഗ്ധരുടെ നിര്‍ദേശ പ്രകാരം പ്രധാനമന്ത്രിയും ഭാര്യയും വീട്ടില്‍ ഐസൊലേഷനിലാണ്. പെഡ്രോ ഷാന്സെസ് സ്പെയ്നില്‍ പൂര്‍ണ നിയന്ത്രണം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഭാര്യയുടെ പരിശോധനാ ഫലം പോസിറ്റീവായത്.
ഡെന്മാര്ക്കില് ആദ്യ മരണം
കോപെന്‍ഹേഗന്‍: ഡെന്മാര്ക്കില് കൊറോണ ബാധിച്ച് ആദ്യ മരണം. 81 വയസ്സുകാരനാണ് മരിച്ചത്. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഡെന്മാര്ക്ക് എല്ലാ അതിര്‍ത്തികളും അടച്ചിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിരുന്നു. 827 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
ഇസ്രായേലില്‍ റസ്റ്റോറന്റുകളും വ്യാപാര കേന്ദ്രങ്ങളും അടച്ചു
ടെല്‍അവീവ്: ഇസ്രായേലില്‍ മുഴുവന്‍ വ്യാപാര കേന്ദ്രങ്ങളും റസ്റ്റോറന്റുകളും കഫെകളും തിയെറ്ററുകളും അടയ്ക്കാന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നിര്‍ദേശം നല്കി. പത്തു പേരില്‍ കൂടുതല്‍ എവിടെയും ഒത്തു ചേരരുതെന്നും നിര്‍ദേശമുണ്ട്. സ്കൂളുകളും കിന്ഡര്ഗാര്ഡനുകളും പൂര്‍ണമായി അടച്ചു. അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍, മരുന്നു കടകള്‍, ഗ്യാസ് സ്റ്റേഷനുകള്‍ എന്നിവ പ്രവര്‍ത്തിക്കും.
ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളതിനാല്‍ കമ്പനികള്‍ അടച്ചിടേണ്ടി വരില്ലെന്നും നെതന്യാഹു വ്യക്തമാക്കി. ഇസ്രായേലില്‍ വൈറസ് ബാധ സ്ഥിരീകരിച്ച 193 പേരില്‍ നാലു പേര്‍ക്ക് രോഗം ഭേദമായെന്നാണ് റിപ്പോര്‍ട്ട്.
ഇറ്റലിയില്‍ മരണം 1441, 21,157 വൈറസ് ബാധിതര്‍
റോം: ഇറ്റലിയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണവും മരണസംഖ്യയും ദിനംപ്രതി ഉയരുന്നു. ഇന്നലെ മാത്രം 2795 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. ആകെ രോഗികള്‍ 21,157 ആയി. ശനിയാഴ്ച 175 പേര് കൂടി മരിച്ചതോടെ ഇറ്റലിയില്‍ കൊറോണ മരണസംഖ്യ 1441 ആയി ഉയര്‍ന്നു. രോഗം സ്ഥിരീകരിച്ചവരില്‍ 1518 പേര് തീവ്ര പരിചരണ വിഭാഗത്തിലാണ്. 8372 പേര് ആശുപത്രികളിലും 7860 പേര് വീടുകളിലും നിരീക്ഷണത്തിലുണ്ട്.
ഇറ്റലിയിലെ ആരോഗ്യ സഹമന്ത്രി പിയര്പൗലോ സിലേരിക്കും രോഗം സ്ഥിരീകരിച്ചതായി അദ്ദേഹം തന്നെ പ്രസ്താവനയിലൂടെ അറിയിച്ചു. ഇറ്റലിയില്‍ രോഗം സ്ഥിരീകരിച്ചവരുടെ പട്ടികയില്‍ നിരവധി നേതാക്കളും സൈനിക ഉദ്യോഗസ്ഥരുമുണ്ട്. നിലവില്‍ 5.8 ശതമാനമാണ് ഇറ്റലിയിലെ കൊറോണ മരണനിരക്ക്.
വത്തിക്കാന്‍ ഈസ്റ്റര്‍ ആഘോഷം പൊതുജനങ്ങളില്ലാതെ
വത്തിക്കാന്‍ സിറ്റി: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വത്തിക്കാനിലെ ഈസ്റ്റര്‍ ആഘോഷങ്ങളില്‍ പൊതുജനങ്ങളെ പങ്കെടുപ്പിക്കില്ല. പെസഹ വ്യാഴത്തിലെ കാല്‍കഴുകല്‍ ശുശ്രൂഷ, ദുഃഖവെള്ളിയില്‍ കൊളോസിയത്തില്‍ സംഘടിപ്പിക്കാറുള്ള കുരിശിന്റെ വഴി, ഈസ്റ്റര്‍ ദിനത്തിലെ കുര്‍ബാന തുടങ്ങിയ ചടങ്ങുകളിലൊന്നും പൊതുജനങ്ങളെ പങ്കെടുപ്പിക്കില്ലെന്ന് വത്തിക്കാന്‍ വ്യക്തമാക്കി.
ഏപ്രില്‍ അഞ്ചിലെ ചടങ്ങിനും ഈ നിയന്ത്രണങ്ങള്‍ ബാധകം. ഏപ്രില്‍ പന്ത്രണ്ട് വരെ ഓണ്‍ലൈനിലൂടെയാകും ഞായറാഴ്ചകളിലടക്കം മാര്‍പ്പാപ്പ പ്രാര്‍ഥനാ കര്‍മ്മങ്ങള്‍ നടത്തുക. വത്തിക്കാനിലെ സെന്റ് പീറ്റഴ്സ് സ്ക്വയര്‍, സെന്റ് പീറ്റഴ്സ് ബസിലിക്ക, മ്യൂസിയങ്ങള്‍ എന്നിവിടങ്ങളിലും സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തി.
ജര്‍മനിയിലും നിയന്ത്രണങ്ങള്‍
ബെര്‍ലിന്‍: ജര്‍മനിയില്‍ ബെര്ലിനടക്കമുള്ള പ്രധാന നഗരങ്ങളില്‍ ബാറുകളും നിശാക്ലബ്ബുകളും തിയെറ്ററുകളും പൊതുവേദികളും അടച്ചു. അമ്പതു പേരിലധികം പങ്കെടുക്കുന്ന എല്ലാ ഒത്തുചേരലുകളും വിലക്കുന്നതായി ബെര്‍ലിന്‍ സെനറ്റ് അറിയിച്ചു. നീന്തല്‍ക്കുളങ്ങള്‍, ജിമ്മുകള്‍, മ്യൂസിയങ്ങള്‍ എന്നിവയും പ്രവര്‍ത്തനം നിര്‍ത്തി. റസ്റ്റോറന്റുകള്‍ തുറന്നു പ്രവര്‍ത്തിക്കും.
നാറ്റോ സൈനികാഭ്യാസം നിര്‍ത്തി
ഒസ്ലോ: ആര്‍ട്ടിക് മേഖലയില്‍ നടത്തിവന്ന നാറ്റോയുടെ സൈനികാഭ്യാസം കൊറോണ ഭീതിയെ തുടര്‍ന്ന് നിര്‍ത്തിയതായി നോര്‍വെ അറിയിച്ചു. പത്ത് രാജ്യങ്ങളില്‍ നിന്നുള്ള 14,000 സൈനികരാണ് സൈനികാഭ്യാസത്തിന് എത്തിയത്.
ബ്രിട്ടനിലേക്കും വിലക്കേര്‍പ്പെടുത്തി അമേരിക്ക
വാഷിങ്ടണ്‍: കൊറോണ വ്യാപനം തടയുന്നതിന് ബ്രിട്ടനിലേക്കും അമേരിക്ക യാത്രാ വിലക്കേര്‍പ്പെടുത്തി. തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ നിയന്ത്രണം നിലവില്‍ വരുമെന്ന് വൈസ് പ്രസിഡന്റ് മൈക് പെന്‍സ് അറിയിച്ചു. കഴിഞ്ഞ ദിവസം 26 യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് യാത്രാ വിലക്കേര്‍പ്പെടുത്തുന്നതായി ട്രംപ് പ്രഖ്യാപിച്ചിരുന്നെങ്കിലും ബ്രിട്ടനെ ഒഴിവാക്കിയിരുന്നു. എന്നാല്‍, വൈറസ് വ്യാപനം കൂടുതല്‍ ശക്തിപ്പെട്ടതോടെ ബ്രിട്ടനിലേക്കുള്ള യാത്രകളും വിലക്കുകയായിരുന്നു.
ഒമാന്‍ ടൂറിസ്റ്റ് വിസകള്‍ റദ്ദാക്കും
ദുബായ്: ഒരു മാസത്തേക്ക് രാജ്യത്തേക്കുള്ള എല്ലാ ടൂറിസ്റ്റ് വിസകളും റദ്ദാക്കാന്‍ ഒമാന്‍ തീരുമാനിച്ചു. സുല്‍ത്താനേറ്റ് തുറമുഖങ്ങളിലേക്കുള്ള ക്രൂസുകളുടെ പ്രവേശനവും നിരോധിച്ചു. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും താത്കാലികമായി അടയ്ക്കാനും ഒമാന്‍ തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: