തിരുപ്പതി: കൊറോണ വൈറസ് വ്യാപിക്കുന്നത് തടയാനുള്ള നടപടികളുടെ ഭാഗമായി തിരുപ്പതി ക്ഷേത്രത്തില്‍ നിയന്ത്രണം. ചില പ്രത്യേക പൂജകള്‍ ഒഴിവാക്കാനും ദര്‍ശനത്തിനെത്തുന്ന ഭക്തരുടെ എണ്ണം കുറയ്ക്കാനും തിരുമല തിരുപ്പതി ദേവസ്ഥാനം തീരുമാനിച്ചതായി എക്സിക്യൂട്ടിവ് ഓഫീസര്‍ അനില്‍ കുമാര്‍ സിംഘല്‍ അറിയിച്ചു.
നിത്യപൂജകള്‍ മുടങ്ങില്ല. ബുധനാഴ്ചകളിലെ സഹസ്ര കലശാഭിഷേകം, തിങ്കളാഴ്ചകളിലെ വിശേഷപൂജ, ദിവസേനയുള്ള വസന്തോത്സവം തുടങ്ങിയവ ഇനിയൊരറിയിപ്പുണ്ടാകും വരെ നിര്‍ത്തി. അതേസമയം, വോണ്ടിമിട്ട ക്ഷേത്രത്തിലെ ശ്രീരാമനവമി ആഘോഷങ്ങള്‍ക്ക് മാറ്റമില്ല. ഭക്തരെ നിയന്ത്രിക്കും.
മണിക്കൂറില്‍ ശരാശരി 3500-4000 ഭക്തരെ മാത്രമേ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കൂ. നിലവിലിത് 5000-5,500 വരെയാണ്. ഇങ്ങനെ ദിവസം 60,000 മുതല്‍ 65,000 ഭക്തരെ വരെ പ്രവേശിപ്പിക്കും. സാധാരണ ദിവസം സ്വദേശികളും വിദേശികളുമായി ഒരുലക്ഷത്തിലധികം പേരാണ് ക്ഷേത്രദര്‍ശനത്തിനെത്തുന്നത്. ക്ഷേത്രപരിസരത്ത് ഭക്തര്‍ കൂട്ടംകൂടി നില്‍ക്കുന്നത് നിയന്ത്രിക്കുമെന്നും സിംഘല്‍ പറഞ്ഞു. വൈകുണ്ഠം ക്യൂ കോംപ്ലെക്സ്, കല്യാണകട്ട, അന്നപ്രസാദം കോംപ്ലെക്സ്, ലഡ്ഡു വിതരണ കൗണ്ടറുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കൂട്ടംകൂടി നില്ക്കാന് അനുവദിക്കില്ല.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിക്കുമെന്നും സിംഘല്‍ അറിയിച്ചു. ക്ഷേത്രത്തോടനുബന്ധിച്ച് കണ്ട്രോള് റൂം സജ്ജീകരിക്കും. ഇതിന്റെ പ്രവര്‍ത്തനത്തിന് പ്രത്യേക കര്‍മസേന രൂപീകരിക്കും. ക്ഷേത്ര പരിസരത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാണ്. ആരോഗ്യ, ശുചീകരണ പ്രവര്‍ത്തകര്‍ ക്ഷേത്രവും പരിസരവും വൃത്തിയാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: