റോം: ഇറ്റലിയിലും സ്പെയ്നിലും ഫ്രാന്‍സിലും വൈറസ് ബാധ പിടിമുറുക്കിയതോടെ കൊറോണയുടെ പുതിയ പ്രഭവകേന്ദ്രം യൂറോപ്പെന്ന് ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) പ്രഖ്യാപനം. ആഗോളതലത്തില്‍ വൈറസ് ബാധിതരുടെ എണ്ണം 1,56,098 കടന്നു, 5819 പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടു. 72,621 പേര്‍ക്ക് രോഗം പൂര്‍ണമായി ഭേദപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
ഏറ്റവുമധികം പേര്‍ക്ക് രോഗം ബാധിച്ചത് ചൈനയിലാണെങ്കിലും നിലവില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പുതിയ രോഗികളുടെ എണ്ണം ഒരു ഡസനില്‍ താഴെയായി ചുരുങ്ങി. വൈറസ് വ്യാപനം നിയന്ത്രണവിധേയമായതോടെ ചൈനയില്‍ യാത്രാവിലക്കുകളും നീക്കിത്തുടങ്ങി.
ഇറ്റലിയില്‍ കഴിഞ്ഞ ദിവസം മാത്രം മൂവായിരം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 21,157 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ച ഇറ്റലിയാണ് ആകെ രോഗികളുടെ എണ്ണത്തില്‍ ചൈനയ്ക്ക് തൊട്ടുപിന്നിലുള്ളത്. ഇറാനില്‍ 13,918 പേര്‍ക്ക് വൈറസ് ബാധയുണ്ട്. 724 പേര് മരിച്ചു.
അതേസമയം, അമേരിക്കയില്‍ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 2816 ആയി. 58 പേര് മരിച്ചു. വെസ്റ്റ് വിര്‍ജീനിയ ഒഴികെ അമേരിക്കയുടെ എല്ലാ സ്റ്റേറ്റുകളിലും വൈറസ് ബാധ സ്ഥിരീകരിച്ചു.
എഴുപത് വയസ്സിനു മുകളിലുള്ള എല്ലാ പൗരന്മാരോടും വീടുകളില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയാന്‍ ബ്രിട്ടന് ആവശ്യപ്പെട്ടേക്കുമെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് പറഞ്ഞു. സ്പെയ്നിലേക്കുള്ള യാത്രകള്‍ പരമാവധി ഒഴിവാക്കാനും ബ്രിട്ടന് ജനങ്ങളോട് ആവശ്യപ്പെട്ടു.
കൊറോണ റിപ്പോര്‍ട്ട് ചെയ്യുന്ന ആഫ്രിക്കന്‍ രാജ്യങ്ങളുടെ എണ്ണവും ഉയര്‍ന്നു തുടങ്ങി. റ്വാന്‍ഡ, സെയ്ഷെല്‍സ്, സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക് എന്നീ രാജ്യങ്ങളില്‍ ശനിയാഴ്ച ആദ്യ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ കൊറോണ റിപ്പോര്‍ട്ട് ചെയ്ത ആഫ്രിക്കന്‍ രാജ്യങ്ങളുടെ എണ്ണം 23 ആയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: