വര്‍ണങ്ങള്‍ പൊതുവെ സഭാഗാനങ്ങള്‍ എന്നും, അഭ്യാസ ഗാനങ്ങള്‍ എന്നും അറിയപ്പെടുന്നു. അതിന് പല്ലവി, അനുപല്ലവി, ചിട്ടസ്വരം, ചരണം, ചരണസ്വരങ്ങള്‍ എന്നീ അംഗങ്ങളുണ്ട്. ചൗക്ക വര്ണത്തിന് സാഹിത്യം, സ്വരം, ജതി എന്നിവ ഉണ്ടായിരിക്കും. പല്ലവി, പദം പോലെ മനോധര്‍മ്മത്തോടു കൂടി പാടാവുന്നതാണ്.
അതിന്റെ ചിട്ട സ്വരത്തിന് സാഹിത്യവും, ചൊല്‍ക്കെട്ടും ഉണ്ടായിരിക്കും. നാട്യത്തിനാണ് ്ചൗക്കവര്ണം ഉപയോഗിക്കുന്നത്. പദവര്ണത്തില് സ്വരസാഹിത്യത്തോടു കൂടിയ ചിട്ടസ്വരങ്ങള്‍ കാണുന്നു. രാഗാലാപനത്തിന് കൂടുതല്‍ സൗകര്യമുണ്ട്. താന വര്‍ണം എന്നത് നാം സാധാരണയായി പാടുന്ന വര്‍ണമാണ്. ഇത് മനോധര്‍മ്മം പോലെ പാടാന്‍ സൗകര്യമില്ലാത്തതാണ്. ഇത് മൂന്നു കാലത്തില്‍ പാടാന്‍ സൗകര്യപ്രദമാണ്. ശ്യാമശാസ്ത്രികള്‍, സ്വാതിതിരുനാള്‍, പട്ടണം സുബ്രഹ്മണ്യഅയ്യര്‍ തുടങ്ങി ധാരാളം പേര് താനവര്‍ണം രചിച്ചിട്ടുണ്ട്. ദരുവര്ണത്തിന് സ്വരം, സാഹിത്യം, ജതി, രാഗം, താളം, രസം തുടങ്ങിയ ആറ് അംഗങ്ങളും പല്ലവി, അനുപല്ലവി, ചരണം എന്നീ ഭാഗങ്ങളും, ചിട്ടസ്വരത്തോടുകൂടിയ ചൊല്‍ക്കെട്ടുകളും ഉണ്ടായിരിക്കും. ഇതിന്റെ സാഹിത്യം ശൃംഗാര പ്രദമായിരിക്കും.
ഈശ്വര സ്തുതിപരവും പുരാണകഥാസ്പദവുമായ സാഹിത്യത്തോടു കൂടിയ സംഗീതരൂപമാണ് കീര്‍ത്തനം. ഇതില്‍ പല്ലവി, അനുപല്ലവി, ചരണം, അല്ലെങ്കില്‍ ഒന്നിലധികം ചരണങ്ങള്‍ ഇവകാണാം. ചില കീര്‍ത്തനങ്ങളില്‍ അനുപല്ലവി ഒഴിവായിക്കാണാറുണ്ട്. ഇതിന് സമഷ്ടിചരണം എന്നുപറയുന്നു. പല്ലവിയിലോ, അനുപല്ലവിയിലോ, ചരണത്തിലോ വാഗേയകാരമുദ്രകാണാറുണ്ട്. മുത്തുസ്വാമി ദീക്ഷിതര്‍, സ്വാതിതിരുനാള്‍, ശ്യാമശാസ്ത്രികള്‍ ത്യാഗരാജസ്വാമികള്‍ തുടങ്ങിയവര്‍ കീര്‍ത്തനങ്ങള്‍ രചിച്ചിട്ടുണ്ട്. തെലുങ്ക്, കന്നഡ തമിഴ് തുടങ്ങിയ പലഭാഷകളിലും കീര്‍ത്തനങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട്. ഭക്തി നിര്‍ഭരമായ കീര്‍ത്തനങ്ങളാണ് മിക്കതും.
മുന്‍പ് സൂചിപ്പിച്ച ജീവാത്മാ-പരമാത്മാ സങ്കല്പം ഭക്തി നിറഞ്ഞതാണ്. ത്യാഗരാജസ്വാമിയുടെയും , മീരാഭായിയുടെയും ഭക്തി ഏതാണ്ട് ഒരേ തലത്തിലുള്ള ശൃംഗാരരസ പ്രധാനമായ മധുരഭക്തിയാണ്. പക്ഷെ അവരുടെ ശൈലി രണ്ടും രണ്ടു തരത്തിലാണ്. ത്യാഗരാജ സ്വാമികളുടെ ഭക്തിനേരിട്ടുള്ള ഭക്തിയല്ല. മറ്റൊരു വ്യക്തിയിലൂടെയുള്ളതാണ്. ‘ജ്ഞാനമോസാഗരാദ’ എന്ന പൂര്വ്വികല്യാണിരാഗകൃതിയില് അദ്ദേഹം അത് സൂചിപ്പിക്കുന്നു.
‘പരമാത്മുടുജീവാത്മുടു
പതുനാലുകുലോകമുലു’
എന്നാല്‍ മീരാഭായി നേരിട്ടാണ് അവരുടെ ഭക്തി ഭഗവത് പാദങ്ങളില്‍ അര്‍പ്പിച്ചിരുന്നത്. ഒരുതികഞ്ഞ കൃഷ്ണ ഭക്തയായിരുന്ന മീരാഭായി വൈഷ്ണവിസത്തിന്റെ മാധുര്യഭാവം തുളുമ്പുന്ന ധാരാളം ഭജന്‍ രചിക്കുകയുണ്ടായി.
‘ഹരിമേരെജീവന്പ്രാണ്ആധാര്
ഔര്ആസരോനഹിംതുംബിന്
തീനോലോഗ്മഛാര്
ആപ്ബിനാമോഹേകച്ചുനസുഹായോ’
അതിനര്‍ത്ഥം ഭഗവാനേ നീയെന്റെ ആത്മാവും, ജീവനുമാണ്. ഈ മൂന്നു ലോകത്തിനും അധിപനായി അങ്ങ് മാത്രമേയുള്ളൂ. അശക്തയായ എനിക്ക് താങ്ങായി അങ്ങ് മാത്രമേയുള്ളൂ.
(നാളെ: ത്യാഗരാജസ്വാമികളും നവവിധ ഭക്തിയും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: