ചൈനയിലെ വുഹാനില്‍ കൊറോണ പടര്‍ന്നുപിടിക്കുമ്പോള്‍ത്തന്നെ നമ്മുടെ രാജ്യം വിഷയത്തെ ഗൗരവത്തിലാണ് കണ്ടത്. ഭയാനകമാം വിധം പടരാതിരുന്നതും അതുകൊണ്ടാണ്. സാര്‍ക് രാജ്യങ്ങളിലാകെ 150 പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. വിദേശത്ത് കുടുങ്ങിപ്പോയവരില്‍ 1400 പേരെ ഇതിനകം തിരികെ എത്തിക്കാന്‍ കഴിഞ്ഞെന്ന് സാര്‍ക്ക് രാജ്യത്തലവന്മാരുടെ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതിലൂടെ ഇന്ത്യയുടെ ജാഗ്രത വ്യക്തമാക്കുന്നു.
സംസ്ഥാനം ആദ്യം കാണിച്ച ജാഗ്രത പോലും മാതൃകയായിരുന്നു. വുഹാനില്‍ നിന്നെത്തിയ വിദ്യാര്‍ഥികളെയും ചൈന ബന്ധമുള്ളവരെയും നിരീക്ഷിക്കാനും ഐസൊലേഷനിലാക്കാനും ആരോഗ്യവകുപ്പിന് കഴിഞ്ഞു. അതുകൊണ്ട് തന്നെ അന്ന് രോഗം സമൂഹത്തിലേക്ക് എത്താതെ മൂന്നുപേരില്‍ ഒതുങ്ങി. എന്നാല്‍ രണ്ടാം ഘട്ടത്തില്‍ രോഗം സമൂഹത്തിലേക്ക് ആഴ്ന്നിറങ്ങിക്കഴിഞ്ഞു. അതിന് ഒരു പരിധി വരെ സംസ്ഥാന ആരോഗ്യവകുപ്പിന്റെ പിഴവുകളും ഉദാസീനതയും കാരണമായെന്ന് വ്യക്തമാക്കുന്ന സംഭവങ്ങളാണ് പുറത്ത് വരുന്നത്. ജനുവരി 29ന് ഇറ്റലിയില്‍ നിന്നും എത്തിയ പത്തനംതിട്ടയിലെ മൂന്നംഗ കുടുംബം നെടുമ്പാശ്ശേരിയില്‍ നിന്നും ആരോഗ്യവകുപ്പിന്റെ കണ്ണ് വെട്ടിച്ച് പുറത്ത് ചാടി. ഇറ്റലിക്കാരാണ് എന്നറിഞ്ഞില്ലെന്നും അവര്‍ സ്വമേധയാ വെളിപ്പെടുത്തിയില്ലെന്നുമാണ് ആരോഗ്യമന്ത്രി നല്കിയ വിശദീകരണം. രോഗബാധിത പ്രദേശങ്ങളില്‍ നിന്നെത്തുന്നവരെ 14 ദിവസം നിരീക്ഷിക്കണമെന്ന് ഫെബ്രുവരി 26ന് കേന്ദ്രസര്‍ക്കാര്‍ നല്കിയ നിര്‍ദ്ദേശം സംസ്ഥാനം ശ്രദ്ധിച്ചില്ലെന്ന ആരോപണമുണ്ട്. പത്തനംതിട്ടയില്‍ നിന്നും ഐസൊലേഷനിലുണ്ടായിരുന്ന യുവാവ് ചാടിപ്പോയി. പിന്നാലെ ആലപ്പുഴയില്‍ വിദേശ ദമ്പതികളും നിരീക്ഷണവലയം ഭേദിച്ചു.
തിരുവനന്തപുരം വെള്ളനാടുള്ള യുവാവ് തനിക്ക് രോഗലക്ഷണം ഉണ്ടെന്ന് വ്യക്തമാക്കിയിട്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ തയാറായില്ല. രോഗലക്ഷണത്തെ തുടര്‍ന്ന് ആരോഗ്യവകുപ്പിന്റെ ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജിലെത്തി. സ്രവങ്ങള്‍ പരിശോധനയ്ക്ക് നല്‍കിയിട്ടും ആംബുലന്‍സ് വിട്ടുനില്കാന് ആരോഗ്യവിഭാഗം തയാറായില്ല. ഓട്ടോറിക്ഷ പിടിച്ച് വീട്ടില്‍ പോകേണ്ടി വന്നു. രോഗം സ്ഥിരീകരിച്ച ശേഷമാണ് ആംബുലന്‍സില്‍ ഐസൊലേഷനിലേക്ക് മാറ്റിയത്. അതിനേക്കാള്‍ ഗുരുതരമായാണ് നിരീക്ഷണത്തിലുണ്ടായിരുന്ന പേട്ട സ്വദേശി തിരുവനന്തപുരം ജനറല്‍ ഹോസ്പിറ്റലിലെ ജനറല്‍ ഒപിയിലെത്തിയതും ഓട്ടോറിക്ഷയില്‍ നഗരം ചുറ്റിയതും. രോഗം മൂര്‍ച്ഛിച്ചതോടെയാണ് അയാളെയും മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. ഇതിനേക്കാള്‍ ഭീകരമായ അവസ്ഥയാണ് ആരോഗ്യവകുപ്പിന്റെയും ടൂറിസം വകുപ്പിന്റെയും അനാസ്ഥയില്‍ വര്‍ക്കലയില്‍ ഉണ്ടായത്. രോഗലക്ഷണങ്ങളുള്ള ഇറ്റാലിയന്‍ പൗരന് ഹോട്ടലില്‍ നിരീക്ഷണത്തില്‍ കഴിയവെ പങ്കെടുത്തത് നാലിലധികം ഉത്സവങ്ങളിലാണ്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന കശ്മീരി യുവാവിനെ ഇപ്പോഴും തെരയുകയാണ്. ഇറ്റാലിയന്‍ പൗരന്റെ റൂട്ട്മാപ്പ് പോലും കൃത്യമായി കണ്ടെത്താനായിട്ടില്ല. ഇതിനിടയില്‍ മെഡിക്കല്‍ കോളേജിലെ ഐസൊലേഷനില്‍ നിന്നും പുറത്ത് ചാടിയ ഹരിയാന സ്വദേശിയെ പോലീസ് ഓടിച്ചിട്ട് പിടിച്ചാണ് തിരികെയെത്തിച്ചത്.
എന്നാല്‍ ഇതിനെല്ലാം അപ്പുറം ഗുരുതരമായ വീഴ്ചയാണ് മൂന്നാറിലുണ്ടായത്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കെടിഡിസിയുടെ ഹോട്ടലില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ ബ്രിട്ടിഷ് പൗരനും 17 അംഗങ്ങളും നെടുമ്പാശ്ശേരിയിലെ വിമാനത്തിനുള്ളില്‍ എത്തി. കെടിഡിസിയുടെ ഉന്നതന് ഇടപെട്ട് ഇവര്‍ക്ക് പോകാന്‍ അനുമതി നല്‍കിയെന്നാണ് പുറത്ത് വരുന്നത്. ഇത്രയും സുസജ്ജമായ നിരീക്ഷണം ഏര്‍പ്പെടുത്തുന്നെന്ന് അവകാശപ്പെടുന്ന ആരോഗ്യവകുപ്പിന്റെ നിയന്ത്രണ വല ഭേദിക്കപ്പെടുന്നത് എങ്ങനെയെന്ന് ഗൗരവപൂര്‍വം ആലോചിക്കേണ്ട സമയം അധിക്രമിച്ചിരിക്കുന്നു. ടൂറിസം വകുപ്പിന്റെ പ്രവര്‍ത്തനവും ആശങ്കയുണ്ടാക്കുന്നു. വര്‍ക്കലയിലെ ഇറ്റാലിയന്‍ പൗരന് നിയന്ത്രണം ലംഘിച്ചിട്ടും നിരീക്ഷണത്തിലുള്ള വിദേശികളുള്ള ഹോട്ടലുകളില്‍ പ്രത്യേകം നിരീക്ഷണം നല്‍കിയിട്ടില്ലെന്ന് ഇതോടെ വ്യക്തമാണ്. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ റിസോര്‍ട്ടില്‍ എത്തുമ്പോഴേക്കും അവര്‍ കടന്നുകളഞ്ഞെന്നാണ് ആരോഗ്യമന്ത്രിയുടെ ബാലിശ വിശദീകരണം. ഇതെല്ലാം ജനങ്ങളെ ഭയപ്പാടിലാക്കിയിരിക്കുകയാണ്.
തലസ്ഥാനത്ത് പോലും ഹര്‍ത്താല്‍ പ്രതീതിയാണ്. ആയിരക്കണക്കിന് കോടികളുടെ നഷ്ടമാണ് സംസ്ഥാന സര്‍ക്കാരിന്റെയും പ്രത്യേകിച്ച് ആരോഗ്യവകുപ്പിന്റെയും അനാസ്ഥയില്‍ സംസ്ഥാനത്ത് ഉണ്ടാകുന്നത്. ഇനിയും പിഴവുകളുണ്ടാകുന്നത് അനുവദിക്കാനാകില്ല. രോഗ പ്രതിരോധത്തിന് സര്‍ക്കാരിനൊപ്പം നില്ക്കുന്ന ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തിയാല്‍ അത് വരുത്തിവയ്ക്കുന്ന വിനയെ താങ്ങാന്‍ കേരളത്തിനാകില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: